വാട്‌സാപ്പില്‍ നിന്നും നഷ്ടമായ മീഡിയ തിരിച്ചെടുക്കണോ?

മെസേജുകള്‍ക്കുപരിയായി ഫോട്ടോസും വീഡിയോസും അതിനോടൊപ്പം തന്നെ ഡോക്യുമെന്റുകളും ഇന്ന് വാട്‌സാപ്പ് വഴി പങ്കുവെക്കാന്‍ സാധിക്കും. ഇത് ഫോണിലെ സ്റ്റോറേജ് സ്‌പേസ് നിറഞ്ഞു കവിയുന്നതിനും കാരണമാകാറുണ്ട്. വാട്‌സാപ്പിലുള്ള എല്ലാ ഗ്രൂപ്പുകളിലെയും ചാറ്റുകളില്‍ നിന്നുള്ള മീഡിയ ഫോണില്‍ നിറഞ്ഞു കവിയുമ്‌ബോള്‍ അവ ഒന്നായി ഡിലീറ്റ് ചെയ്യുന്നതായിരിക്കും പതിവ്. ഇങ്ങനെ ഡിലീറ്റ് ചെയ്യുന്നത് വഴി പിന്നീട് ആവശ്യമുളള പല കാര്യങ്ങളും പലപ്പോഴും നഷ്ടപ്പെട്ട് പോകാറുണ്ട്.

വാട്‌സാപ്പില്‍ നിന്നും നഷ്ടമായ മീഡിയ എങ്ങനെ ഫോണില്‍ തിരിച്ചെടുക്കാം?

വാട്ട്‌സാപ്പില്‍ വരുന്ന എല്ലാത്തരം മീഡിയകളും ഫോണ്‍ ഗ്യാലറിയില്‍ ശേഖരിച്ച് വെയ്ക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ വാട്ട്‌സാപ്പില്‍ ഡിലീറ്റ് ചെയ്താലും ഫോണ്‍ സ്റ്റോറേജില്‍ നിന്നും ഇവ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഡാറ്റാ ഉപയോഗിക്കാനായി ഫോണിന്റെ ഫയല്‍ മാനേജര്‍ ആപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഫയല്‍ മാനേജറിലെ വാട്ട്‌സാപ്പ് ഫോള്‍ഡറില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മീഡിയയും ആക്‌സസ് ചെയ്യാവുന്നതാണ്.

ഐഒഎസ് ഉപകരണങ്ങളില്‍ ഐ ക്‌ളൗഡ് വഴിയും ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ഗൂഗിള്‍ ഡ്രൈവ് വഴിയും നഷ്ടപ്പെട്ട മീഡിയ വീണ്ടും ബാക്കപ്പ് ഡാറ്റ വഴി വീണ്ടെടുക്കാവുന്നതാണ്. ആപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്താലും ക്‌ളൗഡ് ബാക്കപ്പ് വഴി ഡാറ്റ വീണ്ടെടുക്കാന്‍ ഒരു എളുപ്പ വഴി പരീക്ഷിക്കാവുന്നതാണ്. വാട്ട്‌സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ലോഗിന്‍ ചെയ്ത് സെറ്റപ്പ് ചെയ്യുന്ന സമയത്ത് ബാക്കപ്പില്‍ നിന്നുള്ള ഡാറ്റ വീണ്ടെടുക്കാനായി റിക്വസ്റ്റ് നല്‍കുക. ഇത് വഴി പഴയ ചാറ്റുകളും മീഡിയയും തിരികെ ലഭിക്കുന്നതാണ്.

വാട്ട്‌സാപ്പില്‍ നിന്നും മീഡിയ ഡിലീറ്റ് ചെയ്യുമ്‌ബോള്‍ പലരും ഗാലറിയില്‍ നിന്ന് കൂടി അവ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് തിരഞ്ഞെടുക്കാറുള്ളത്. ഇത് ഒഴിവാക്കിയാല്‍ ഡിലീറ്റ് ചെയ്യുന്ന മീഡിയ വാട്ട്‌സാപ്പ് ആപ്‌ളിക്കേഷനില്‍ നിന്ന് മാത്രമേ നഷ്ടമാവുകയുള്ളു. ഗാലറിയില്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.