ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ മുന്‍പിലെത്തി ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍

വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റ് മന്ദിരം ആക്രമണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നിന്നും പുറത്താക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്വന്തം സാമൂഹിക മാധ്യമ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യല്‍’ എന്നാണ് ട്രംപിന്റെ സ്വന്തം ആപ്പിന്റെ പേര്.

പരീക്ഷണഘട്ടത്തിലുള്ള ഒന്നാം പതിപ്പ് ആപ്പിളിന്റെ ആപ് സ്റ്റോറിലാണ് ലഭ്യമായത്. അക്കൗണ്ട് തുറക്കാനെത്തിയ പലര്‍ക്കും ‘വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ വെയ്റ്റ് ലിസ്റ്റിലാണ്’ എന്ന സന്ദേശമാണ് ലഭിച്ചത്. ട്വിറ്ററില്‍ ട്വീറ്റ്, റീട്വീറ്റ് എന്നിങ്ങനെയാണു രീതിയെങ്കില്‍ ട്രൂത്ത് സോഷ്യലില്‍ ട്രൂത്ത്, റീട്രൂത്ത് എന്നിങ്ങനെ. റിപ്പബ്ലിക്കന്‍ അണികളില്‍ ആപ്പിന് വന്‍ ഡിമാന്‍ഡ് ആണെന്നാണു റിപ്പോര്‍ട്ട്.

ട്രംപിന്റെ കീഴിലുള്ള ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പും ഡിജിറ്റല്‍ അക്വിസിഷന്‍സ് ഗ്രൂപ്പും കൂടി ലയിച്ചാണ് പുതിയ പ്ലാറ്റ്‌ഫോം തുടങ്ങിയത്. ഫോളോ ദ ട്രൂത്ത് എന്ന ടാഗ് ലൈനോടെയാണ് ട്രൂത്ത് സോഷ്യലെത്തുന്നത്. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ വിവേചനം കല്‍പ്പിക്കാത്ത നവമാധ്യമമെന്നാണ് വിവരണം നല്‍കിയിരിക്കുന്നത്. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന സിലിക്കണ്‍ വാലിയിലെ ടെക് ഭീമന്മാര്‍ക്കെതിരെ പോരാടാനാണ് ട്രൂത്ത് സോഷ്യല്‍ എത്തുന്നതെന്ന് ടിഎംടിജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലും പറഞ്ഞിരുന്നു.