ഫർഹ വിവാദം; നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്ന ഇസ്രായേൽ സ്വദേശികളുടെ എണ്ണത്തിൽ വർദ്ധനവ്

നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്ന ഇസ്രായേൽ സ്വദേശികളുടെ എണ്ണം വർദ്ധിക്കുന്നു. ‘ഫർഹ’ എന്ന ചിത്രം സംപ്രേക്ഷണം ചെയ്തതാണ് നെറ്റ്ഫ്ളിക്സിനെതിരെ ഇസ്രായേൽ ജനത പ്രതിഷേധം കനപ്പിക്കാൻ കാരണം. ഇസ്രായേൽ രൂപീകരണ കാലത്ത് പലസ്തീൻ കുടുംബത്തിന് നേരെ ഇസ്രായേൽ പട്ടാളം നടത്തിയ ക്രൂരകൃത്യം പ്രമേയമാക്കിയ ചിത്രമാണ് ഫർഹ. ഡിസംബർ ഒന്നു മുതലാണ് നെറ്റ്ഫ്ളിക്സിൽ ഫർഹ എത്തിയത്.

ചിത്രം എത്തിയതിന് പിന്നാലെ നിരവധി ഇസ്രായേലുകാർ നെറ്റ് ഫ്‌ളിക്‌സിനെതിരെ രംഗത്തെത്തിയിരുന്നു. പിഞ്ചുകുഞ്ഞ് ഉൾപ്പടെ ഒരു പലസ്തീൻ കുടുംബത്തെ ഇസ്രായേൽ പട്ടാളം കൂട്ടക്കൊല നടത്തുന്ന രംഗം ഉൾപ്പെടെ ചിത്രത്തിലുണ്ട്.

പലസ്തീനിയൻ വംശജയായ ജോർദാനിയൻ സംവിധായിക ഡോറീൻ ജെ സല്ലാമിന്റെ ചിത്രമാണ് ഫർഹ. ഇസ്രായേൽ പട്ടാളത്തെ കൊലപാതകികളായി ചിത്രീകരിക്കുന്ന പ്ലാറ്റ്‌ഫോമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കുന്ന ഇസ്രായേലുകാരിൽ പലരും പറയുന്നത്. രാജ്യത്തിന് നേരെയുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങൾക്ക് നേരെ ഇസ്രായേൽ ജനത പ്രതികരിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.