30 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ലോകത്തിലെ ആദ്യ ടെക്സ്റ്റ് മെസ്സേജ് എന്താണെന്നറിയാമോ?

30 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഡിസംബര്‍ മൂന്നിനായിരുന്നു ലോകത്തില്‍ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ഇപ്പോള്‍ ടെക്സ്റ്റ് മെസ്സേജുകളില്‍ നിന്നും വോയിസ് മെസ്സേജുകളിലേക്കും വീഡിയോ മെസ്സേജുകളിലേക്ക് ഒക്കെ കാലം വളര്‍ന്നു.

യുണൈറ്റഡ് കിംഗ്ഡത്തിലെ ബെര്‍ക്ക്ഷെയറിലെ ഒരു വോഡഫോണ്‍ എഞ്ചിനീയര്‍ ആണ് ആദ്യമായി ഈ ടെക്സ്റ്റ് മെസ്സേജ് അയച്ച ആള്‍. സോഫ്റ്റ്വെയര്‍ പ്രോഗ്രാമറായ നീല്‍ പാപ്വര്‍ത്ത് ആയിരുന്നു ആ എന്‍ജിനീയര്‍. അദ്ദേഹം തന്റെ സ്ഥാപനത്തിന്റെ മേധാവികളില്‍ ഒരാളായ റിച്ചാര്‍ഡ് ജാര്‍വിസിന് ആണ് ഈ സന്ദേശം അയച്ചത്. ജാര്‍വിസ് ഒരു ക്രിസ്മസ് പാര്‍ട്ടിയിലായിരുന്നതിനാല്‍ പാപ്വര്‍ത്തിന് മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെക്‌നോളജി പരീക്ഷിക്കാന്‍ ആണെങ്കില്‍ കൂടിയും ക്രിസ്തുമസ് മാസം ആയതിനാല്‍ ആയിരിക്കണം അന്ന് അദ്ദേഹം അയച്ചത് ‘മെറി ക്രിസ്മസ്’ എന്നായിരുന്നു.

ആദ്യത്തെ ഈ ടെക്സ്റ്റ് മെസ്സേജ് അയക്കാന്‍ അദ്ദേഹം ഉപയോഗിച്ച ഫോണ്‍ ഒരു പുതിയ ഓര്‍ബിറ്റെല്‍ 901 ആണെന്നും 2.1 കിലോഗ്രാം ഭാരമുള്ളതായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരമാവധി 160 അക്ഷരങ്ങളാണ് ടെക്സ്റ്റ് മെസ്സേജിന്റെ ലെങ്ത്. 1980 -കളുടെ തുടക്കത്തിലാണ് ഈ ആശയം ജനിച്ചത്, എന്നാല്‍, ഇത് ഒരു മൊബൈല്‍ ഫോണിലേക്ക് കൈമാറുന്നതിന് ഏകദേശം പത്ത് വര്‍ഷമെടുത്തു. പിന്നീട് ഫോണ്‍ ഉപയോക്താക്കള്‍ ഓരോ വര്‍ഷവും ശതകോടിക്കണക്കിന് SMS സന്ദേശങ്ങള്‍ അയച്ചു, 2010 -ല്‍ ‘ടെക്സ്റ്റിംഗ്’ എന്ന പദം നിഘണ്ടുവിലും ഇടം പിടിച്ചു.