റഷ്യ-യുക്രൈന്‍ സംഘര്‍ഷം സൈബര്‍ലോകത്തും; ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടയില്‍ ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാരുടെ കരങ്ങളിലായി. യുദ്ധം തുടങ്ങി ആദ്യ ദിനം തന്നെ ഹാക്കര്‍മാര്‍ പണി തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

ക്രെംലിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായെന്നാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റ് പുന: സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. റഷ്യന്‍ ഗവണ്‍മെന്റിന്റേയും ദേശീയ മാദ്ധ്യമങ്ങളുടേയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. ക്രെംലിന്‍ വെബ്സൈറ്റിന് പുറമേ റഷ്യയുടെ ആറ് ഔദ്യോഗിക വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ഹാക്കിങ്ങ് ഗ്രൂപ്പുകള്‍ ഒത്തു ചേര്‍ന്ന് റഷ്യയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി എന്നതാണ് പുതിയ വിവരം. പാശ്ചാത്യ സഖ്യ കക്ഷികളുമായി ചേര്‍ന്ന് ഞങ്ങള്‍ യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീക്കിയിരിക്കുന്നു എന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അനോണിമസ് കലക്റ്റീവ് എന്ന പ്രമുഖ ഹാക്കര്‍മാരുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

റഷ്യന്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ യുക്രെയ്ന്റെ സര്‍ക്കാര്‍ വെബ്സൈറ്റുകളുടേയും മുന്‍നിര ബാങ്കുകളുടേയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹാക്കര്‍മാര്‍ റഷ്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെയും തിരിഞ്ഞത്.