യുക്രൈനില്‍ സാറ്റലൈറ്റ് സംവിധാനമൊരുക്കി ഇലോണ്‍ മസ്‌ക്‌

റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനിന്റെ ദക്ഷിണ-കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടിരുന്നതിനാല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വഴി രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ സ്പേസ് എക്സ് നിര്‍മിച്ച സാറ്റലൈറ്റ് സഞ്ചയമാണ് സ്റ്റാര്‍ലിങ്ക്. ഭ്രമണപഥത്തില്‍ സ്റ്റാര്‍ലിങ്കിന്റെ രണ്ടായിരം ചെറു സാറ്റലൈറ്റുകള്‍ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, സാറ്റലൈറ്റുകളുടെ എണ്ണം നാലായിരമാക്കാനാണ് മസ്‌ക് തയ്യാറെടുക്കുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റിംഗ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ ലിങ്കിന്റെ ലക്ഷ്യം.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. കേബിള്‍ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഇതുവഴി ഇന്റര്‍നെറ്റ് ലഭിക്കും. സെക്കന്‍ഡില്‍ 50 എംബി മുതല്‍ 150 എംബി വരെ സ്പീഡ് പരീക്ഷണ വേര്‍ഷനായ ബീറ്റയില്‍ ലഭിക്കുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ അവകാശവാദം. കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും.