Entertainment (Page 104)

2022ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പണം വാരിയ ചിത്രമായി അവതാര്‍ ദി വേ ഓഫ് വാട്ടര്‍. ഡിസംബര്‍ 18ന് റിലീസായ ചിത്രം ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 2022 ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും പണം വാരിയ പടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ ആഗോള ബോക്സ് ഓഫീസില്‍ ‘ടോപ്പ് ഗണ്‍: മാവെറിക്കിനെ’ പിന്തള്ളിയാണ് 2022-ല്‍ പുറത്തിറങ്ങിയ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.

ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ കണക്കുകള്‍ അനുസരിച്ച്, ബുധനാഴ്ച വരെ യുഎസില്‍ 454 മില്യണ്‍ ഡോളര്‍ കളക്ഷന്‍ അവതാര്‍ രണ്ടാംഭാഗം നേടി. ഒപ്പം തന്നെ അന്താഷ്ട്ര ബോക്‌സോഫീസില്‍ 1 ബില്യണ്‍ കവിഞ്ഞു. മൊത്തത്തില്‍ ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 1.51 ബില്ല്യണ്‍ എന്ന തുക കടന്നു. ഇതോടെ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എക്കാലത്തെയും മികച്ച വരുമാനം നേടിയ 10-മത്തെ ചിത്രമായി മാറി. കൊവിഡ് കാലത്തിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’. സ്പൈഡര്‍മാന്‍: നോ വേ ഹോം ആണ് ഒന്നാം സ്ഥാനത്ത്. 2021 ല്‍ റിലീസായ ഈ ചിത്രത്തിന് 1.916 ബില്യണ്‍ ഡോളറാണ് കളക്ഷന്‍ ലഭിച്ചത്.

പാരാമൗണ്ട് പ്രൊഡ്യൂസ് ചെയ്ത ‘ടോപ്പ് ഗണ്‍: മാവെറിക്ക്’ 2022 മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്. ടോം ക്രൂസിന്റെ ഈ എവിയേഷന്‍ ആക്ഷന്‍ ചിത്രം ആഗോളതലത്തില്‍ 1.49 ബില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്. ആദ്യവാരത്തില്‍ സിനിമ ലോകത്തിന് വലിയ പ്രതീക്ഷകള്‍ അല്ല ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എന്ന ചിത്രത്തെക്കുറിച്ച് ഉണ്ടായത്. 77 മില്യണ്‍ ആയിരുന്നു ആദ്യ ദിനത്തെ കളക്ഷന്‍. എന്നാല്‍ പിന്നീട് ക്രിസ്മസ് അവധിക്കാലത്ത് ചിത്രം കുതിച്ച് കയറി. ന്യൂ ഇയര്‍കാലത്ത് പണ്ടോറയിലെ വിസ്മയം കാണാന്‍ ആളുകള്‍ ഇടിച്ചുകയറിയതോടെ കണ്ണടച്ച് തുറക്കും മുന്‍പാണ് കളക്ഷന്‍ മാറി മറിഞ്ഞത്.

ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമായ പഠാനിലെ ബഷറം രംഗ് എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണമടക്കം ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നതിന് പിന്നാലെ തന്നെ സെന്‍സര്‍ നടപടി സംബന്ധിച്ചുണ്ടായ അവ്യക്തതകളും ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വിവാദ ഗാനത്തിലടക്കം ആകെ പത്ത് കട്ടുകള്‍ നിര്‍ദേശിച്ചാണ് സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായത്. ഇതില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ് എന്ന പദപ്രയോഗം അടക്കം ഉള്‍പ്പടുന്നതായാണ് റിപ്പോര്‍ട്ട്. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി സിബിഎഫ്‌സി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണ രംഗങ്ങളാണ്. റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്), പിഎംഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്) ,അശോക് ചക്ര, മിസിസ് ഭാരത് മാത എന്നീ വാക്കുകളാണ് ഒഴിവാക്കുകയോ പകരം വാക്കുകള്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുള്ളത്. ഗാനത്തിലെ ബിക്കിനിയുടെ ക്‌ളോസ് അപ്പ് ഷോട്ടുകളും അര്‍ദ്ധനഗ്‌നത വെളിവാക്കുന്ന ഷോട്ടുകളും ഒഴിവാക്കാനായി സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ബഹുത് ടംഗ് കിയാ എന്ന വരികള്‍ വരുമ്‌ബോഴത്തെ നൃത്ത ചലനവും ഒഴിവാക്കാന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീക്കേണ്ട ഷോട്ടുകളുടെ സമയദൈര്‍ഘ്യം എത്രയെന്ന് ബോര്‍ഡ് അറിയിച്ചിട്ടില്ല.

സിന്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പഠാനില്‍ ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, എന്നിവരും അഭിനയിക്കുന്നു. ചിത്രം ജനുവരി 25-നാണ് തിയേറ്ററുകളിലെത്തുക.

ലക്‌നൗ: ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിനെ ഒരു ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായി മാറ്റണമെന്ന പദ്ധതിയുടെ ഭാഗമായാണ് ബോളിവുഡിലെ പ്രമുഖരെ യോഗി ആദിത്യനാഥ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. സിനിമകള്‍ നിര്‍മ്മിക്കാന്‍ സുരക്ഷിതമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നും യുപിയില്‍ വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ 50 ശതമാനം സബ്‌സിടി നല്‍കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

‘ചലച്ചിത്ര മേഖലയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് രണ്ട് എംപിമാരുണ്ട്. ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിലും സിനിമ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയര്‍ന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (IFFI) ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തിന് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനത്തിന് മികച്ച കണക്റ്റിവിറ്റിയുണ്ട്. യുപി സര്‍ക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് സംസ്ഥാനത്ത് ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ അതിന് 50 ശതമാനം സബ്സിഡി ഉണ്ടായിരിക്കും. അതുപോലെ, സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്സിഡി നല്‍കും’ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

നിര്‍മ്മാതാവ് ബോണി കപൂര്‍, ഗോരഖ്പൂര്‍ ലോക്‌സഭാ എംപിയും നടനുമായ രവി കിഷന്‍, ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ നിര്‍ഹുവ, പിന്നണി ഗായകരായ സോനു നിഗം , കൈലാഷ് ഖേര്‍, നടന്‍ സുനില്‍ ഷെട്ടി, ചലച്ചിത്ര നിര്‍മ്മാതാക്കളായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര് ഭണ്ഡാര്‍ക്കര്‍, രാജ്കുമാര്‍ സന്തോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക തനിക്കെതിരെ പരാതി നല്‍കിയ വാര്‍ത്തയില്‍ പ്രതികരണവുമായി യൂട്യൂബര്‍ അശ്വന്ത് കോക്ക്. ആറാട്ട് എന്ന ചിത്രം പരാജയപ്പെട്ടതിനുശേഷം ബി ഉണ്ണികൃഷ്ണന് തന്നോട് വെറുപ്പ് ഉണ്ടായതായി അശ്വന്ത് കോക്ക് പറയുന്നു. ആറാട്ടിനെതിരെ നല്‍കിയ മോശം റിവ്യൂ ആണ് വെറുപ്പിന് കാരണമെന്നും, അതിന് പിന്നാലെ, ഡി.വൈ.എഫ്.ഐ നേതാക്കളെ വിട്ട് ഉണ്ണികൃഷ്ണന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അശ്വന്ത് വ്യക്തമാക്കുന്നു.

‘ഉദയകൃഷ്ണ തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനെതിരെയും ഞാന്‍ റിവ്യൂ നല്‍കി. ഈ റിവ്യൂവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇത് ഫേസ്ബുക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു കളഞ്ഞു. ഇപ്പോഴും യൂട്യൂബില്‍ ആ വീഡിയോ കാണാം. ഉണ്ണികൃഷ്ണനെ ഉക്രി എന്ന് വിളിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത്. തുടര്‍ന്ന് നാട്ടിലെ ഡിവൈഎഫ്ഐ നേതാക്കള്‍ മുഖേന സിനിമ റിവ്യൂ അവസാനിപ്പിക്കണം എന്നും അല്ലാത്തപക്ഷം ഹൈക്കോടതിയില്‍ അപകീര്‍ത്തിപ്പെടുത്തലിന് കേസ് ഫയല്‍ ചെയ്യുമെന്നും അറിയിച്ചു. അധ്യാപക ജോലി ആയതുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ജോലി നഷ്ടപ്പെട്ടാലും അഭിപ്രായം പറയുന്നത് തുടരും. ഈ ഉണ്ണികൃഷ്ണന്‍ വലിയ അസഹിഷ്ണുത ഉള്ള വ്യക്തിയാണ്. ഏകാധിപത്യ സ്വഭാവമുള്ള ആളാണ് അദ്ദേഹം. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ , റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ ജോസ് നാദിര്‍ഷ തുടങ്ങിയവര്‍ക്കെല്ലാം ഇത്തരത്തിലുള്ള അസ്വസ്ഥത ഉണ്ട്. ഇവരുടെയൊക്കെ സിനിമ മോശമാകാനുള്ള കാരണം തന്റെ റിവ്യൂ അല്ല. സിനിമയുടെ ഉള്ളടക്കം മോശമായതു കൊണ്ടാണ് വിജയിക്കാതെ പോകുന്നത്. കഴിഞ്ഞ വര്‍ഷം വലിയ ഹിറ്റായി മാറിയ ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് മോശം റിവ്യൂ പറഞ്ഞ വ്യക്തിയാണ് ഞാന്‍. പക്ഷേ ആ സിനിമ വലിയ ഹിറ്റായി. റിവ്യൂ അല്ല ഒരു സിനിമ പരാജയപ്പെടാനുള്ള കാരണം. അമല്‍ നീരദ് , ലിജോ ജോസ് പല്ലശ്ശേരി തുടങ്ങിയ യുവ തലമുറയില്‍ പെട്ട സംവിധായകര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. അവര്‍ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ ബീ ഉണ്ണികൃഷണന്‍ ശ്രമിക്കുന്നത് പഴയ മാടമ്ബിത്തരം ഉപയോഗിച്ച് എതിര്‍ത്തു തോല്‍പ്പിക്കാനാണ്. ഇപ്പോള്‍ തനിക്കെതിരെ പരാതി നല്‍കാനുള്ള കാരണം ഫെഫ്ക നിര്‍മ്മിച്ച കാപ്പ എന്ന ചിത്രത്തിനെതിരെ മോശം റിവ്യൂ നല്‍കിയതാണ്. ഇത് താന്‍ നിയമപരമായി നേരിടും’- അശ്വന്ത് അറിയിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്ക്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് സിനിമാസ്വാദകരുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്. എന്നാല്‍, ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തിയ്യതി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്ബനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക.

ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61)അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്.

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തില്‍ ബിരുദം നേടിയ ബിയാര്‍ പ്രസാദ്, പിന്നീട് ടെലിവിഷന്‍ അവതാരകനായാണ് ശ്രദ്ധ നേടുന്നത്. 2003-ല്‍ മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയില്‍ എത്തുന്നത്. പ്രസാദ് ആദ്യം ഗാനരചന നടത്തിയ ചിത്രം സീതാകല്യാണം ആയിരുന്നെങ്കിലും അത് കിളിച്ചുണ്ടന്‍ മാമ്പഴത്തിന് ശേഷമാണ് റിലീസായത്.

‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ബിയാര്‍ പ്രസാദ് രചിച്ചിട്ടുണ്ട്. ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് ബീയാര്‍ പ്രസാദ് ഗാനരചന നിര്‍വഹിച്ചു. സിനിമകള്‍ കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ പ്രഭാത പരിപാടിയായ സുപ്രഭാതത്തിന്റെ അവതാരകനായി ഏറെക്കാലം മിനിസ്‌ക്രീനിലും അദ്ദേഹം തിളങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സനിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

ഡിസംബര്‍ 30ന് റിലീസ് ചെയ്ത ഉണ്ണിമുകുന്ദന്‍ നായകനായ ചിത്രം മാളികപ്പുറത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും നല്‍കുന്ന പോസിറ്റീവ് റിവ്യൂവായിരുന്നു ശേഷിക്കുന്നവരെയും സിനിമ കാണാന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് മാളികപ്പുറത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

യുഎഇ, ജിസിസി രാജ്യങ്ങളില്‍ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തമിഴ്, തെലുങ്ക്, പതിപ്പുകളും ഉടന്‍ റിലീസ് ചെയ്യും. ജനുവരി ആറിനാണ് ഇതരഭാഷകളില്‍ മാളികപ്പുറം റിലീസ് ചെയ്യുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളൈ രചിച്ച ചിത്രമാണ് മാളികപ്പുറം. ബാലികയായ കല്ല്യാണിയുടെ ശബരിമലയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കല്ല്യാണിയായും കളിക്കൂട്ടുകാരന്‍ പീയൂഷായും എത്തിയ രണ്ട് ബാലാതാരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ന്യൂഡല്‍ഹി: തിയേറ്ററിനകത്തേക്ക് പുറത്തു നിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതേസമയം കുടിവെള്ളം സൗജന്യമായി നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു.

അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി കൊണ്ടുവരുന്ന പ്രത്യേക ഭക്ഷണങ്ങളും പാനീയങ്ങളും തടയരുതെന്നും കോടതി അറിയിച്ചു. തിയേറ്ററുകള്‍ സ്വകാര്യ സ്വത്തുക്കള്‍ ആയതുകൊണ്ട് അവിടേക്ക് എന്തെല്ലാം കൊണ്ടുവരാം എന്നത് സംബന്ധിച്ചും എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നത് സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം തീയേറ്റര്‍ ഉടമകള്‍ക്കാണ്. ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.

മള്‍ട്ടിപ്ലക്സുകളിലും സിനിമാ തീയേറ്ററുകളിലും എത്തുന്ന കാണികള്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുവരുന്നത് തടയരുതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി തീയേറ്റര്‍ ഉടമകളുടെ അധികാരത്തെ പിന്തുണച്ചിരിക്കുന്നത്.

‘പത്താന്‍’ സിനിമയിലെ ഗാനത്തെ വിമര്‍ശിച്ചതിന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സംവിധായകനുമായ വിവേക് അഗ്‌നിഹോത്രി. ഏതാനും സ്‌ക്രീന്‍ഷോട്ടുകളും സംവിധായകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടൊപ്പം, സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവിറ്റി നിറയുന്നതിനെക്കുറിച്ച് നേരത്തെ ഷാരൂഖ് പറഞ്ഞത് പരിഹാസത്തോടെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട് വിവേക് അഗ്‌നിഹോത്രി.

ബാദ്ഷ പറഞ്ഞത് ശരിയാണ്. സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവിറ്റിയുണ്ട്. പക്ഷേ, ഞങ്ങള്‍ പോസ്റ്റീവാണ് -വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തു.

‘പത്താനി’ലെ ബേഷറം രംഗ് ഗാനത്തെ വിമര്‍ശിച്ച് വിവേക് അഗ്‌നിഹോത്രി ട്വിറ്ററില്‍ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്.

ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ ഹിന്ദിയിലേക്ക്. മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

സസ്പെന്‍സ് ത്രില്ലറിനൊപ്പം സമൂഹത്തിന് സന്ദേശം നല്‍കുന്ന കഥ ആകര്‍ഷിച്ചതായി മാച്ച് ബോക് സ് പ്രൊഡക്ഷന്‍സ് ഉടമ സഞ്ജയ് റൗത്ര അറിയിച്ചു. ചിത്രത്തിന്റെ ആഗോളതല വിതരണം തമിഴിലെ പ്രശസ്ത സിനിമ നിര്‍മാണ വിതരണ കമ്ബനിയായ ലൈക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍,ശ്യാം ജേക്കബ്, ദിവ്യ പിള്ള, സുരഭി സന്തോഷ്, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ഷൈനി സാറ, ഋഷി സുരേഷ്, എന്നിവരാണ് മറ്റ് താരങ്ങള്‍.