Uncategorized (Page 10)

പല രാജ്യങ്ങളിലും ഒമിക്രോണ്‍ കേസുകളുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്. ഇതിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ദര്‍. യുകെയുടെ ZOE കൊവിഡ് സ്റ്റഡി ആപ്പ് അനുസരിച്ച് ഒമിക്രോണിന്റെ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില ലക്ഷണങ്ങള്‍ എതൊക്കെയാണെന്ന് വ്യക്തമാക്കുന്നു.

നേരിയ പനി, തൊണ്ടയില്‍ പൊട്ടല്‍, തുമ്മല്‍, ശരീര വേദന, ക്ഷീണം, രാത്രി വിയര്‍ക്കുക എന്നിവയാണ് ഒമിക്രോണ്‍ പിടിപെട്ടാല്‍ കൂടുതലായും കാണുന്ന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയും കണ്ട് വരുന്നു. ഒമിക്രോണ്‍ ബാധിച്ചാല്‍ ചര്‍മ്മത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്നാണ് സ്റ്റഡി ആപ്പില്‍ പുതിയതായി പറയുന്നത്. ചൊറിഞ്ഞു പൊട്ടുകയോ അല്ലെങ്കില്‍ തിണര്‍പ്പ് ഉണ്ടാവുകയോ ചെയ്യുന്നതാണ് ഒമിക്രോണ്‍ പിടിപെട്ടാല്‍ ചര്‍മ്മത്തില്‍ പ്രകടമാകുന്ന മറ്റൊരു ലക്ഷണം. ചര്‍മ്മത്തിലെ തിണര്‍പ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. SARs-COV-2 വൈറസ് മൂലമുണ്ടാകുന്ന കോശജ്വലനത്തിന്റെ ലക്ഷണമാകാം ഇത് എന്ന് നേരത്തെയുള്ള പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു.

കൊവിഡ് 19 ന്റെ നാലാമത്തെ പ്രധാന ലക്ഷണമായി ടര്‍മ്മത്തിലെ തിണര്‍പ്പ് കണക്കാക്കണമെന്ന് ZOE COVID പഠന ആപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ചാല്‍ കാല്‍വിരലുകളില്‍ ചുവപ്പും പര്‍പ്പിള്‍ നിറത്തിലുള്ള മുഴകളിലേക്കും നയിച്ചേക്കാം. ഇത് കാരണം വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം.

കൊച്ചി: സംസ്ഥാനത്തെ നോക്കുകൂലി വിവാദത്തില്‍ നിയമഭേദഗതി വേണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കുമെതിരെ കേസെടുക്കണമെന്നും, അത് സംബന്ധിച്ച് ഡി ജി പി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

അടുത്തമാസം എട്ടാം തീയതി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിശദീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കോടതി ഉത്തരവ് പുറപ്പെടുവിക്കുക. നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നോക്കുകൂലി അവസാനിപ്പിക്കാന്‍ പോലീസ് ഇടപെടല്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പലായ ‘യാര ബിര്‍ക്ക്ലാന്‍ഡ്’ നോര്‍വേയില്‍ നിന്ന് യാത്ര പുറപ്പെട്ടു. പ്രതിവര്‍ഷം വേണ്ടി വരുന്ന 40,000 ഡീസല്‍ ട്രക്കുകളുടെ യാത്രക്ക് പകരമാവും ഈ കപ്പല്‍ യാത്ര. ഫോസില്‍ ഇന്ധനം ആവശ്യമില്ലാത്തതും കാര്‍ബണ്‍ ബഹിര്‍ഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ കടല്‍മാര്‍ഗ സഞ്ചാരത്തിലെ വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

കപ്പലുകളിലെ മെഷീന്‍ റൂമിനു പകരം ഇതില്‍ ബാറ്ററി കംപാര്‍ട്‌മെന്റുകളാണുണ്ടാവുക. പ്രവര്‍ത്തനതിന് ജലവൈദ്യുതിയെ ആശ്രയിക്കുന്ന കപ്പലിന്റെ ബാറ്ററിക്ക് 6.8 മെഗാവാട്ട് ശേഷിയുണ്ട്. നൂറ് ടെസ്ലകള്‍ക്ക് തുല്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 80 മീറ്റര്‍ ഉയരവും 3200 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ടു വര്‍ഷം പ്രവര്‍ത്തന പരീക്ഷണത്തിലായിരിക്കും. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കപ്പലില്‍ വീല്‍ഹൗസിന്റെ ആവശ്യമേയുണ്ടാകുകയില്ലെന്ന് ഹോള്‍സെതര്‍ പറഞ്ഞു. വീല്‍ഹൗസിനുള്ളില്‍ നിന്നുമാണ് ക്യാപ്റ്റന്‍ കപ്പല്‍ നിയന്ത്രിക്കുന്നത്.

തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു. പ്രതിവര്‍ഷം 40,000 ഡീസല്‍ ട്രക്കുകളാണ് സാധാരണ ഈ പ്ലാന്റില്‍ നിന്ന് യാത്രതിരിക്കുന്നത്. ട്രക്കുകള്‍ക്ക് പകരം കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതോടെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.

sudaan

ഖാര്‍ത്തൂം: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യം ഭരണം പിടിച്ചെടുത്തു. ഇടക്കാല സര്‍ക്കാരില്‍ നിന്നും സൈനിക അട്ടിമറിയിലൂടെ ജനറല്‍ അബ്ദെല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭരണം പിടിച്ചെടുത്തത്. രാജ്യത്ത് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.

ഏകാധിപതിയായ ഒമര്‍ അല്‍ ബഷീറിന്റെ 30 വര്‍ഷത്തെ ഭരണമാണ് സുഡാനില്‍ അവസാനിച്ചത്. എന്നാല്‍ സൈന്യം ഭരണം പിടിച്ചെടുത്തതോടെ ജനാധിപത്യം സ്വപ്നം കണ്ട സുഡാന്‍ ജനതയ്ക്ക് തിരിച്ചടിയായിരിക്കുകയാണിത്.

ഖാര്‍ത്തൂം വിമാനത്താവളം അടക്കുകയും അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും 2023 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും സൈനികമേധാവി അറിയിച്ചു.

രാജ്യത്തെ മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ പിരിച്ചു വിട്ടു. മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ രൂപീകരിച്ചത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണ്. രണ്ട് വര്‍ഷം മുമ്പാണ് ഇത് രൂപീകരിച്ചത്. കൗണ്‍സിലിന് രൂപം നല്‍കിയത് മുന്‍ ഭരണാധികാരി ഒമര്‍ അല്‍ ബഷീര്‍ ആണ്. അതേസമയം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ നിലവിലെ പ്രധാനമന്ത്രി അബ്ദല്ല ഹംദോകിന് മാത്രമേ അധികാരമുള്ളൂവെന്ന് സുഡാന്‍ വാര്‍ത്താവിതരണ മന്ത്രാലയം ഫേസ്ബുക്കിലൂടെ അറിയിച്ചു.

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ പരിചയമുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും, ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

താനറിയാതെ ആശുപത്രിയിലെ പണവും നല്‍കി. മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.

മാത്രമല്ല, മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ടു പേരും തട്ടിപ്പുകാരാണെന്നു ശ്രീനിവാസന്‍ ആരോപിച്ചു. അവരെ തനിക്ക് നേരിട്ടറിയാം. സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്തയാളാണ് ഒരാള്‍. പണത്തിനോട് ആത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയത്. സിനിമയെടുക്കുന്നതിനായി തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം തേടി ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ തന്നെ സമീപിച്ചിരുന്നതായാണ് വെള്ളാപ്പള്ളി നടേശന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഓര്‍ത്തഡോക്സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവര്‍ മാറി വോട്ട് ചെയ്യും. നിങ്ങള്‍ കൂടി സഹായിച്ചാല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാം, എന്നാണ് ദൂതന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാന്‍ പറയുന്നില്ല.എന്നാല്‍ വന്നയാള്‍ സഭയുടെ പ്രതിനിധിയായിരുന്നു. ആ പണിക്ക് ഞങ്ങളില്ലെന്നും ദൂതനോട് പറഞ്ഞിരുന്നെന്നും വെളളാപ്പളളി വ്യക്തമാക്കി.

മാത്രമല്ല, ക.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്യിക്കാന്‍ നോക്കി, രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസ്- മാണി വിഭാഗത്തിന് ലഭിച്ച പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കെ.എം. മാണിയും ഞാനുമായുള്ള ധാരണ പ്രകാരം ഈഴവ സമുദായത്തിനാണ് നല്‍കിയത്. അത് ഉമ്മന്‍ചാണ്ടി തിരിച്ചെടുത്ത് മാനസപുത്രന് നല്‍കി. ഇക്കാര്യം, മാണിയോട് ചോദിച്ചപ്പോള്‍ വിഷമമുണ്ടെന്നും താന്‍ ബലഹീനനാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും വെള്ളാപ്പള്ളി സംസാരിച്ചു. ശക്തനും കരുത്തനുമാണ് പിണറായി വിജയന്‍. പാര്‍ട്ടിയെ ഒന്നാക്കി നിര്‍ത്തിയത് ആ ഉരുക്കു മനുഷ്യനാണ്. ഗ്രൂപ്പ് വഴക്കു കാരണം ഛിന്നഭിന്നമായ പാര്‍ട്ടിയെ ഒന്നാക്കാന്‍ സാക്ഷാല്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിരൂപനായാണ് പിണറായി പ്രവര്‍ത്തിച്ചതെന്ന് വെളളാപ്പളളി പറഞ്ഞു.

കണ്ണൂര്‍: നെറ്റ് വര്‍ക് കിട്ടാത്തതിനാല്‍ മൊബൈല്‍ ഫോണുമായി ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ പന്യോട് ആദിവാസി കോളനിയിലെ അനന്തു ബാബുവാണ് മരക്കൊമ്പ് ഒടിഞ്ഞു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്ലസ് വണ്‍ അപേക്ഷയുടെ വിവരങ്ങളറിയുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അനന്തു ബാബു മരത്തില്‍ കയറിയത്. ഇതിനിടെ ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കാലിനും മുതുകിലും പരിക്കേറ്റ അനന്തുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.

അതേസമയം, പരിക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മന്ത്രി വി ശിവന്‍കുട്ടി വിവരങ്ങള്‍ അന്വേഷിച്ചു. എന്താവശ്യത്തിനും തന്നെ നേരില്‍ വിളിക്കാം എന്ന് മന്ത്രി അനന്തുവിന്റെ പിതാവ് ബാബുവിനെ അറിയിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള പരിയാരം മെഡികെല്‍ കോളജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണില്‍ വിളിച്ച് കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. അനന്തുവിന് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ കലക്ടറുമായും മന്ത്രി ഫോണില്‍ സംസാരിച്ചു. മൊബൈല്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ റേഞ്ച് എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കലക്ടര്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ് വര്‍ക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതില്‍ 71 ഇടങ്ങളില്‍ പ്രശ്നം പരിഹരിച്ചതായും കലക്ടര്‍ മന്ത്രിയെ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ചകൾ വ്യക്തമാക്കി ആരോഗ്യവിദഗ്ധൻ എസ് എസ് ലാൽ. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ….

സംസ്?ഥാനത്തെ കൊവിഡ്? വ്യാപനവും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്തെ പകുതിയിലധികം കൊവിഡ് രോഗികൾ കേരളത്തിലായിരിക്കെ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിച്ചേർന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇതിനു മുൻപും കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ദ്ധരും കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ആരോഗ്യകരമായ ഇത്തരം നടപടികൾ സ്വാഭാവികവും അവശ്യവുമാണ്. അതിനകത്ത് രാഷ്ടീയം കലർത്താൻ ശ്രമിച്ചാൽ നമ്മൾ എതിർക്കണം. അതുപോലെ ഇത്തരം സന്ദർശനങ്ങളെ അനാവശ്യമായി നമ്മൾ എതിർക്കാനും പാടില്ല. ദേശീയ തലത്തിൽ നമുക്ക് മേന്മയേറിയ സ്ഥാപനങ്ങളും വലിയ വിദഗ്ദ്ധരും ഉണ്ട്. കേന്ദ്ര വിദഗ്ദ്ധരുടെ സഹായം സ്വീകരിക്കാൻ നമ്മൾ മടിക്കരുത്.

ഇത് പറയുമ്പോഴാണ് നമ്മുടെ ആരോഗ്യ സെക്രട്ടറിയും, ഹെൽത്ത് മിഷൻ ഡയറക്ടർഉം, ജോയിന്റ് സെക്രട്ടറിയും അടങ്ങുന്ന ഉദ്യോഗസ്ഥർ നമ്മുടെ ജില്ലകൾ സന്ദർശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടത്. തിരുവനന്തപുരത്തെ ഓൺലൈൻ മീറ്റിംഗുകളിൽ നിന്നിറങ്ങി ജില്ലകളിൽ പോയി അവിടത്തെ പ്രശ്ങ്ങൾ മനസിലാക്കാൻ ഒരു തവണ പോലും അവരാരും ശ്രമിച്ചതായി അറിവില്ല. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണ്. കേരളത്തിൽ ആരോഗ്യ രംഗത്തെ അധികാരി ആരോഗ്യവകുപ്പ് ഡയറക്ടറാണ്. ഹെൽത്ത് സെക്രട്ടറിയോ മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥരോ അല്ല. പൊതുജനാരോഗ്യ പ്രശ്‌നമായ കൊവിഡിനെ സർക്കാർ ഒരു ഭരണ പ്രശ്‌നമായും ക്രമസമാധാന പ്രശ്‌നമായും ഒക്കെ മാറ്റിയത് വലിയ അപകടമാണ്. കേരളത്തിൽ ചില ഐ.എ.എസ് കാരും ഐ.പി.എസ് കാരും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഹൈജാക്ക് ചെയ്തിരിക്കയാണ്. ജില്ലകളിൽ പോലീസ് സൂപ്രണ്ടുമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ, സർവെയ്ലൻസ് ഓഫീസർ, എപിഡമിയോളജിസ്‌റ്, കോവിഡ് കണ്ട്രോൾ റൂം ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങി മറ്റ് ആരോഗ്യ പ്രവർത്തകരും കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് പ്രതിരോധിക്കാൻ പോരാടുകയാണ്.

രോഗപ്രതിരോധ പ്രവർത്തങ്ങൾ നടപ്പാക്കുന്നതിനോടോപ്പം മന്ത്രിമാർ, ഐഎസ് ഉദ്യോഗസ്ഥർ, എം.ൽ.എ, എം.പി, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, തുടങ്ങി സാധാരണ ജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും ഇവർ തന്നെയാണ്. ഇവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാതെയാണ് പലപ്പോഴും മുകളിൽ നിന്നും തീരുമാനങ്ങൾ ഉണ്ടാകുന്നത്. അവലോകന മീറ്റിംഗുകളിൽ ടി.പി.ആർ കുറയാത്തതിന്റെ പാപഭാരം മുഴുവൻ ചുമക്കേണ്ടി വരുന്നത് ജില്ലാ മെഡിക്കൽ ഓഫീസർമാരും ബാക്കി ആരോഗ്യ പ്രവർത്തകരുമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടയുള്ള പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ സമയം രണ്ടു കാര്യങ്ങൾക്കാണ് പ്രധാനമായി പോകുന്നത്. ഒന്നാമതായി രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മീറ്റിംഗുകൾ. മണിക്കൂറുകൾ നീളുന്ന മീറ്റിംഗുകൾ. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് മേധാവി, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത്, DDMA, ഇങ്ങനെ പോകുന്നു ദിവസേന മീറ്റിംഗ് നടത്തുന്നവരുടെ പട്ടിക. ഇതിനോടൊപ്പം എല്ലാ പ്രാധാന ഓഫീസർമാർക്കും സമാന്തരമായി അവരുടെ മീറ്റിംഗുകൾ ഉണ്ട്. നടന്ന മീറ്റിംഗുകളുടെ തീരുമാനങ്ങൾ പോലും താഴോട്ട് ചർച്ച ചെയ്തു നടപ്പാക്കാൻ സമയമില്ല. ഈ മീറ്റിംഗുകളിൽ ഇന്ന് പറയുന്ന കാര്യത്തിന് നേരെ കടക വിരുദ്ധമായി അടുത്ത ആഴ്ച പുതിയ തീരുമാനം വരും. വാക്സിൻ ലഭിക്കാത്തതിന്റെ പേരിൽ പൊതുജനങ്ങളുടെയും, ജനപ്രധിനിധികളുടെയും പരാതികൾക്ക് മറുപടി നൽകുക എന്നതാണ് ആരോഗ്യ പ്രവർത്തകരുടെ രണ്ടാമത്തെ പ്രധാന പണി.

എല്ലാ സംസ്ഥാനങ്ങളിലും ആരോഗ്യ സെക്രട്ടറി കഴിഞ്ഞാൽ കൊവിഡ് പ്രതിരോധനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത് ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ആണ്. കോവിഡ് എമർജൻസി റെസ്‌പോൺസ് പാക്കേജുകൾ കേന്ദ്ര ഗവണ്മെന്റ് നൽകുന്നത് നാഷണൽ ഹെൽത്ത് മിഷനിലൂടെയാണ്. വാക്സിനേഷന്റെ ചുമതലയും ഇദ്ദേഹത്തിനാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. GST കമ്മീഷണർ എന്ന പ്രധാന തസ്തിക കൈക്കാര്യം ചെയുന്ന ഉദ്യോഗസ്ഥന് അധിക ചുമതലയായിട്ടാണ് ഇത്രയധികം പ്രധാനപ്പെട്ട ആരോഗ്യ മിഷൻ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്. ഇതേ സർക്കാർ സംവിധാനം തന്നെയാണ് നിരന്തരമായി ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെ ടി.പി.ആർ കുറയുന്നില്ല എന്നും, വാക്സിനേഷൻ കൂട്ടാൻ കഴിയുന്നില്ല എന്നും പറഞ്ഞ് പഴിക്കുന്നത്. ടെസ്റ്റിംഗ് കൂട്ടുകയും വാക്സിനേഷൻ കൂട്ടുകയും ചെയ്യേണ്ടത് ഒരേ സംവിധാനമാണെന്ന കാര്യം മറക്കുന്നു.

ഇതിനൊപ്പം ജില്ലകളിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. തിരുവന്തപുരത്തെ പ്രശ്‌നങ്ങളല്ല കോഴിക്കോട്. പാലക്കാട് ജില്ലിലെ പ്രശ്‌നമല്ല മലപ്പുറത്ത്. ഇതൊക്കെ മനസിലാക്കി പ്രശ്‌നത്തിന് അനുസരണമായി കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള ദിശാബോധം ഉയർന്ന ഉദ്യോഗസ്ഥർ കാണിക്കുന്നില്ല.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണം.
അജ്ഞാതരായ ആരൊക്കെയോ ആണ് സർക്കാരിനെ ഉപദേശിക്കുന്നത്. സർക്കാരിന്റെ വക അബദ്ധ തീരുമാനങ്ങൾ തങ്ങളുടെ ഉപദേശ പ്രകാരമല്ലെന്ന് സർക്കാരിന്റെ വിദഗ്ദ്ധ സമിതിയിലെ പല അംഗങ്ങളും ആണയിട്ടു പറയുന്നുണ്ട്. സർക്കാരിനെ വഴി തെറ്റിക്കുന്ന ഉപദേശികളെ ഇനിയും വാഴിക്കണോ എന്ന് മുഖ്യമന്ത്രിയും ആലോചിക്കണം. തെറ്റായ ഓരോ തീരുമാനവും ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയാണ്.

ഡോ: എസ്.എസ്. ലാൽ

ഹൈദരാബാദ്: ദലിത് ശാക്തീകരണം ലക്ഷ്യമിട്ട ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഓരോ ഗുണഭോക്തൃ ദലിത് കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഇതിനായി സര്‍ക്കാര്‍ 1200 കോടി രൂപ നീക്കി വയ്ക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഈ പദ്ധതി പ്രകാരം ദലിത് ഗുണഭോക്താക്കള്‍ക്ക് ബാങ്ക് ഗ്യാരന്റി ഇല്ലാതെ സഹായം നല്കും.ദലിത് വിഭാഗത്തിലുള്ളവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണിതെന്നാണ് സര്‍ക്കാര്‍ അവകാശവാദം.

രാജ്യത്തെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വാര്‍ത്തകളെ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചാനല്‍ തുടങ്ങുന്നതിനായി പദ്ധതിയിടുന്നു. ഡിഡി ഇന്‍റര്‍നാഷണല്‍ എന്ന ചാനല്‍ സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും അവതരിപ്പിക്കുക. ബിബിസി പോലെ ഒരു ആഗോള ചാനല്‍ എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് വയ്ക്കുന്നതെന്ന് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ അറിയിച്ചു. ഇതിലൂടെ വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തേയും ആഗോള ജനതയേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.