‘ബിഗ് ബോസ്’ തമിഴില്‍ കമല്‍ഹാസന് പകരം രമ്യാ കൃഷ്ണന്‍…?

കമല്‍ഹാസന്‍ ഇതുവരെ ഒരിക്കലും ‘ബിഗ് ബോസ് ഷോ’ തമിഴില്‍ തന്റെ എപിസോഡില്‍ എത്താതിരുന്നിട്ടില്ല. ഇത്തവണ കൊവിഡ് ബാധിതനായതിനാല്‍ വീഡിയോ കോള്‍ വഴിയെങ്കിലും കമല്‍ഹാസന്‍ ‘ബിഗ് ബോസ്’ വാരാന്ത്യ എപിസോഡ് അവതരിപ്പിച്ചേക്കും എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, കമല്‍ഹാസന്റ അഭാവത്തില്‍ ‘ബിഗ് ബോസ്’ അവതാരകയായി രമ്യാ കൃഷ്ണന്‍ എത്തിയേക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നാഗാര്‍ജുനയ്ക്ക് പകരമായി ഒരിക്കല്‍ ‘ബിഗ് ബോസ്’ അവതരിപ്പിച്ച പരിചയം രമ്യാ കൃഷ്ണന് തുണയാകുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ബിഗ് ബോസ് ഷോ’ അവതാരകരില്‍ ഏറെ ജനപ്രീതിയുള്ളയാളാണ് കമല്‍ഹാസന്‍. ബിഗ് ബോസിന്റെ മലയാളം എപ്പിസോഡില്‍ ഒരിക്കല്‍ കമല്‍ഹാസന്‍ അതിഥിയായി എത്തുകയും ചെയ്തിരുന്നു. ഷോ വളരെ രസകരമായി കൊണ്ടുപോകുന്നതില്‍ വിജയിച്ച അവതാരകനാണ് അദ്ദേഹം.

‘ബിഗ് ബോസ്’ തെലുങ്ക് എപിസോഡിലായിരുന്നു നാഗാര്‍ജുനയ്ക്ക് പകരം രമ്യാ കൃഷ്ണന്‍ എത്തിയത്. ഷോയുടെ നിയമ വശങ്ങള്‍ അറിയാവുന്ന ആളാണ് രമ്യാ കൃഷ്ണന്‍. എന്നാല്‍, ബിഗ് ബോസ് കമല്‍ഹാസന് പകരം രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ല.