പൊലീസ് സുരക്ഷ തേടി പ്രിൻസിപ്പൽ കത്ത് നൽകിയിരുന്നെന്ന് റിപ്പോർട്ട്

പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കുസാറ്റിലെ അപകടമുണ്ടാക്കിയ പരിപാടിക്ക് സ്കൂൾ ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട്. കത്തിൽ മൂന്നു ദിവസത്തെ പരിപാടിയിൽ‍ 24നും 25നും രണ്ടു ​ഗാനമേളയുണ്ടെന്നും ഇതിന് പൊതുജനങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷ വേണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇങ്ങനെയൊരു കത്ത് ലഭിച്ചോ എന്ന കാര്യത്തിൽ വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ പ്രതികരിച്ചിട്ടില്ല.

അന്വേഷണത്തിന് ശേഷം എല്ലാ കാര്യങ്ങളും പറയുന്നതായിരിക്കും എന്നായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. രജിസ്ട്രാർ പ്രിൻസിപ്പൽ നൽകിയ കത്ത് സ്വീകരിച്ചിട്ടുണ്ട്. അതേസമയം കത്ത് ഇതുവരെ പൊലീസിന് കൈമാറാൻ രജിസ്ട്രാർ തയ്യാറായില്ല. ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് തെളിവാക്കുന്നതാണ് പുറത്തുവന്ന കത്ത്. അതിനിടെ കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

കേസെടുക്കാൻ അഭിഭാഷകന്റെ പരാതിയിൽ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. ഇമെയിലിലൂടെയാണ് അഭിഭാഷകനായ സുഭാഷ് തീക്കാടൻ വിസിക്കെതിരെ പരാതി നൽകിയിരുന്നത്. അതേസമയം കുസാറ്റ് ദുരന്തത്തിൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടികളുടെ കയ്യിൽ നിന്ന് അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനാണ് നീക്കം. എന്തുകൊണ്ട് സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.