വ്യാജന്മാരെ തിരിച്ചറിയാം; പുത്തന്‍ ഫീച്ചറുമായി ട്രൂകോളര്‍

പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ട്രൂകോളര്‍. വ്യാജ കോളുകളെ തിരിച്ചറിയുന്നതിന് സര്‍ക്കാര്‍ മേഖലയിലെ നമ്ബറുകള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഡയറക്ടറിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ഉപയോക്താവിന്റെ ഫോണിലേക്ക് വിളിക്കുന്ന വ്യക്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ തട്ടിപ്പുകാരനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 20 മന്ത്രാലയങ്ങളുടെ നമ്ബറുകള്‍, ഇന്‍- ആപ്പ് ഡയറക്ടറിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉദ്യോഗസ്ഥ സ്രോതസുകളില്‍ നിന്നും നേരിട്ട് എടുത്ത വിവരങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഫോണ്‍ നമ്ബറുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല, മുന്‍സിപ്പല്‍ തരത്തിലുള്ള കോണ്‍ടാക്ടുകള്‍ ഉള്‍പ്പെടുത്താനും കമ്ബനി പദ്ധതിയിടുന്നുണ്ട്.

ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാണെന്ന് ട്രൂകോളര്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ആപ്പിളിന്റെ ഐഒഎസ് പതിപ്പിലേക്കും ഈ ഫീച്ചറുകള്‍ അവതരിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി പൗരന്മാര്‍ക്ക് പ്രാദേശിക അധികാരികളെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും.