Technology (Page 89)

റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനിന്റെ ദക്ഷിണ-കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടിരുന്നതിനാല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വഴി രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ സ്പേസ് എക്സ് നിര്‍മിച്ച സാറ്റലൈറ്റ് സഞ്ചയമാണ് സ്റ്റാര്‍ലിങ്ക്. ഭ്രമണപഥത്തില്‍ സ്റ്റാര്‍ലിങ്കിന്റെ രണ്ടായിരം ചെറു സാറ്റലൈറ്റുകള്‍ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, സാറ്റലൈറ്റുകളുടെ എണ്ണം നാലായിരമാക്കാനാണ് മസ്‌ക് തയ്യാറെടുക്കുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റിംഗ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ ലിങ്കിന്റെ ലക്ഷ്യം.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. കേബിള്‍ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഇതുവഴി ഇന്റര്‍നെറ്റ് ലഭിക്കും. സെക്കന്‍ഡില്‍ 50 എംബി മുതല്‍ 150 എംബി വരെ സ്പീഡ് പരീക്ഷണ വേര്‍ഷനായ ബീറ്റയില്‍ ലഭിക്കുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ അവകാശവാദം. കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും.

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ആര്‍ടിയെയും മറ്റ് ചാനലുകളെയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തി. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല.

അസാധാരണമായ സാഹചര്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ ഈ പുതിയ നടപടി. യുറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ഉപരോധമേര്‍പ്പെടുത്തിയ വിവിധ റഷ്യന്‍ ചാനലുകളെയും വിലക്കിയെന്ന് യൂട്യൂബ് വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളെയും അവരുടെ വെബ്‌സൈറ്റുകളില്‍ നിന്നും ആ്പ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നതും ഗൂഗിള്‍ വിലക്കിയിട്ടുണ്ട്.

2018 ഡിസംബര്‍ വരെ രണ്ട് വര്‍ഷം കൊണ്ട് 26ഓളം യൂട്യൂബ് ചാനലുകളില്‍ നിന്ന് 70 ലക്ഷം മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി മിഖൈലോ ഫെഡൊറോവ് ട്വിറ്റര്‍, ഗൂഗിള്‍, ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളോട് റഷ്യക്കുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിലക്കണമെന്ന് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടയില്‍ ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാരുടെ കരങ്ങളിലായി. യുദ്ധം തുടങ്ങി ആദ്യ ദിനം തന്നെ ഹാക്കര്‍മാര്‍ പണി തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

ക്രെംലിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായെന്നാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റ് പുന: സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. റഷ്യന്‍ ഗവണ്‍മെന്റിന്റേയും ദേശീയ മാദ്ധ്യമങ്ങളുടേയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. ക്രെംലിന്‍ വെബ്സൈറ്റിന് പുറമേ റഷ്യയുടെ ആറ് ഔദ്യോഗിക വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ഹാക്കിങ്ങ് ഗ്രൂപ്പുകള്‍ ഒത്തു ചേര്‍ന്ന് റഷ്യയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി എന്നതാണ് പുതിയ വിവരം. പാശ്ചാത്യ സഖ്യ കക്ഷികളുമായി ചേര്‍ന്ന് ഞങ്ങള്‍ യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീക്കിയിരിക്കുന്നു എന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അനോണിമസ് കലക്റ്റീവ് എന്ന പ്രമുഖ ഹാക്കര്‍മാരുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

റഷ്യന്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ യുക്രെയ്ന്റെ സര്‍ക്കാര്‍ വെബ്സൈറ്റുകളുടേയും മുന്‍നിര ബാങ്കുകളുടേയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹാക്കര്‍മാര്‍ റഷ്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെയും തിരിഞ്ഞത്.

ഫിഷിങ് ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എസ്ബിഐ. വിശ്വസനീയമായ സാമ്പത്തിക സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ ഏജന്‍സികളിലോ നിന്നുള്ളതെന്ന വ്യാജേന ഇമെയിലുകളോ ടെക്സ്റ്റ് മെസേജുകളോ വെബ്സൈറ്റുകളോ തയ്യാറാക്കി ഉപഭോക്താക്കളുടെ വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതിയാണ് ഫിഷിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സംശയകരമായ ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ ലഭിച്ചാല്‍ അവയോടു പ്രതികരിക്കാവതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എസ്ബിഐയുടെ പേര്‍ ഉപയോഗിക്കുന്ന സംശയകരമായ ഇമെയിലുകള്‍ ലഭിച്ചാല്‍ അത് report.phishing@sbi.co.in എന്ന ഐഡിയിലൂടെ റിപ്പോര്‍ട്ടു ചെയ്യണം. പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന തട്ടിപ്പ് ഇമെയിലുകളില്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെടും. പാസ് വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഇങ്ങനെ ആവശ്യപ്പെടും. ഉപഭോക്താവ് ഇതില്‍ വിശ്വസിച്ച് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്താതിരിക്കുക.

യഥാര്‍ത്ഥ വെബ്സൈറ്റ് എന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റിലേക്കുള്ള ഹൈപര്‍ ലിങ്ക് നല്‍കുന്നതാണ് മറ്റൊരു രീതി. സന്ദേശത്തിലുള്ള കാര്യങ്ങള്‍ പാലിക്കുകയാണെങ്കില്‍ സമ്മാനമോ അതു പോലുള്ള നേട്ടങ്ങളോ ലഭിക്കുമെന്നും പാലിച്ചില്ലെങ്കില്‍ പിഴയോ മറ്റു നടപടികളോ ഉണ്ടാകുമെന്നെല്ലാം ഇത്തരം തട്ടിപ്പു സന്ദേശങ്ങളില്‍ ഭീഷണിയുണ്ടാകാറുണ്ട്.

അപ്രതീക്ഷിത സ്രോതസുകളില്‍ നിന്നെത്തുന്ന ഇമെയില്‍ വഴി ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്കു ചെയ്യാതിരിക്കുക. പോപ് അപ് വിന്‍ഡോകള്‍ വഴി ലഭിക്കുന്ന പേജുകളില്‍ ഒരു വിവരവും നല്‍കരുത്. അക്കൗണ്ട് നമ്പര്‍, പാസ് വേഡുകള്‍ തുടങ്ങി നിര്‍ണായകമായ ഒരു വിവരവും ടെക്സ്റ്റ് മെസേജുകള്‍ക്കോ അത്തരം സന്ദേശങ്ങള്‍ക്കോ മറുപടിയായി നല്‍കരുത്. ഫോണ്‍ വഴി ഇത്തരം ആവശ്യങ്ങള്‍ ലഭിച്ചാലും അവ നല്‍കരുത്. വ്യക്തിഗത വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് തട്ടിപ്പുകള്‍ തടയാന്‍ ഏറ്റവും ആവശ്യം.

എപ്പോഴും കൃത്യമായ യുആര്‍എല്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക. നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡിയും പാസ് വേഡും അംഗീകൃത ലോഗിന്‍ പേജില്‍ മാത്രം നല്‍കുക. നിങ്ങളുടെ ഐഡിയും പാസ് വേഡും നല്‍കുന്നതിനു മുന്‍പായി ലോഗിന്‍ പേജ് https:// എന്നു തന്നെയാണ് തുടങ്ങുന്നതെന്നും http:// എന്നല്ല തുടങ്ങുന്നതെന്നും ഉറപ്പു വരുത്തുക. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ കൃത്യമായി പരിശോധിക്കുക, സംശയകരമായ എന്തെങ്കിലും കോളുകളിലൂടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കുക.

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്സ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org ല്‍ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം. പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും.

എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി തുടങ്ങിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 27 സര്‍വകലാശാലകളില്‍ നിന്നായി 1132 വിദ്യാര്‍ഥികള്‍ ഇതുവരെ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി നോര്‍ക്ക റൂട്സ് സിഇഒ അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമെ കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്ബരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം.

മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ വിവരം നല്‍കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി സ്പെക്ട്രം ലേലം ഉടനെ ആരംഭിക്കാന്‍ ടെലികോം മന്ത്രാലയം ട്രായിക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് അവസാനത്തോടെ സ്പെക്ട്രം ലേലം നടക്കും.

വരുന്ന ഓഗസ്റ്റ് 15ന് രാജ്യത്ത് 5ജി സേവനം ആരംഭിക്കണം എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് നടപടികള്‍ വേഗത്തിലാക്കിയതെന്നാണ് വിവരം. നിലവില്‍ ഇന്ത്യയില്‍ 5ജി പ്രാരംഭഘട്ടമാണെങ്കിലും അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 5ജി നിലവിലുണ്ട്.

800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ് ബാന്റുകളുടെ സ്പെക്ട്രങ്ങളുടെ വിവരങ്ങള്‍ ട്രായിക്ക് ടെലികോം വകുപ്പ് നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മീര്‍, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, എന്നിവിടങ്ങളിലെ ആറ് ലൈസന്‍സ്ഡ് സര്‍വീസ് ഏരിയകളില്‍ 900 മെഗാഹെര്‍ട്സ് സ്പെക്ട്രം സര്‍ക്കാര്‍ ഉപയോഗത്തിനായി നീക്കിവച്ചതായി ടെലികോം വകുപ്പ് ട്രായിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളമടക്കം ആറിടങ്ങളിലെ 900 മെഗാഹെര്‍ട്സ് ബാന്റ് സ്പെക്ട്രം സര്‍ക്കാര്‍ ഉപേക്ഷിക്കും.

കീവ്: സംഘര്‍ഷം രൂക്ഷമായിരിക്കെ യുക്രൈനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണവും തുടരുന്നു. പല സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇതിനിടെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഡിഡോസ് അറ്റാക്കാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമെന്ന് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മിനിസ്റ്റര്‍ മൈഖ്യലോ ഫെഡറോവ് വ്യക്തമാക്കി. ഒരു വെബ്‌സൈറ്റിന് താങ്ങാനാവുന്നതിലധികം സര്‍വ്വീസ് റിക്വസ്റ്റുകള്‍ അയച്ച് അതിനെ പ്രവര്‍ത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി.

ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് യുകെയും, യുഎസും ആരോപിക്കുന്നുണ്ടെങ്കിലും റഷ്യ നിഷേധിക്കുകയാണ്. സമാനമായ രീതിയില്‍ ജനുവരിയിലും യുക്രൈന്‍ സൈബര്‍ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. എഴുപത് ശതമാനം ഗവണ്‍മെന്റ് വെബ്‌സൈറ്റുകളും അന്ന് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിരുന്നു. എറ്റവും മോശം സാഹചര്യത്തിനായി തയ്യാറെടുക്കൂ എന്ന സന്ദേശമാണ് അന്ന് പല വെബ്‌സൈറ്റുകളുടെ ഹോം പേജില്‍ ഹാക്കര്‍മാര്‍ പതിച്ചത്.

ബുധനാഴ്ച ഉച്ചയോടെ ആക്രമണം കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവെന്നും തുടര്‍ന്ന് കൂടുതല്‍ വെബ്‌സൈറ്റുകള്‍ ആക്രമിക്കപ്പെട്ടുവെന്നുമാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനി നെറ്റ് ബ്ലോക്ക്‌സ് വ്യക്തമാക്കുന്നത്.

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ അഡ്മിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡിമിന് പ്രത്യേക നിയന്ത്രണമില്ല. ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.

ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാല്‍, അംഗങ്ങളിടുന്ന ദോഷകരമായ പോസ്റ്റുകള്‍ക്കടക്കം അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

‘ഫ്രണ്ട്‌സ്’ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനായ ഹരജിക്കാരന്‍ മറ്റ് രണ്ടുപേരെക്കൂടി ഗ്രൂപ് അഡ്മിനായി ചേര്‍ത്തിരുന്നു. ഇതില്‍ ഒരാള്‍ ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാം പ്രതിയും ഹരജിക്കാരനെ രണ്ടാം പ്രതിയായും ചേര്‍ത്ത് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. അശ്ലീല വിഡിയോ ഷെയര്‍ ചെയ്‌തെന്ന് കൃത്യമായ ആരോപണങ്ങളൊന്നും ഹരജിക്കാരനെതിരെ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി, തുടര്‍ന്ന് ഹരജിക്കാരനെതിരെ ചുമത്തിയ കുറ്റം റദ്ദാക്കി.

വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റ് മന്ദിരം ആക്രമണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നിന്നും പുറത്താക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്വന്തം സാമൂഹിക മാധ്യമ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യല്‍’ എന്നാണ് ട്രംപിന്റെ സ്വന്തം ആപ്പിന്റെ പേര്.

പരീക്ഷണഘട്ടത്തിലുള്ള ഒന്നാം പതിപ്പ് ആപ്പിളിന്റെ ആപ് സ്റ്റോറിലാണ് ലഭ്യമായത്. അക്കൗണ്ട് തുറക്കാനെത്തിയ പലര്‍ക്കും ‘വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ വെയ്റ്റ് ലിസ്റ്റിലാണ്’ എന്ന സന്ദേശമാണ് ലഭിച്ചത്. ട്വിറ്ററില്‍ ട്വീറ്റ്, റീട്വീറ്റ് എന്നിങ്ങനെയാണു രീതിയെങ്കില്‍ ട്രൂത്ത് സോഷ്യലില്‍ ട്രൂത്ത്, റീട്രൂത്ത് എന്നിങ്ങനെ. റിപ്പബ്ലിക്കന്‍ അണികളില്‍ ആപ്പിന് വന്‍ ഡിമാന്‍ഡ് ആണെന്നാണു റിപ്പോര്‍ട്ട്.

ട്രംപിന്റെ കീഴിലുള്ള ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പും ഡിജിറ്റല്‍ അക്വിസിഷന്‍സ് ഗ്രൂപ്പും കൂടി ലയിച്ചാണ് പുതിയ പ്ലാറ്റ്‌ഫോം തുടങ്ങിയത്. ഫോളോ ദ ട്രൂത്ത് എന്ന ടാഗ് ലൈനോടെയാണ് ട്രൂത്ത് സോഷ്യലെത്തുന്നത്. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ വിവേചനം കല്‍പ്പിക്കാത്ത നവമാധ്യമമെന്നാണ് വിവരണം നല്‍കിയിരിക്കുന്നത്. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന സിലിക്കണ്‍ വാലിയിലെ ടെക് ഭീമന്മാര്‍ക്കെതിരെ പോരാടാനാണ് ട്രൂത്ത് സോഷ്യല്‍ എത്തുന്നതെന്ന് ടിഎംടിജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലും പറഞ്ഞിരുന്നു.

ആന്‍ഡ്രോയിഡ് ഫോണുകളിലെ നോട്ടിഫിക്കേഷനുകള്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും ദേഷ്യം വരാറുണ്ട്. ആവശ്യമുള്ള നോട്ടിഫിക്കേഷനുകള്‍ക്ക് മാത്രമായി അവ എങ്ങനെ ക്രമീകരിക്കാം എന്ന് പലപ്പോഴും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവാം. എന്നാല്‍, ഇത്തരം അനാവശ്യ മെസേജുകള്‍ ബ്ലോക്ക് ചെയ്യാന്‍ വഴിയുണ്ട്. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഒരു ആപ്പില്‍ നിന്നുള്ള അനാവശ്യ അറിയിപ്പുകള്‍ തടയാന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കഴിയും. എങ്ങനെയെന്ന് നോക്കാം…

ഘട്ടം 1: ഒരു ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും (അറിയിപ്പുകള്‍) പൂര്‍ണ്ണമായി തടയുന്നതിന്, ആ ആപ്പില്‍ നിന്നുള്ള ഏതെങ്കിലും നോട്ടിഫിക്കേഷനില്‍ കുറച്ചു നേരം ടാപ്പ് ചെയ്ത് പിടിക്കുക. അപ്പോള്‍ ദൃശ്യമാകുന്ന സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സ് എന്ന് എഴുതിയ നിലയിലോ ഒരു ഗിയര്‍ ഐക്കണിന്റെ രൂപത്തിലോ ആയിരിക്കും ഈ ഓപ്ഷന്‍ ദൃശ്യമാവുക.

ഘട്ടം 2: സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനും തടയുന്നതിനായി ഷോ ഓള്‍ നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക.

മെസേജ് അയക്കുന്നതിനുള്ള ആപ്പുകള്‍ പോലെ നിങ്ങള്‍ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ആപ്പുകള്‍ക്കോ മറ്റ് പ്രധാന ആപ്പുകള്‍ക്കോ ഇത്തരത്തില്‍ മുഴുവന്‍ നോട്ടിഫിക്കേഷനും ഓഫാക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ആപ്പുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത നോട്ടിഫിക്കേഷനുകള്‍ മാത്രം ബ്ലോക്ക് ചെയ്യാം.

ചിലപ്പോള്‍, ഒരു ആപ്പില്‍ നിന്നുള്ള ചില നോട്ടിഫിക്കേഷനുകള്‍ മാത്രം നിങ്ങള്‍ക്ക് തടയേണ്ടതുണ്ടാവും. പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകള്‍ക്ക് ഇത് ഉപയോഗപ്രദമാകും, അവിടെ പണമിടപാടുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കണം, എന്നാല്‍ ലോണ്‍ ഓഫറുകളെ കുറിച്ചോ മറ്റോ ഉള്ള നോട്ടിഫിക്കേഷനുകള്‍ ലഭിക്കേണ്ടതുണ്ടാവുകയുമില്ല. അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം.

ഘട്ടം 1: നിങ്ങള്‍ ചില നോട്ടിഫിക്കേഷനുകള്‍ മാത്രം ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആപ്പിന്റെ നോട്ടിഫിക്കേഷനില്‍ ദീര്‍ഘനേരം ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള വിവിധ നോട്ടിഫിക്കേഷനുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടാവും. അതില്‍ നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന നോട്ടിഫിക്കേഷനുകള്‍ അണ്‍ചെക്ക് ചെയ്യുക.

ഉദാഹരണത്തിന്, ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നുള്ള ‘റിമൈന്‍ഡ് മീ’, ‘ഫ്‌ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി’ നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് വേണ്ട എന്നാല്‍ ഓഫറുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വേണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് അത്തരത്തില്‍ ക്രമീകരിക്കാം. ‘റിമൈന്‍ഡ് മീ’, ‘ഫ്‌ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി’ എന്നിവ അണ്‍ചെക്ക് ചെയ്ത് ഓഫറുകളുടെ നോട്ടിഫിക്കേഷന്‍ മാത്രം സെലക്ട് ചെയ്ത് വയ്ക്കാം.