Entertainment (Page 194)

ജയസൂര്യയെ നായകനാക്കി നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ‘ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്‌ളീന്‍ യു ചിത്രമെന്ന്’ നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഈശോ’, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെ.സി.ബി.സിയും നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും നല്‍കിയിരുന്നു.

എന്നാല്‍, ഹൈക്കോടതി ഹര്‍ജി തള്ളുകയും, സിനിമക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട്് ഇടപെടാനാകില്ലെന്നും വ്യക്തമാക്കി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലറാണ്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നവംബര്‍ 12ന് റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ 75 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. അഞ്ച് ദിവസം കൊണ്ട് ചിത്രം അമ്പത് കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ ചിത്രം മുപ്പത്തിഅയ്യായിരത്തിലധികം ഷോകളും പൂര്‍ത്തിയാക്കി. 75 കോടി ചിത്രം നേടിയതായി ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

”എല്ലാ പ്രേക്ഷകര്‍ക്കും നന്ദി. ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ റിലീസ് ചെയ്ത ചിത്രത്തെ നിങ്ങള്‍ പ്രേക്ഷകര്‍ സ്‌നേഹത്തോടെ സ്വീകരിച്ചു”, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രം 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് ആദ്യ ദിനം നടത്തിയത്. പലയിടത്തു0 12 മണിക്ക് ശേഷവും അധിക ഷോകള്‍ നടത്തുകയും ചെയ്തു. കേരളത്തിലെ തിയേറ്ററുകള്‍ പഴയ പോലെ സജീവമായിരിക്കുകയാണ് ദുല്‍ഖറിന്റെ കുറുപ്പിലൂടെ. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തിയേറ്റര്‍ റിലീസിലേക്ക് മാറിയത്. 35 കോടി ബജറ്റില്‍ ആണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിതിന്‍ കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും .

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും വിഷ്ണുവര്‍ദ്ധനും ആദ്യമായി ഒന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം മദ്ധ്യത്തില്‍ ചിത്രീകരണം ആരംഭിക്കും.

ലോകേഷ് കനകരാജിന്റെ വിക്രം പൂര്‍ത്തിയാക്കിയ ശേഷമാവും കമല്‍ഹാസന്‍ വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുക. ഒരു അധോലോക രാജാവിന്റെ കഥയാണ് കമല്‍ഹാസനുവേണ്ടി വിഷ്ണുവര്‍ദ്ധന്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്തോഷ് ശിവന്റെ ശിഷ്യനായി രംഗത്തു വന്ന വിഷ്ണുവര്‍ദ്ധന്‍ കുറുമ്പു എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അജിത്തിനെ നായകനായി ഒരുക്കിയ ബില്ല ഇരുവരുടെയും കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു. അജിത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബില്ലയിലെ അധോലോക നായകന്‍ ഡേവിഡ് ബില്ല. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത് അജിത്, നയന്‍താര, ആര്യ, തപ്സി പന്നു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ആരംഭവും മികച്ച വിജയം നേടി. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷേര്‍ഷയാണ് വിഷ്ണുവര്‍ദ്ധന്‍ അവസാനം സംവിധാനം ചെയ്തത്.

ദൃശ്യം 2 തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. വെങ്കിടേഷ് ദഗ്ഗുബാട്ടിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കൃതിക, എസ്തര്‍ അനില്‍, സമ്പത്ത് രാജ്, മീന, പൂര്‍ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം ദൃശ്യം ഒരുക്കിയ ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പും ഒരുക്കുന്നത്.

ആദ്യ സിനിമ കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. സുരേഷ് പ്രൊഡക്ഷന്‍സിന്റെയും മാക്സ് മൂവീസിന്റെയും രാജ്കുമാര്‍ തിയേറ്റേഴ്സിന്റെയും ബാനറില്‍ ഡി സുരേഷ് ബാബു, ആന്റണി പെരുമ്പാവൂര്‍, രാജ്കുമാര്‍ സേതുപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു.

ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ലോകം മുഴുവനുമായി റിലീസ് ചെയ്യുന്നത് 3300 സ്‌ക്രീനുകളില്‍. റിലീസ് ദിവസം തന്നെ ഏകദേശം 50 കോടിയോളം രൂപയുടെ ബിസിനസ്സ് ഈ ചിത്രം നടത്തുമെന്നാണ് തിയേറ്ററുമായി ഒപ്പു വെച്ച കരാറുകള്‍ കാണിക്കുന്നത്. മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമാണിത്.

12,700 ഇല്‍ കൂടുതല്‍ ഷോകള്‍ ആണ് ആദ്യ ദിനം മരക്കാര്‍ കളിക്കുക. കേരളത്തില്‍ 600 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. നാലു ഷോ വീതം പരിഗണിച്ചാല്‍ പോലും 25 ലക്ഷത്തിലേറെ പേര്‍ ആദ്യദിവസം സിനിമ കാണും. ഇതില്‍ നിന്നായി 50 കോടിയോളം രൂപ യുടെ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കു പുറത്തു 1500 ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. നവംബര്‍ മുപ്പതു വരെ ചിത്രത്തിന്റെ ചാര്‍ട്ടിങ് നടക്കും എന്നതാണ് കാരണം.

കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ചൈനീസ് ബന്ധമുള്ള കഥാപാത്രമാണ്. അതുകൊണ്ടു തന്നെ ചൈനീസ് വംശജരുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ സിനിമക്ക് കൂടുതല്‍ മാര്‍ക്കറ്റുണ്ട്.

യുവ താരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ജാന്‍.എ.മന്‍’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കുമാര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

movie

‘അജഗജാന്തരം’ ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം.’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും, വിനീത് വിശ്വവും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസിനു പുറമെ അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്ലീഷ് എന്നിവരും വേഷമിടുന്നുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹകന്‍ ആകുന്ന ചിത്രത്തില്‍ ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റര്‍.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സേതുരാമയ്യര്‍ സിബിഐ യുടെ അഞ്ചാം പതിപ്പ്. 1988 ല്‍ പുറത്ത് ഇറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പ് എന്ന വന്‍ വിജയ ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും എത്തി. പുറത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയവമായിരുന്നു . ചിത്രങ്ങളും ഈ വിജയം തന്നെയാണ് അഞ്ചാംഭാഗത്തിന് വേണ്ടിയുള്ള പ്രേക്ഷക പ്രതീക്ഷ കൂട്ടുന്നതും.

ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാസ്‌ക്കറ്റ് കില്ലിങ്ങിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നതെന്നും എസ്എന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതുവരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്നും എസ് എന്‍ സ്വാമി അഭിമുഖത്തില്‍ പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേതെന്നും അറിയുന്നു. ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികള്‍ തന്നെയാകും ചിത്രത്തിന്റെ മികവെന്നും സംവിധായകന്‍ കെ മധു നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നവംബര്‍ 29 ന് തുടങ്ങുമെന്നാണ്‌ ഏറ്റവും പുതിയ വിവരം. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് എസ് എന്‍ സ്വാമി തന്നെയാണ് . സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ്.

film

ഈ വര്‍ഷം ക്രിസ്മസ് റിലീസായി ഏഴ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ നാലെണ്ണം തിയേറ്ററുകളിലൂടെയും മൂന്ന് ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പുഷ്പ , തുറമുഖം, മ്യാവൂ, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളാണ് ക്രിസ്മസ് പ്രമാണിച്ച് ഡിസംബര്‍ അവസാനം തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍. മിന്നല്‍ മുരളി, കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നിവയാണ് ക്രിസ്മസ് കാലത്തെ ഒ.ടി.ടി ചിത്രങ്ങള്‍.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പ ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരുങ്ങുന്നുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.

നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത്, ജോജു, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആര്‍. ആചാരി, ദര്‍ശന രാജേന്ദ്രന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരയെ അണിനിരത്തി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ രചന നിര്‍വഹിക്കുന്നത് ഗോപന്‍ ചിദംബരമാണ്.

നവാഗതനായ മാത്തുക്കുട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന കുഞ്ഞെല്‍ദോയിലെ പ്രധാന താരങ്ങള്‍ ആസിഫ് അലിയും ഗോപിക ഉദയനും സിദ്ദിഖുമാണ്. വിനീത് ശ്രീനിവാസനാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

മംമ്ത മോഹന്‍ദാസിനെയും സൗബിന്‍ ഷാഹിറിനെയും നായികാനായകന്മാരാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മ്യാവൂവിലെ മറ്റൊരു പ്രധാന കഥാപാത്രം ഡയാന എന്ന് പേരുള്ളൊരു പൂച്ചയാണ്. സലിംകുമാറും ഹരിശീ യൂസഫും ഒരു റഷ്യന്‍ താരവുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ വരുന്നത്.

ദിലീപ് – നാദിര്‍ഷ ടീമൊന്നിക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ഒ.ടി.ടിയിലെ മറ്റൊരു ക്രിസ്മസ് റിലീസ്. ദിലീപ് അറുപതുകാരന്റെ വേഷമവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിയാണ് നായിക. സജീവ് വാഴൂരിന്റേതാണ് രചന.

ഗോദയ്ക്കു ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന മിന്നല്‍ മുരളി ക്രിസ്മസിന് നെറ്റ് ഫ്‌ളക്‌സില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ഈശോയും ക്രിസ്മസിന് ഒ.ടി.ടി റിലീസായെത്തുന്നുണ്ട്. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായിക.

ദുബായ്: കേരളത്തിലെ നിരാലംബരായ വനിതകൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാവൽ എന്ന സിനിമയെന്ന് നടൻ സുരേഷ് ഗോപി. വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാടു പെൺകുട്ടികൾ കേരളത്തിൽ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെയെല്ലാവരെയും സംരക്ഷിക്കാൻ സാധിക്കുമെന്നല്ല പറയുന്നത്. എങ്കിലും അവർക്കൊക്കെ കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വിശദമാക്കി. കാവൽ റിലീസിനോടനുബന്ധിച്ച് ദുബായിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവൽ അവർക്ക് പ്രതീക്ഷകൾ നൽകും. കാവൽ ഏപ്രിലിൽ പൂർത്തിയാക്കി സെൻസറിങ്ങും കഴിഞ്ഞ് തീയറ്റർ തുറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. തീയറ്ററിൽ കാണേണ്ട സിനിമയാണിതെന്നും തീയറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഈ ചിത്രം ആരും കാണില്ലെന്നും നിർമാതാവ് ജോബി ജോർജ് കഴിഞ്ഞ ജൂണിൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് താഴേത്തട്ടിലുള്ള ജോലിക്കാർക്ക് മുതൽ തിയറ്റർ ഉടമകൾക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിർമിക്കുന്ന ചിത്രങ്ങൾ അത്തരത്തിലുള്ള സാമ്പത്തിക ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ളവയാണ്. തീയറ്ററുകളോടൊപ്പം ഒടിടിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. സിനിമയൊഴിച്ചുള്ള വിഷയങ്ങൾക്ക് മറുപടി പറയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം വാർത്താ സമ്മേളനം ആരംഭിച്ചത്.

അതേസമയം കസബ’ എന്ന ചിത്രത്തിൽ നാം സാധാരണ ജീവിതത്തിൽ പറയാറുള്ള ചീത്ത വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ചുരുളിയിലെ സംഭാഷണങ്ങൾ വിവാദമായതിനെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും കാവലിന്റെ സംവിധായകൻ നിതിൻ രൺജി പണിക്കർ വ്യക്തമാക്കി.

തന്റെ രണ്ടാമത്തെ ചിത്രമായ കാവൽ ഒരു ഫാമിലി ഡ്രാമ ആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും കാവലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബർ 25 വ്യാഴാഴ്ച്ചയാണ് കാവൽ റിലീസ് ചെയ്യുന്നത്.