‘ടോപ്പ് ഗണ്‍: മാവെറിക്കിനെ’ പിന്തള്ളി ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’

2022ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പണം വാരിയ ചിത്രമായി അവതാര്‍ ദി വേ ഓഫ് വാട്ടര്‍. ഡിസംബര്‍ 18ന് റിലീസായ ചിത്രം ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 2022 ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും പണം വാരിയ പടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ ആഗോള ബോക്സ് ഓഫീസില്‍ ‘ടോപ്പ് ഗണ്‍: മാവെറിക്കിനെ’ പിന്തള്ളിയാണ് 2022-ല്‍ പുറത്തിറങ്ങിയ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.

ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ കണക്കുകള്‍ അനുസരിച്ച്, ബുധനാഴ്ച വരെ യുഎസില്‍ 454 മില്യണ്‍ ഡോളര്‍ കളക്ഷന്‍ അവതാര്‍ രണ്ടാംഭാഗം നേടി. ഒപ്പം തന്നെ അന്താഷ്ട്ര ബോക്‌സോഫീസില്‍ 1 ബില്യണ്‍ കവിഞ്ഞു. മൊത്തത്തില്‍ ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 1.51 ബില്ല്യണ്‍ എന്ന തുക കടന്നു. ഇതോടെ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എക്കാലത്തെയും മികച്ച വരുമാനം നേടിയ 10-മത്തെ ചിത്രമായി മാറി. കൊവിഡ് കാലത്തിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’. സ്പൈഡര്‍മാന്‍: നോ വേ ഹോം ആണ് ഒന്നാം സ്ഥാനത്ത്. 2021 ല്‍ റിലീസായ ഈ ചിത്രത്തിന് 1.916 ബില്യണ്‍ ഡോളറാണ് കളക്ഷന്‍ ലഭിച്ചത്.

പാരാമൗണ്ട് പ്രൊഡ്യൂസ് ചെയ്ത ‘ടോപ്പ് ഗണ്‍: മാവെറിക്ക്’ 2022 മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്. ടോം ക്രൂസിന്റെ ഈ എവിയേഷന്‍ ആക്ഷന്‍ ചിത്രം ആഗോളതലത്തില്‍ 1.49 ബില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്. ആദ്യവാരത്തില്‍ സിനിമ ലോകത്തിന് വലിയ പ്രതീക്ഷകള്‍ അല്ല ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എന്ന ചിത്രത്തെക്കുറിച്ച് ഉണ്ടായത്. 77 മില്യണ്‍ ആയിരുന്നു ആദ്യ ദിനത്തെ കളക്ഷന്‍. എന്നാല്‍ പിന്നീട് ക്രിസ്മസ് അവധിക്കാലത്ത് ചിത്രം കുതിച്ച് കയറി. ന്യൂ ഇയര്‍കാലത്ത് പണ്ടോറയിലെ വിസ്മയം കാണാന്‍ ആളുകള്‍ ഇടിച്ചുകയറിയതോടെ കണ്ണടച്ച് തുറക്കും മുന്‍പാണ് കളക്ഷന്‍ മാറി മറിഞ്ഞത്.