രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കൂ; എസ് എസ് ലാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ചകൾ വ്യക്തമാക്കി ആരോഗ്യവിദഗ്ധൻ എസ് എസ് ലാൽ. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ….

സംസ്?ഥാനത്തെ കൊവിഡ്? വ്യാപനവും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്തെ പകുതിയിലധികം കൊവിഡ് രോഗികൾ കേരളത്തിലായിരിക്കെ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിച്ചേർന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇതിനു മുൻപും കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ദ്ധരും കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ആരോഗ്യകരമായ ഇത്തരം നടപടികൾ സ്വാഭാവികവും അവശ്യവുമാണ്. അതിനകത്ത് രാഷ്ടീയം കലർത്താൻ ശ്രമിച്ചാൽ നമ്മൾ എതിർക്കണം. അതുപോലെ ഇത്തരം സന്ദർശനങ്ങളെ അനാവശ്യമായി നമ്മൾ എതിർക്കാനും പാടില്ല. ദേശീയ തലത്തിൽ നമുക്ക് മേന്മയേറിയ സ്ഥാപനങ്ങളും വലിയ വിദഗ്ദ്ധരും ഉണ്ട്. കേന്ദ്ര വിദഗ്ദ്ധരുടെ സഹായം സ്വീകരിക്കാൻ നമ്മൾ മടിക്കരുത്.

ഇത് പറയുമ്പോഴാണ് നമ്മുടെ ആരോഗ്യ സെക്രട്ടറിയും, ഹെൽത്ത് മിഷൻ ഡയറക്ടർഉം, ജോയിന്റ് സെക്രട്ടറിയും അടങ്ങുന്ന ഉദ്യോഗസ്ഥർ നമ്മുടെ ജില്ലകൾ സന്ദർശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടത്. തിരുവനന്തപുരത്തെ ഓൺലൈൻ മീറ്റിംഗുകളിൽ നിന്നിറങ്ങി ജില്ലകളിൽ പോയി അവിടത്തെ പ്രശ്ങ്ങൾ മനസിലാക്കാൻ ഒരു തവണ പോലും അവരാരും ശ്രമിച്ചതായി അറിവില്ല. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണ്. കേരളത്തിൽ ആരോഗ്യ രംഗത്തെ അധികാരി ആരോഗ്യവകുപ്പ് ഡയറക്ടറാണ്. ഹെൽത്ത് സെക്രട്ടറിയോ മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥരോ അല്ല. പൊതുജനാരോഗ്യ പ്രശ്‌നമായ കൊവിഡിനെ സർക്കാർ ഒരു ഭരണ പ്രശ്‌നമായും ക്രമസമാധാന പ്രശ്‌നമായും ഒക്കെ മാറ്റിയത് വലിയ അപകടമാണ്. കേരളത്തിൽ ചില ഐ.എ.എസ് കാരും ഐ.പി.എസ് കാരും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഹൈജാക്ക് ചെയ്തിരിക്കയാണ്. ജില്ലകളിൽ പോലീസ് സൂപ്രണ്ടുമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ, സർവെയ്ലൻസ് ഓഫീസർ, എപിഡമിയോളജിസ്‌റ്, കോവിഡ് കണ്ട്രോൾ റൂം ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങി മറ്റ് ആരോഗ്യ പ്രവർത്തകരും കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് പ്രതിരോധിക്കാൻ പോരാടുകയാണ്.

രോഗപ്രതിരോധ പ്രവർത്തങ്ങൾ നടപ്പാക്കുന്നതിനോടോപ്പം മന്ത്രിമാർ, ഐഎസ് ഉദ്യോഗസ്ഥർ, എം.ൽ.എ, എം.പി, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, തുടങ്ങി സാധാരണ ജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും ഇവർ തന്നെയാണ്. ഇവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാതെയാണ് പലപ്പോഴും മുകളിൽ നിന്നും തീരുമാനങ്ങൾ ഉണ്ടാകുന്നത്. അവലോകന മീറ്റിംഗുകളിൽ ടി.പി.ആർ കുറയാത്തതിന്റെ പാപഭാരം മുഴുവൻ ചുമക്കേണ്ടി വരുന്നത് ജില്ലാ മെഡിക്കൽ ഓഫീസർമാരും ബാക്കി ആരോഗ്യ പ്രവർത്തകരുമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടയുള്ള പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ സമയം രണ്ടു കാര്യങ്ങൾക്കാണ് പ്രധാനമായി പോകുന്നത്. ഒന്നാമതായി രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മീറ്റിംഗുകൾ. മണിക്കൂറുകൾ നീളുന്ന മീറ്റിംഗുകൾ. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് മേധാവി, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത്, DDMA, ഇങ്ങനെ പോകുന്നു ദിവസേന മീറ്റിംഗ് നടത്തുന്നവരുടെ പട്ടിക. ഇതിനോടൊപ്പം എല്ലാ പ്രാധാന ഓഫീസർമാർക്കും സമാന്തരമായി അവരുടെ മീറ്റിംഗുകൾ ഉണ്ട്. നടന്ന മീറ്റിംഗുകളുടെ തീരുമാനങ്ങൾ പോലും താഴോട്ട് ചർച്ച ചെയ്തു നടപ്പാക്കാൻ സമയമില്ല. ഈ മീറ്റിംഗുകളിൽ ഇന്ന് പറയുന്ന കാര്യത്തിന് നേരെ കടക വിരുദ്ധമായി അടുത്ത ആഴ്ച പുതിയ തീരുമാനം വരും. വാക്സിൻ ലഭിക്കാത്തതിന്റെ പേരിൽ പൊതുജനങ്ങളുടെയും, ജനപ്രധിനിധികളുടെയും പരാതികൾക്ക് മറുപടി നൽകുക എന്നതാണ് ആരോഗ്യ പ്രവർത്തകരുടെ രണ്ടാമത്തെ പ്രധാന പണി.

എല്ലാ സംസ്ഥാനങ്ങളിലും ആരോഗ്യ സെക്രട്ടറി കഴിഞ്ഞാൽ കൊവിഡ് പ്രതിരോധനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത് ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ആണ്. കോവിഡ് എമർജൻസി റെസ്‌പോൺസ് പാക്കേജുകൾ കേന്ദ്ര ഗവണ്മെന്റ് നൽകുന്നത് നാഷണൽ ഹെൽത്ത് മിഷനിലൂടെയാണ്. വാക്സിനേഷന്റെ ചുമതലയും ഇദ്ദേഹത്തിനാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. GST കമ്മീഷണർ എന്ന പ്രധാന തസ്തിക കൈക്കാര്യം ചെയുന്ന ഉദ്യോഗസ്ഥന് അധിക ചുമതലയായിട്ടാണ് ഇത്രയധികം പ്രധാനപ്പെട്ട ആരോഗ്യ മിഷൻ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്. ഇതേ സർക്കാർ സംവിധാനം തന്നെയാണ് നിരന്തരമായി ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെ ടി.പി.ആർ കുറയുന്നില്ല എന്നും, വാക്സിനേഷൻ കൂട്ടാൻ കഴിയുന്നില്ല എന്നും പറഞ്ഞ് പഴിക്കുന്നത്. ടെസ്റ്റിംഗ് കൂട്ടുകയും വാക്സിനേഷൻ കൂട്ടുകയും ചെയ്യേണ്ടത് ഒരേ സംവിധാനമാണെന്ന കാര്യം മറക്കുന്നു.

ഇതിനൊപ്പം ജില്ലകളിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. തിരുവന്തപുരത്തെ പ്രശ്‌നങ്ങളല്ല കോഴിക്കോട്. പാലക്കാട് ജില്ലിലെ പ്രശ്‌നമല്ല മലപ്പുറത്ത്. ഇതൊക്കെ മനസിലാക്കി പ്രശ്‌നത്തിന് അനുസരണമായി കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള ദിശാബോധം ഉയർന്ന ഉദ്യോഗസ്ഥർ കാണിക്കുന്നില്ല.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണം.
അജ്ഞാതരായ ആരൊക്കെയോ ആണ് സർക്കാരിനെ ഉപദേശിക്കുന്നത്. സർക്കാരിന്റെ വക അബദ്ധ തീരുമാനങ്ങൾ തങ്ങളുടെ ഉപദേശ പ്രകാരമല്ലെന്ന് സർക്കാരിന്റെ വിദഗ്ദ്ധ സമിതിയിലെ പല അംഗങ്ങളും ആണയിട്ടു പറയുന്നുണ്ട്. സർക്കാരിനെ വഴി തെറ്റിക്കുന്ന ഉപദേശികളെ ഇനിയും വാഴിക്കണോ എന്ന് മുഖ്യമന്ത്രിയും ആലോചിക്കണം. തെറ്റായ ഓരോ തീരുമാനവും ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയാണ്.

ഡോ: എസ്.എസ്. ലാൽ