ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി സ്പെക്ട്രം ലേലം ഉടനെ ആരംഭിക്കാന്‍ ടെലികോം മന്ത്രാലയം ട്രായിക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് അവസാനത്തോടെ സ്പെക്ട്രം ലേലം നടക്കും.
വരുന്ന ഓഗസ്റ്റ് 15ന് രാജ്യത്ത് 5ജി സേവനം ആരംഭിക്കണം എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് നടപടികള്‍ വേഗത്തിലാക്കിയതെന്നാണ് വിവരം. നിലവില്‍ ഇന്ത്യയില്‍ 5ജി പ്രാരംഭഘട്ടമാണെങ്കിലും അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 5ജി നിലവിലുണ്ട്.
800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ് ബാന്റുകളുടെ സ്പെക്ട്രങ്ങളുടെ വിവരങ്ങള്‍ ട്രായിക്ക് ടെലികോം വകുപ്പ് നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മീര്‍, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, എന്നിവിടങ്ങളിലെ ആറ് ലൈസന്‍സ്ഡ് സര്‍വീസ് ഏരിയകളില്‍ 900 മെഗാഹെര്‍ട്സ് സ്പെക്ട്രം സര്‍ക്കാര്‍ ഉപയോഗത്തിനായി നീക്കിവച്ചതായി ടെലികോം വകുപ്പ് ട്രായിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളമടക്കം ആറിടങ്ങളിലെ 900 മെഗാഹെര്‍ട്സ് ബാന്റ് സ്പെക്ട്രം സര്‍ക്കാര്‍ ഉപേക്ഷിക്കും.

