ഉക്രി എന്ന് വിളിച്ചത് പ്രകോപനത്തിന് കാരണമായി; ഡിവൈഎഫ്ഐ നേതാക്കള്‍ മുഖേന ഭീഷണിപ്പെടുത്തിയെന്നും അശ്വന്ത് കോക്ക്

സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക തനിക്കെതിരെ പരാതി നല്‍കിയ വാര്‍ത്തയില്‍ പ്രതികരണവുമായി യൂട്യൂബര്‍ അശ്വന്ത് കോക്ക്. ആറാട്ട് എന്ന ചിത്രം പരാജയപ്പെട്ടതിനുശേഷം ബി ഉണ്ണികൃഷ്ണന് തന്നോട് വെറുപ്പ് ഉണ്ടായതായി അശ്വന്ത് കോക്ക് പറയുന്നു. ആറാട്ടിനെതിരെ നല്‍കിയ മോശം റിവ്യൂ ആണ് വെറുപ്പിന് കാരണമെന്നും, അതിന് പിന്നാലെ, ഡി.വൈ.എഫ്.ഐ നേതാക്കളെ വിട്ട് ഉണ്ണികൃഷ്ണന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അശ്വന്ത് വ്യക്തമാക്കുന്നു.

‘ഉദയകൃഷ്ണ തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനെതിരെയും ഞാന്‍ റിവ്യൂ നല്‍കി. ഈ റിവ്യൂവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇത് ഫേസ്ബുക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു കളഞ്ഞു. ഇപ്പോഴും യൂട്യൂബില്‍ ആ വീഡിയോ കാണാം. ഉണ്ണികൃഷ്ണനെ ഉക്രി എന്ന് വിളിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത്. തുടര്‍ന്ന് നാട്ടിലെ ഡിവൈഎഫ്ഐ നേതാക്കള്‍ മുഖേന സിനിമ റിവ്യൂ അവസാനിപ്പിക്കണം എന്നും അല്ലാത്തപക്ഷം ഹൈക്കോടതിയില്‍ അപകീര്‍ത്തിപ്പെടുത്തലിന് കേസ് ഫയല്‍ ചെയ്യുമെന്നും അറിയിച്ചു. അധ്യാപക ജോലി ആയതുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ജോലി നഷ്ടപ്പെട്ടാലും അഭിപ്രായം പറയുന്നത് തുടരും. ഈ ഉണ്ണികൃഷ്ണന്‍ വലിയ അസഹിഷ്ണുത ഉള്ള വ്യക്തിയാണ്. ഏകാധിപത്യ സ്വഭാവമുള്ള ആളാണ് അദ്ദേഹം. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ , റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ ജോസ് നാദിര്‍ഷ തുടങ്ങിയവര്‍ക്കെല്ലാം ഇത്തരത്തിലുള്ള അസ്വസ്ഥത ഉണ്ട്. ഇവരുടെയൊക്കെ സിനിമ മോശമാകാനുള്ള കാരണം തന്റെ റിവ്യൂ അല്ല. സിനിമയുടെ ഉള്ളടക്കം മോശമായതു കൊണ്ടാണ് വിജയിക്കാതെ പോകുന്നത്. കഴിഞ്ഞ വര്‍ഷം വലിയ ഹിറ്റായി മാറിയ ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് മോശം റിവ്യൂ പറഞ്ഞ വ്യക്തിയാണ് ഞാന്‍. പക്ഷേ ആ സിനിമ വലിയ ഹിറ്റായി. റിവ്യൂ അല്ല ഒരു സിനിമ പരാജയപ്പെടാനുള്ള കാരണം. അമല്‍ നീരദ് , ലിജോ ജോസ് പല്ലശ്ശേരി തുടങ്ങിയ യുവ തലമുറയില്‍ പെട്ട സംവിധായകര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. അവര്‍ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ ബീ ഉണ്ണികൃഷണന്‍ ശ്രമിക്കുന്നത് പഴയ മാടമ്ബിത്തരം ഉപയോഗിച്ച് എതിര്‍ത്തു തോല്‍പ്പിക്കാനാണ്. ഇപ്പോള്‍ തനിക്കെതിരെ പരാതി നല്‍കാനുള്ള കാരണം ഫെഫ്ക നിര്‍മ്മിച്ച കാപ്പ എന്ന ചിത്രത്തിനെതിരെ മോശം റിവ്യൂ നല്‍കിയതാണ്. ഇത് താന്‍ നിയമപരമായി നേരിടും’- അശ്വന്ത് അറിയിച്ചു.