രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ സഹായം ചോദിച്ചു, പിണറായി ഉരുക്കു മനുഷ്യനെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം തേടി ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ തന്നെ സമീപിച്ചിരുന്നതായാണ് വെള്ളാപ്പള്ളി നടേശന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഓര്‍ത്തഡോക്സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവര്‍ മാറി വോട്ട് ചെയ്യും. നിങ്ങള്‍ കൂടി സഹായിച്ചാല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാം, എന്നാണ് ദൂതന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാന്‍ പറയുന്നില്ല.എന്നാല്‍ വന്നയാള്‍ സഭയുടെ പ്രതിനിധിയായിരുന്നു. ആ പണിക്ക് ഞങ്ങളില്ലെന്നും ദൂതനോട് പറഞ്ഞിരുന്നെന്നും വെളളാപ്പളളി വ്യക്തമാക്കി.

മാത്രമല്ല, ക.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്യിക്കാന്‍ നോക്കി, രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസ്- മാണി വിഭാഗത്തിന് ലഭിച്ച പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കെ.എം. മാണിയും ഞാനുമായുള്ള ധാരണ പ്രകാരം ഈഴവ സമുദായത്തിനാണ് നല്‍കിയത്. അത് ഉമ്മന്‍ചാണ്ടി തിരിച്ചെടുത്ത് മാനസപുത്രന് നല്‍കി. ഇക്കാര്യം, മാണിയോട് ചോദിച്ചപ്പോള്‍ വിഷമമുണ്ടെന്നും താന്‍ ബലഹീനനാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും വെള്ളാപ്പള്ളി സംസാരിച്ചു. ശക്തനും കരുത്തനുമാണ് പിണറായി വിജയന്‍. പാര്‍ട്ടിയെ ഒന്നാക്കി നിര്‍ത്തിയത് ആ ഉരുക്കു മനുഷ്യനാണ്. ഗ്രൂപ്പ് വഴക്കു കാരണം ഛിന്നഭിന്നമായ പാര്‍ട്ടിയെ ഒന്നാക്കാന്‍ സാക്ഷാല്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിരൂപനായാണ് പിണറായി പ്രവര്‍ത്തിച്ചതെന്ന് വെളളാപ്പളളി പറഞ്ഞു.