Entertainment (Page 181)

നടിയെ അക്രമിച്ച കേസില്‍ നടിയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്നതിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വര്‍ക്കുകള്‍ ഇല്ലാതയായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് രഞ്ജു.

രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍

‘എന്റെ മകള്‍ക്ക്,

നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാന്‍ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ. പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്. അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ എന്നെ വിളിക്കാതായി, വര്‍ക്കുകള്‍ മുടക്കാന്‍ തുടങ്ങി, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഞാന്‍ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു.

നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ടാ. ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല, കുറെ നാളുകള്‍ക്കു ശേഷം നമ്മള്‍ കാണാം എന്ന് പറഞ്ഞ ആ ദിവസം. ചാനലുകളില്‍ വാര്‍ത്ത വന്നു നിറയുമ്പോള്‍ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാന്‍ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാര്‍ഥന. love you my പോരാളി, ഇതില്‍ നിനക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഇവിടെ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ല എന്നുറപ്പിക്കാം. കേരള Govt, ലും Indian നീതിന്യായത്തിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം.’

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, ബാബുരാജ്, ആര്യ, സംവിധായകന്‍ ആഷിക് അബു ഡബ്യുസിസി അംഗങ്ങളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് സഹപ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നടിയുടെ കുറിപ്പ്

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാന്‍. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.’

സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’ എല്ലാ മേഖലകളിലും തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒരു വാര്‍ണിങ് പരസ്യമാണ് ശ്രദ്ധനേടുന്നത്. സ്പീഡില്‍ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന്‍ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മിന്നല്‍ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട്. ഈ ഉപകരണം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും. അത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് റിയല്‍ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷര്‍ട്ടു നല്‍കും.

‘മിന്നല്‍ മുരളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ’ എന്ന് കുറിച്ചു കൊണ്ടാണ് ടൊവിനോ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മിന്നല്‍ തരംഗം, ആരും ഇനി മിന്നല്‍ ആകരുത്, എന്നിങ്ങനെ വിവിധ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

മലയാളത്തിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന് പെപ്പെ. പെപ്പെയുടെ ഏത് കഥാപാത്രമെടുത്താലും ഒരു റോ ആക്ഷന്‍ സ്റ്റൈലുണ്ട്, എന്നാല്‍, അത്തരം കഥാപാത്രങ്ങള്‍ക്ക് തല്‍ക്കാലംഒരു ബ്രേക്ക് കൊടുത്തിരിക്കുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍.

ആന്റണിയുടെ വാക്കുകള്‍

”എല്ലാത്തരം സിനിമകളും ചെയ്യാന്‍ താല്‍പര്യമുള്ളയാളാണ് ഞാന്‍. മനപ്പൂര്‍വ്വം റോ ആക്ഷന്‍ സിനിമകള്‍ മാത്രം അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് തേടി വരുന്ന സിനിമകളില്‍ നിന്നും നല്ലതു നോക്കി അഭിനയിക്കുന്നു എന്നു മാത്രം. റോ ആക്ഷന്‍ സിനിമകള്‍ ചെയ്യുക കുറച്ചധികം കഷ്ടപ്പാടുള്ള കാര്യമാണ്. ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ് വീഡിയോയെല്ലാം കണ്ടിട്ടുണ്ടാകുമല്ലോ. പരിക്കു പറ്റും എന്നത് നൂറ് ശതമാനം ഉറപ്പാണ്. അജഗജാന്തരത്തിന്റെ ഷൂട്ടിന്റെ 49 ദിവസം രാത്രിയായിരുന്നു. അതില്‍ 23 ദിവസവും സംഘട്ടനമാണ് ഷൂട്ട് ചെയ്തത്. പല ഷോട്ടുകളും ഒരുപാട് റീടേക്കുകള്‍ വേണ്ടി വന്നു.

ഓരോ ദിവസവും ഷൂട്ട് കഴിയുമ്പോഴേക്കും ആകെ അവശനാകും. പക്ഷെ സിനിമയോടുള്ള ഇഷ്ടവും ആവേശവും കാരണമാണ് ഞാനീ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത്. എന്നാല്‍, ഇനി ചെയ്യാന്‍ പോകുന്ന സിനിമകള്‍ ഇതുവരെ ചെയ്ത സിനിമകള്‍ പോലെ രാത്രിയും റോ ആക്ഷനുമൊന്നിമില്ലാത്തവയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്ന ചിത്രവും ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രവുമൊക്കെ അജഗജാന്തരത്തിന്റെയോ ജെല്ലിക്കെട്ടിന്റെയോ രീതി ആയിരിക്കില്ല. മുന്‍വിധികളൊന്നുമില്ലാതെ നല്ല സിനിമ ഏത് വന്നാലും അഭിനയിക്കും. അതാണ് എന്റെ പോളിസി.”

ഒടിടിയിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ഈ മാസം 21 മുതല്‍ ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം നടത്തുക.

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളില്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. മികച്ച ചിത്രം. തിരക്കഥാകൃത്ത്, ശബ്ദരൂപകല്‍പ്പന എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരങ്ങള്‍.

‘ജപ്പാനില്‍ നിന്നു തന്നെയുള്ള ചില ഫിലിം ഏജന്റ്‌സ് ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നുണ്ടായിരുന്നു. പ്രാദേശിയ ഫിലിം ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നവരെയൊക്കെ അവര്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാവാം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് സിനിമയെക്കുറിച്ച് റെഫറന്‍സ് കിട്ടുന്നത്. അങ്ങനെയൊരു റെഫറന്‍സ് വഴിയാണ് ഒരു ക്യുറേറ്റര്‍ വഴി ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. ഇതെല്ലാം പരസ്പരം കണക്റ്റഡ് ആണ്’, നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഗോളതലത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടി ജൈത്രയാത്ര തുടരുകയാണ് സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’. നെറ്റ്ഫ്‌ലിക്‌സിന്റെ ഗ്ലോബല്‍ ഹിറ്റ് ലിസ്റ്റിലും മിന്നല്‍ മുരളി ഇടം നേടിയിട്ടുണ്ട്. സിനിമ കണ്ട് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നേരിട്ട് ടൊവിനോ തോമസിനെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

‘ഒടുവില്‍ ഇന്നലെ രാത്രി മിന്നല്‍ മുരളി കാണാനുള്ള അവസരം ലഭിച്ചു, ഒരുപാട് രസിച്ചു. വളരെ സമര്‍ത്ഥമായി നിര്‍മ്മിക്കുകയും വിനോദത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഒരു ക്ലട്ടര്‍ ബ്രേക്കര്‍ സൂപ്പര്‍ഹീറോ ചിത്രം. നിങ്ങളും അവിശ്വസനീയമായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍. സന്തോഷം,’- കരണ്‍ ജോഹര്‍ ടൊവിനോക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ കുറിക്കുന്നു.

‘ഇതുപോലുള്ള സന്ദേശങ്ങള്‍! എല്ലാ മുക്കിലും മൂലയിലും നിന്ന് ലോകം മുഴുവന്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുന്നത് എല്ലായ്പ്പോഴുമുള്ള ഒന്നല്ല. പ്രത്യേകിച്ചും കരണ്‍ ജോഹറിനെ പോലെയുള്ള, നിരവധി എന്റര്‍ടെയ്‌നറുകള്‍ നല്‍കിയിട്ടുള്ള ഒരു പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ഞങ്ങളുടെ ജോലിയെ അഭിനന്ദിക്കുമ്പോള്‍, അത് തീര്‍ച്ചയായും അതിശയകരമായി തോന്നുന്നു. നിങ്ങള്‍ സിനിമ എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങളെ അറിയിച്ചതിന് നന്ദി സര്‍! നിങ്ങള്‍ ഇത് നന്നായി ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം,’ എന്ന കുറിപ്പോടെ ടൊവിനോ തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയയില്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ജോസ്. മമ്മൂട്ടിയും ദിവ്യ ഉണ്ണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രമാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമ.

എന്നാല്‍, ദിവ്യക്ക് പകരം മഞ്ജു വാര്യര്‍ ആയിരുന്നു നായിക ആകേണ്ടിയിരുന്നതെന്നും ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ ജോസ് ഇപ്പോള്‍. ‘എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു’- വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറയുന്നു.

അതേസമയം, മമ്മൂട്ടി എങ്ങനെയാണ് ഈ ചിത്രത്തിലെത്തിയതെന്നും ലാല്‍ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടി ഇങ്ങോട്ട് പറഞ്ഞെന്നാണ്‌ ലാല്‍ജോസ് വെളിപ്പെടുത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ നായകന്‍ ആക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞതായും സംവിധായകന്‍ പറഞ്ഞിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന ‘ചുരുളി’ യിലെ ഭാഷയില്‍ വലിയ വിവാദമാണ് സോഷ്യല്‍ മീഡിയകളിലും സമൂഹത്തിലും ഉണ്ടായിട്ടുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി വരെ സമര്‍പ്പിച്ച സംഭവവും ഈ ചിത്രത്തിനെ സംബന്ധിച്ച് ഉണ്ടായി. അതേസമയം ദിലീഷ് പോത്തന്റെ ജോജിയിലും ഇതേ കാരണം കൊണ്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ ഉപയോഗിച്ച അത്തരം ഭാഷയെ കുറിച്ച് പറഞ്ഞ്
സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘സമൂഹത്തിലുള്ള കാര്യങ്ങള്‍ തന്നെയാണിത്. ഇത്തരം വാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല. താല്‍പര്യമില്ലാത്തവര്‍ ഇത്തരം സിനിമകള്‍ കാണാതിരിക്കുക എന്നതാണ് അതിനുള്ള പരിഹാരം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം കഴിഞ്ഞാല്‍ അതേകുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാമല്ലോ. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ധാരണയോടെയായിരിക്കും പ്രേക്ഷകര്‍ സിനിമ കാണാന്‍ ഇരിക്കുക. ഞാന്‍ ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെ മാറ്റി നിര്‍ത്തേണ്ട പദങ്ങളാണ് അവയെന്ന് തോന്നുന്നില്ല. അത്തരം സിനിമകള്‍ ഉണ്ടാകണം’- ദിലീഷ് പോത്തന്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ച ദിവസം തന്നെയാണ് ദിലീപും കുടുംബവുമടങ്ങുന്ന വനിതയുടെ കവര്‍ പേജ് പുറത്ത് വന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ബോളിവുഡില്‍ നിന്നും വനിതയുടെ നിലപാടിനെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്. ‘2017-ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാഗസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു.’- അവര്‍ ട്വീറ്റ് ചെയ്തു.

ട്രോള്‍ ഗ്രൂപ്പുകളിലും വനിത കവറിനെതിരെ പോസ്റ്റുകള്‍ വരുന്നുണ്ട്. ഇങ്ങനെ വന്നാല്‍ പല കുറ്റവാളികളുടെയും കവറുകള്‍ ഇതുപോലെ ചെയ്യും എന്നാണ് ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകള്‍. അതേസമയം, വനിത കവറിനെ പിന്തുണച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

തുടര്‍ച്ചയായുള്ള രണ്ട് ഗംഭീര റിലീസുകള്‍ക്ക് ശേഷം മലയാള സിനിമാ പ്രേമികള്‍ക്കായി ‘ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളം’ എന്ന പുതിയ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഈയടുത്തായി ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ നിവിന്‍ പോളി നായകനായ കനകം കാമിനി കലഹവും, ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ നാഥനും സിനിമാസ്വാദകര്‍ സ്വീകരിച്ചു കഴിഞ്ഞു.

മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളേക്കാള്‍ വൈകിയാണ് ഡിസ്‌നി+ഹോട്ട്സ്റ്റര്‍ മലയാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചതെങ്കിലുംവളരെ പെട്ടെന്ന് തന്നെ സബ്‌സ്‌ക്രിപ്ഷനിലും കാഴ്ചക്കാരിലും വന്‍ കുതിപ്പ് നേടാന്‍ ഹോട്ട്‌സ്റ്റാറിന് കഴിഞ്ഞു. ഈ വിജയത്തിന് പുറകെയാണ് സമൂഹ മാധ്യമങ്ങളായ യൂട്യുബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും കമ്പനി അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്നത്.

ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമയുടെയും വെബ് സീരീസുകളുടെയും റിലീസ് വിശേഷങ്ങളെല്ലാം ഈ ചാനലുകളിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക. ‘ഡിസ്‌നി ഡേ’ ആയ നവംബര്‍ 12ന് അര്‍ദ്ധരാത്രി 12 മണിക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയത്.