ന്യൂഡല്‍ഹി: 2022-23 സാമ്ബത്തിക വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ 900 കോടി ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 70,000 കോടി രൂപയോളം വരുമിത്. ഇതുവരെ കയറ്റുമതി 500 കോടി ഡോളര്‍ പിന്നിട്ടതായാണ് കണക്ക്. സാംസംഗ്, ആപ്പിള്‍ എന്നീ കമ്ബനികളാണ് രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തിലും കയറ്റുമതിയിലും വന്‍ കുതിപ്പ്് നടത്തിയിട്ടുള്ളത്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കയറ്റുമതി 45,000 കോടി രൂപയായിരുന്നു. 2020-ല്‍ കൊണ്ടുവന്ന ഉത്പാദന അനുബന്ധ പദ്ധതിയാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. ഈ പദ്ധതിയനുസരിച്ചാണ് ആപ്പിളിന്റെ കരാര്‍ കമ്ബനികളായ ഫോക്സ്കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ എന്നിവ ഇന്ത്യയിലെത്തിയത്.
ആപ്പിള്‍ ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയായ ചൈനയിലെ ഐഫോണ്‍സിറ്റ് പ്ലാന്റില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ആപ്പിള്‍ ഉത്പാദന കേന്ദ്രം വ്യാപിപ്പിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിന്റെ ഭാഗമായി ആപ്പിള്‍ ഐപാഡ് ഉത്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്ബനിയും സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.

