Technology (Page 55)

പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ട്രൂകോളര്‍. വ്യാജ കോളുകളെ തിരിച്ചറിയുന്നതിന് സര്‍ക്കാര്‍ മേഖലയിലെ നമ്ബറുകള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഡയറക്ടറിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ഉപയോക്താവിന്റെ ഫോണിലേക്ക് വിളിക്കുന്ന വ്യക്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ തട്ടിപ്പുകാരനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 20 മന്ത്രാലയങ്ങളുടെ നമ്ബറുകള്‍, ഇന്‍- ആപ്പ് ഡയറക്ടറിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉദ്യോഗസ്ഥ സ്രോതസുകളില്‍ നിന്നും നേരിട്ട് എടുത്ത വിവരങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഫോണ്‍ നമ്ബറുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല, മുന്‍സിപ്പല്‍ തരത്തിലുള്ള കോണ്‍ടാക്ടുകള്‍ ഉള്‍പ്പെടുത്താനും കമ്ബനി പദ്ധതിയിടുന്നുണ്ട്.

ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാണെന്ന് ട്രൂകോളര്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ആപ്പിളിന്റെ ഐഒഎസ് പതിപ്പിലേക്കും ഈ ഫീച്ചറുകള്‍ അവതരിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി പൗരന്മാര്‍ക്ക് പ്രാദേശിക അധികാരികളെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും.

ന്യൂഡല്‍ഹി: 2022-23 സാമ്ബത്തിക വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ 900 കോടി ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 70,000 കോടി രൂപയോളം വരുമിത്. ഇതുവരെ കയറ്റുമതി 500 കോടി ഡോളര്‍ പിന്നിട്ടതായാണ് കണക്ക്. സാംസംഗ്, ആപ്പിള്‍ എന്നീ കമ്ബനികളാണ് രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തിലും കയറ്റുമതിയിലും വന്‍ കുതിപ്പ്് നടത്തിയിട്ടുള്ളത്.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കയറ്റുമതി 45,000 കോടി രൂപയായിരുന്നു. 2020-ല്‍ കൊണ്ടുവന്ന ഉത്പാദന അനുബന്ധ പദ്ധതിയാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. ഈ പദ്ധതിയനുസരിച്ചാണ് ആപ്പിളിന്റെ കരാര്‍ കമ്ബനികളായ ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ എന്നിവ ഇന്ത്യയിലെത്തിയത്.

ആപ്പിള്‍ ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയായ ചൈനയിലെ ഐഫോണ്‍സിറ്റ് പ്ലാന്റില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ആപ്പിള്‍ ഉത്പാദന കേന്ദ്രം വ്യാപിപ്പിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിന്റെ ഭാഗമായി ആപ്പിള്‍ ഐപാഡ് ഉത്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്ബനിയും സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.

ന്യൂഡല്‍ഹി: യുപിഐ പേയ്മെന്റ് സംവിധാനം നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംവിധാനമാണ്. യുപിഐ ബാങ്ക്-ടു-ബാങ്ക് പണം കൈമാറ്റം എളുപ്പവും സുരക്ഷിതവുമാക്കി. എന്നാല്‍ യുപിഐയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അടയ്ക്കാം. കാനറ ബാങ്ക് പോലുള്ള ചെറുകിട ബാങ്കുകള്‍ 25,000 രൂപ മാത്രം അനുവദിക്കുമ്പോള്‍ എസ്ബിഐ പോലുള്ള വന്‍കിട ബാങ്കുകള്‍ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

അതിനാല്‍ പ്രതിദിന ഇടപാട് ബാങ്കുകള്‍ അനുസരിച്ച് ചിലപ്പോള്‍ മാറാം. ഒരു ദിവസത്തെ പണ കൈമാറ്റ പരിധിക്കൊപ്പം ഒരു ദിവസം നടത്തേണ്ട യുപിഐ കൈമാറ്റങ്ങളുടെ എണ്ണത്തിനും പരിധിയുണ്ട്. പ്രതിദിന യുപിഐ ട്രാന്‍സ്ഫര്‍ പരിധി 20 ഇടപാടുകളായി നടത്താന്‍ സാധിക്കുക. പരിധി കഴിഞ്ഞാല്‍ പരിധി പുതുക്കാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണം. എന്നാല്‍, ഇതും ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടാം.

ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ എന്നിവയുടെ ട്രാന്‍സ്ഫര്‍ പരിധികളെക്കുറിച്ച് അറിയാം…

ജിപേ എല്ലാ ഒരു ദിവസം 10 ഇടപാട് എന്ന പരിധിയില്‍ പ്രതിദിനം 1,00,00 രൂപ വരെ പണ കൈമാറ്റം അനുവദിക്കുന്നു. ഫോണ്‍പേ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയാണ്. എന്നിരുന്നാലും പരിധി ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. അതോടൊപ്പം, ഒരു വ്യക്തിക്ക് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫോണ്‍പേ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കില്‍ 20 എണ്ണം ഇടപാടുകള്‍ നടത്താം. ഈ രണ്ട് ആപ്പുകളില്‍ ഒരു ഉപയോക്താവിന് നടത്താവുന്ന മണി റിക്വസ്റ്റ് 2000 രൂപയാണ്.

പേടിഎം യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ പണം ഒരു ദിവസം കൈമാറാന്‍ സാധിക്കും. ഒപ്പം പേടിഎം ആപ്പിന് മണിക്കൂറിലും ദിവസേനയുള്ള പണ കൈമാറ്റത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. പേടിഎം പ്രതിദിന മണി ട്രാന്‍സ്ഫര്‍ പരിധി – 1,00,000 രൂപയാണ്.പേടിഎമ്മില്‍ ഒരു മണിക്കൂര്‍ പണം ട്രാന്‍സ്ഫര്‍ പരിധി- 20,000 രൂപയാണ്. ഒരു മണിക്കൂറിലെ പേടിഎം യുപിഐ ഇടപാടുകളുടെ എണ്ണം- 5 ആണ്. പ്രതിദിന ഇടപാടുകള്‍ 20 തന്നെയാണ്.

ആമസോണ്‍ പേയും യുപിഐ വഴിയുള്ള പരമാവധി പണ കൈമാറ്റ പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആമസോണ്‍ പേ യുപിഐയില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറില്‍, ഉപയോക്താക്കള്‍ക്ക് 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താന്‍ കഴിയൂ. ബാങ്കിനെ ആശ്രയിച്ച് പ്രതിദിനം ഇടപാടുകളുടെ എണ്ണം 20 ആയി ആമസോണ്‍ പേയില്‍ നിശ്ചയിച്ചിരിക്കുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് മാസങ്ങള്‍ക്കുള്ളില്‍ ബിഎസ്എന്‍എല്‍ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം-റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

നിലവിലെ 4ജി സാങ്കേതികവിദ്യ ഉടനെ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും രാജ്യത്ത് കമ്ബനിയ്ക്ക് ആകെയുളള 1.35 ലക്ഷം ടവറുകളിലൂടെ ഇത് ലഭ്യമാക്കുമെന്നുമാണ് മന്ത്രി നല്‍കുന്ന വിവരം. ടെലികോം വികസന ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും ടെലികോം രംഗത്തെ തദ്ദേശീയ കണ്ടെത്തലുകള്‍ക്ക് പ്രോത്സാഹനത്തിനായി അനുവദിക്കുന്ന തുക 500 കോടിയില്‍ നിന്നും 4000 കോടിയായി ഉയര്‍ത്താന്‍ ആലോചിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ ശക്തമായ സ്ഥിരതയുളള ഘടകമാകുമെന്ന് പറഞ്ഞ മന്ത്രി രാജ്യത്ത് മറ്റൊരു കമ്ബനിക്കും സാധിക്കാത്തത്ര, ഗ്രാമങ്ങളില്‍ പോലും കമ്ബനിയുടെ സേവനമുണ്ടെന്നും അറിയിച്ചു. 5ജി ടെസ്റ്റിംഗിനാവശ്യമായ ഉപകരണങ്ങള്‍ കമ്ബനിയ്ക്ക് നല്‍കാന്‍ ടാറ്റ കണ്‍സള്‍ട്ടണ്‍സി സര്‍വീസസിനോട്(ടിസിഎസ്) ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഎസ്എന്‍എലില്‍ 5ജി നിലവില്‍ വരുന്നതോടെ വിദൂരമേഖലകളില്‍ പോലും സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 2023 ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് ബിഎസ്എന്‍എല്‍ 5ജി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ സൂചനകളാണ് മന്ത്രി നല്‍കിയത്.

വീഡിയോ കോളില്‍ പിക്ചര്‍- ഇന്‍- പിക്ചര്‍ മോഡാണ് അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇതോടെ, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ക്കിടയിലും മള്‍ട്ടി ടാസ്‌കിംഗ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക ഓപ്ഷന്‍ നല്‍കും.

ഈ ഫീച്ചറിന് പുറമേ, ഡിസപ്പയറിംഗ് മെസേജുകള്‍ക്കുള്ള ഷോട്ട് കട്ട് ബട്ടണും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ഡിസപ്പയറിംഗ് മെസേജുകള്‍ പൂര്‍ണമായും പുനക്രമീകരിക്കാനും കമ്ബനി ലക്ഷ്യമിടുന്നുണ്ട്.

വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്ററുകള്‍ക്ക് പിക്ചര്‍- ഇന്‍- പിക്ചര്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, പരീക്ഷണം വിജയിച്ചാല്‍ അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തുന്നതാണ്.

മികച്ച ആപ്പുകളെ തിരഞ്ഞെടുക്കുന്ന ഗൂഗിള്‍ പ്ലേ അവാര്‍ഡ്‌- 2022 പ്രഖ്യാപിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍.

ഏറ്റവും മികച്ച ആപ്പായി ഗൂഗിള്‍ തെരഞ്ഞെടുത്തത് വോംബോയുടെ ഡ്രീമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തി ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ആപ്പാണ് ഡ്രീം. AI അടിസ്ഥാനമാക്കിയുള്ള പഠന ആപ്പായ ക്വെസ്റ്റ് ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആപ്പ്. 2022 ലെ ഏറ്റവും മികച്ച ഗെയിം അപെക്‌സ് ലെജന്‍ഡ്‌സ് മൊബൈല്‍ ആണ്.

യൂസേഴ്‌സ് ചോയ്‌സ് അവാര്‍ഡ് ലഭിച്ച ആപ്പ് ബിറിയല്‍ ആണ്. 2020-ല്‍ പുറത്തുവന്ന ഒരു ഫ്രഞ്ച് സോഷ്യല്‍ മീഡിയ ആപ്പാണ് ബിറിയല്‍. അപെക്‌സ് ലെജന്‍ഡ്‌സ് മൊബൈല്‍ തന്നെയാണ് യൂസര്‍മാരുടെ ഇഷ്ട ഗെയിം. ഇന്ത്യയിലെ യൂസര്‍ ചോയ്സ് ആപ്പ് ‘ഷോപ്പ്സി’യാണ്, അതേസമയം ഗെയിം ആംഗ്രി ബേര്‍ഡ്സ് ജേര്‍ണിയുമാണ്.

നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്ന ഇസ്രായേൽ സ്വദേശികളുടെ എണ്ണം വർദ്ധിക്കുന്നു. ‘ഫർഹ’ എന്ന ചിത്രം സംപ്രേക്ഷണം ചെയ്തതാണ് നെറ്റ്ഫ്ളിക്സിനെതിരെ ഇസ്രായേൽ ജനത പ്രതിഷേധം കനപ്പിക്കാൻ കാരണം. ഇസ്രായേൽ രൂപീകരണ കാലത്ത് പലസ്തീൻ കുടുംബത്തിന് നേരെ ഇസ്രായേൽ പട്ടാളം നടത്തിയ ക്രൂരകൃത്യം പ്രമേയമാക്കിയ ചിത്രമാണ് ഫർഹ. ഡിസംബർ ഒന്നു മുതലാണ് നെറ്റ്ഫ്ളിക്സിൽ ഫർഹ എത്തിയത്.

ചിത്രം എത്തിയതിന് പിന്നാലെ നിരവധി ഇസ്രായേലുകാർ നെറ്റ് ഫ്‌ളിക്‌സിനെതിരെ രംഗത്തെത്തിയിരുന്നു. പിഞ്ചുകുഞ്ഞ് ഉൾപ്പടെ ഒരു പലസ്തീൻ കുടുംബത്തെ ഇസ്രായേൽ പട്ടാളം കൂട്ടക്കൊല നടത്തുന്ന രംഗം ഉൾപ്പെടെ ചിത്രത്തിലുണ്ട്.

പലസ്തീനിയൻ വംശജയായ ജോർദാനിയൻ സംവിധായിക ഡോറീൻ ജെ സല്ലാമിന്റെ ചിത്രമാണ് ഫർഹ. ഇസ്രായേൽ പട്ടാളത്തെ കൊലപാതകികളായി ചിത്രീകരിക്കുന്ന പ്ലാറ്റ്‌ഫോമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കുന്ന ഇസ്രായേലുകാരിൽ പലരും പറയുന്നത്. രാജ്യത്തിന് നേരെയുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങൾക്ക് നേരെ ഇസ്രായേൽ ജനത പ്രതികരിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.

മെസേജുകള്‍ക്കുപരിയായി ഫോട്ടോസും വീഡിയോസും അതിനോടൊപ്പം തന്നെ ഡോക്യുമെന്റുകളും ഇന്ന് വാട്‌സാപ്പ് വഴി പങ്കുവെക്കാന്‍ സാധിക്കും. ഇത് ഫോണിലെ സ്റ്റോറേജ് സ്‌പേസ് നിറഞ്ഞു കവിയുന്നതിനും കാരണമാകാറുണ്ട്. വാട്‌സാപ്പിലുള്ള എല്ലാ ഗ്രൂപ്പുകളിലെയും ചാറ്റുകളില്‍ നിന്നുള്ള മീഡിയ ഫോണില്‍ നിറഞ്ഞു കവിയുമ്‌ബോള്‍ അവ ഒന്നായി ഡിലീറ്റ് ചെയ്യുന്നതായിരിക്കും പതിവ്. ഇങ്ങനെ ഡിലീറ്റ് ചെയ്യുന്നത് വഴി പിന്നീട് ആവശ്യമുളള പല കാര്യങ്ങളും പലപ്പോഴും നഷ്ടപ്പെട്ട് പോകാറുണ്ട്.

വാട്‌സാപ്പില്‍ നിന്നും നഷ്ടമായ മീഡിയ എങ്ങനെ ഫോണില്‍ തിരിച്ചെടുക്കാം?

വാട്ട്‌സാപ്പില്‍ വരുന്ന എല്ലാത്തരം മീഡിയകളും ഫോണ്‍ ഗ്യാലറിയില്‍ ശേഖരിച്ച് വെയ്ക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ വാട്ട്‌സാപ്പില്‍ ഡിലീറ്റ് ചെയ്താലും ഫോണ്‍ സ്റ്റോറേജില്‍ നിന്നും ഇവ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഡാറ്റാ ഉപയോഗിക്കാനായി ഫോണിന്റെ ഫയല്‍ മാനേജര്‍ ആപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഫയല്‍ മാനേജറിലെ വാട്ട്‌സാപ്പ് ഫോള്‍ഡറില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മീഡിയയും ആക്‌സസ് ചെയ്യാവുന്നതാണ്.

ഐഒഎസ് ഉപകരണങ്ങളില്‍ ഐ ക്‌ളൗഡ് വഴിയും ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ഗൂഗിള്‍ ഡ്രൈവ് വഴിയും നഷ്ടപ്പെട്ട മീഡിയ വീണ്ടും ബാക്കപ്പ് ഡാറ്റ വഴി വീണ്ടെടുക്കാവുന്നതാണ്. ആപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്താലും ക്‌ളൗഡ് ബാക്കപ്പ് വഴി ഡാറ്റ വീണ്ടെടുക്കാന്‍ ഒരു എളുപ്പ വഴി പരീക്ഷിക്കാവുന്നതാണ്. വാട്ട്‌സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ലോഗിന്‍ ചെയ്ത് സെറ്റപ്പ് ചെയ്യുന്ന സമയത്ത് ബാക്കപ്പില്‍ നിന്നുള്ള ഡാറ്റ വീണ്ടെടുക്കാനായി റിക്വസ്റ്റ് നല്‍കുക. ഇത് വഴി പഴയ ചാറ്റുകളും മീഡിയയും തിരികെ ലഭിക്കുന്നതാണ്.

വാട്ട്‌സാപ്പില്‍ നിന്നും മീഡിയ ഡിലീറ്റ് ചെയ്യുമ്‌ബോള്‍ പലരും ഗാലറിയില്‍ നിന്ന് കൂടി അവ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് തിരഞ്ഞെടുക്കാറുള്ളത്. ഇത് ഒഴിവാക്കിയാല്‍ ഡിലീറ്റ് ചെയ്യുന്ന മീഡിയ വാട്ട്‌സാപ്പ് ആപ്‌ളിക്കേഷനില്‍ നിന്ന് മാത്രമേ നഷ്ടമാവുകയുള്ളു. ഗാലറിയില്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.

ഇനി വാട്‌സ്ആപ്പില്‍ സ്വന്തമായി മെസേജ് അയക്കാം. നമ്മള്‍ പലകാര്യങ്ങളും മറന്നു പോയതായി വിഷമിക്കാറില്ലേ? എവിടെയെങ്കിലും ഒന്ന് എഴുതിയിടണമെന്നും കരുതാറുണ്ട്. ഇക്കാര്യങ്ങളാണ് ഇനി വാട്സാപ്പില്‍ സാധ്യമാകുന്നത്.

വണ്‍ ടു വണ്‍ ഓപ്ഷനായി ഉപഭോക്താക്കള്‍ക്ക് സ്വയം കുറിപ്പുകളും ഓര്‍മ്മപ്പെടുത്തലുകളും അയക്കാം. കടയില്‍ നിന്നും സാധനം വാങ്ങുന്നതിന്റെയോ മടങ്ങിവരുമ്‌ബോള്‍ ചെയ്യേണ്ട വീട്ടുജോലിയെ കുറിച്ചോ എല്ലാം ഇത്തരത്തില്‍ സന്ദേശം കണ്ട് ഓര്‍ത്തെടുക്കാം. വരുന്ന ആഴ്ചകളില്‍ തന്നെ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ഇപ്പോള്‍ത്തന്നെ ഇത്തരത്തില്‍ ഈ ഫീച്ചര്‍ ഇല്ലാതെ മെസേജ് അയക്കാം. എന്നാല്‍ ഉപഭോക്താവിന് തന്നെ സഹായകമായ ഫീച്ചര്‍ ആയി മാറുന്നത് ഇപ്പോഴാണ്.

ഇതിനായി ആദ്യം വാട്സാപ്പ് ഓപ്പണ്‍ ചെയ്യുക. ഇനി ക്രിയേറ്റ് ന്യൂ ചാറ്റ് എടുക്കുക. കോണ്ടാക്ടുകളില്‍ ഏറ്റവും ആദ്യമായി നിങ്ങളുടെ തന്നെ പേര് കാണാം. ഇനി സ്വന്തം പ്രൊഫൈല്‍ കാണുന്നതില്‍ ക്‌ളിക്ക് ചെയ്ത് മെസേജ് അയച്ചോളൂ. ഇതിന് പുറമേ വാട്സാപ്പ് ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കള്‍ക്ക് കോള്‍ ഹിസ്റ്ററി അറിയുന്നതിനുളള ഫീച്ചറും വൈകാതെ വാട്സാപ്പ് കൊണ്ടുവരും. ഇതിലൂടെ ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കള്‍ക്ക് വലിയ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഡിസംബര്‍ മൂന്നിനായിരുന്നു ലോകത്തില്‍ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ഇപ്പോള്‍ ടെക്സ്റ്റ് മെസ്സേജുകളില്‍ നിന്നും വോയിസ് മെസ്സേജുകളിലേക്കും വീഡിയോ മെസ്സേജുകളിലേക്ക് ഒക്കെ കാലം വളര്‍ന്നു.

യുണൈറ്റഡ് കിംഗ്ഡത്തിലെ ബെര്‍ക്ക്ഷെയറിലെ ഒരു വോഡഫോണ്‍ എഞ്ചിനീയര്‍ ആണ് ആദ്യമായി ഈ ടെക്സ്റ്റ് മെസ്സേജ് അയച്ച ആള്‍. സോഫ്റ്റ്വെയര്‍ പ്രോഗ്രാമറായ നീല്‍ പാപ്വര്‍ത്ത് ആയിരുന്നു ആ എന്‍ജിനീയര്‍. അദ്ദേഹം തന്റെ സ്ഥാപനത്തിന്റെ മേധാവികളില്‍ ഒരാളായ റിച്ചാര്‍ഡ് ജാര്‍വിസിന് ആണ് ഈ സന്ദേശം അയച്ചത്. ജാര്‍വിസ് ഒരു ക്രിസ്മസ് പാര്‍ട്ടിയിലായിരുന്നതിനാല്‍ പാപ്വര്‍ത്തിന് മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെക്‌നോളജി പരീക്ഷിക്കാന്‍ ആണെങ്കില്‍ കൂടിയും ക്രിസ്തുമസ് മാസം ആയതിനാല്‍ ആയിരിക്കണം അന്ന് അദ്ദേഹം അയച്ചത് ‘മെറി ക്രിസ്മസ്’ എന്നായിരുന്നു.

ആദ്യത്തെ ഈ ടെക്സ്റ്റ് മെസ്സേജ് അയക്കാന്‍ അദ്ദേഹം ഉപയോഗിച്ച ഫോണ്‍ ഒരു പുതിയ ഓര്‍ബിറ്റെല്‍ 901 ആണെന്നും 2.1 കിലോഗ്രാം ഭാരമുള്ളതായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരമാവധി 160 അക്ഷരങ്ങളാണ് ടെക്സ്റ്റ് മെസ്സേജിന്റെ ലെങ്ത്. 1980 -കളുടെ തുടക്കത്തിലാണ് ഈ ആശയം ജനിച്ചത്, എന്നാല്‍, ഇത് ഒരു മൊബൈല്‍ ഫോണിലേക്ക് കൈമാറുന്നതിന് ഏകദേശം പത്ത് വര്‍ഷമെടുത്തു. പിന്നീട് ഫോണ്‍ ഉപയോക്താക്കള്‍ ഓരോ വര്‍ഷവും ശതകോടിക്കണക്കിന് SMS സന്ദേശങ്ങള്‍ അയച്ചു, 2010 -ല്‍ ‘ടെക്സ്റ്റിംഗ്’ എന്ന പദം നിഘണ്ടുവിലും ഇടം പിടിച്ചു.