‘ചുരുളി’ സിനിമയുടെ പ്രദര്‍ശനത്തില്‍ നിയമലംഘനം നടന്നതായി തോന്നുന്നില്ലെന്ന് ഹൈക്കോടതി

ചുരുളി സിനിമയുടെ പ്രദര്‍ശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലന്ന് ഹൈക്കോടതി. എന്നാല്‍, അങ്ങനെ നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ച് കൂടുതലറിയാന്‍ ഹൈക്കോടതി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണന്നും ഹര്‍ജി പരിശോധിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ല. ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

ചിത്രം പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതാണന്നും ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്.