പനാജി: 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി ജപ്പാനീസ് ചിത്രം റിങ് വാൻഡറിങ്ങ്. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മാംഗ കലാകാരനാവാൻ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ചിത്രമാണ് റിങ് വാൻഡറിങ്ങ്. മികച്ച സംവിധായകനുള്ള രജതമയൂരം കരസ്ഥമാക്കിയത് വാക്ലേവ് കാണ്ട്രാൻങ്കയാണ്. സേവിങ് വൺ ഹു വാസ് ഡെഡ് എന്ന ചിത്രത്തിനാണ് അദ്ദേഹം പുരസ്‌കാരം നേടിയത്.
മികച്ച നടനായി ജിതേന്ദ്ര ജോഷി തെരഞ്ഞെടുക്കപ്പെട്ടു. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ആഞ്ചലീന മൊളിനയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഷാർലെറ്റിലെ അഭിനയത്തിനാണ് ആഞ്ചലീനയ്ക്ക് ഈ നേട്ടം ലഭിച്ചത്. മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കുന്നത്. ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമാതാവ് സ്റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങളാണ് അന്താരാഷ്ട്രമേളയിൽ പ്രദർശിപ്പിച്ചത്. ഒൻപത് ദിവസങ്ങളിലാണ് മേള നടന്നത്. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. ഹോമേജ് വിഭാഗത്തിൽ നടൻ നെടുമുടി വേണുവിന്റെ മാർഗം പ്രദർശിപ്പിച്ചു. റിട്രോസ്പെക്ടീവ് വിഭാഗത്തിൽ റഷ്യൻ സംവിധായകൻ ആന്ദ്രേ കൊഞ്ചലോവ്സ്‌കി, ഹംഗേറിയൻ സംവിധായകൻ ബെല ടാർ എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. സ്പെഷ്യൽ ട്രിബ്യൂട്ട് വിഭാഗത്തിൽ മൺമറഞ്ഞ ഹോളിവുഡ് താരം ഷോൺ കോണറിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദർശനത്തിയിരുന്നു.

