Technology (Page 3)

ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ. പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.

പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷനാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. ഇതിന് ഇരയാകുന്നവർ പലരും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്റെ ചാർജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനു ഒരേ കേബിൾ തന്നെ ഉപയോഗിക്കാൻ തുടങ്ങിയതു മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറുന്നത്.

ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്സ് വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്സ് വേഡുകൾ റീസെറ്റ് ചെയ്ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ ലോഗ് ഔട്ട് ചെയ്യിച്ച ശേഷം സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പ്രവർത്തനരീതി. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.

ഇത്തരം തട്ടിപ്പുകൾക്കെതിരെ നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നു നോക്കാം.

പൊതു ചാർജ്ജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക. ഫോൺ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.

പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്‌ലെറ്റുകൾ ഉപയോഗിക്കുക. യാത്രകളിൽ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക. കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം. ഓർക്കുക, നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ കഴിയൂ.

ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ പേരുവിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി.

വിശ്വാസ്യത ഉറപ്പുവരുത്താൻ കോൺഫറൻസ് കോൾ വഴി പെൺകുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടർന്ന് പെൺകുട്ടിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ നമ്പർ കൊടുക്കുകയും ചെയ്യുന്നു.

വിവാഹിതരാകാൻ പോകുന്ന താൽപര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും പെൺകുട്ടി സംസാരിക്കുന്നു. ഇതിനിടയിൽ ഫീസിനത്തിൽ തുക മുഴുവൻ ഇവർ ശേഖരിച്ച ശേഷം പതിയെ ഡീലിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം ആരംഭിക്കുന്നു. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങൾ ആവും അവതരിപ്പിക്കുക. ഇത്തരം തട്ടിപ്പുകളിൽപെടുന്നവർക്ക് തട്ടിപ്പുകാർ വിവിധ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ സംസാരിക്കുന്നത് ഒരു സ്ത്രീ തന്നെയായിരിക്കും.

വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനർവിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. പണം നഷ്ടപ്പെടുന്നവർ മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം അറിയാനും വൈകുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം.

വാഹനം വിൽക്കുവാനും വാങ്ങുന്നതിനും OLX പോലുള്ള സേവനങ്ങളെ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇതു വഴിയുള്ള തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ച് വരുന്നുണ്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.

പട്ടാളക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആയുർവേദ ചികിത്സയ്ക്ക് വരുവാനോ വീട് വില്പനയ്ക്കോ തന്റെ വാഹനം മാർക്കറ്റ് നിലവാരത്തിലും കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്കോ പരസ്യം ചെയ്യുന്നതാണ് ഈ തട്ടിപ്പ് കാരുടെ സ്ഥിരം രീതി. ഞാൻ മിലിറ്ററി ക്യാമ്പിൽ ആണ് ജോലി ചെയ്യുന്നത്. എനിക്ക് പെട്ടന്ന് സ്ഥലമാറ്റം ലഭിച്ചു. ഞാൻ പുതിയതായി വാങ്ങിച്ച furniture/ വാഹനം കൊണ്ട് പോകുവാൻ ചിലവ് വരുന്നത് കൊണ്ട് ചെറിയ തുകക്ക് olx വഴി വിൽപ്പന നടത്തുകയാണ് അല്ലെങ്കിൽ ആയുർവേദ ചികിത്സയ്ക്കായി ഏകദേശം 30 പേര് ഉണ്ടെന്നും ചികിത്സയ്ക്കായുള്ള തുക അക്കൗണ്ടിൽ ലഭിക്കുന്നതിനായി ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും തുക ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും പറയുന്നു.

ഇതുമാത്രമല്ല ഇതിന് വേണ്ടി വ്യാജ മിലിറ്ററി കാർഡ്, ക്യാന്റീൻ കാർഡ് എന്നിവ അയച്ചു തന്നു വിശ്വാസം പിടിച്ച് പറ്റും. മാത്രമല്ല മിലിറ്ററി യൂണിഫോം ധരിച്ച് വീഡിയോ കാൾ കൂടി ചെയ്യുന്നതിലൂടെ ഇത്തരം തട്ടിപ്പുകാർ നമ്മുടെ വിശ്വാസം പിടിച്ചു പറ്റുന്നു. അയച്ചുതന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ അക്കൗണ്ടിലെ തുക മുഴുവനും നമുക്ക് നഷ്ടമാകുന്നു അപ്പോഴാണ് കബളിപ്പിക്കപെട്ടു എന്ന് മനസ്സിലാവുക. ആപ്പോഴേക്കും ഈ തട്ടിപ്പുകാർ ഈ നമ്പറും നിങ്ങളെയും ഒഴിവാക്കി വേറെ ആളിനെ പറ്റിക്കാൻ പോയിട്ടുണ്ടാവും.

ഓർക്കുക ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകാർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ഒരു മണിക്കൂറിനകം (Golden Hour) 1930 ൽ അറിയിക്കുക.എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ പോലീസ്.

മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഹണിട്രാപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഹണിട്രാപ്പിൽപ്പെടുന്നത് നമ്മൾ അറിയാതെ വേണമെങ്കിലും ആകാമെന്ന് പോലീസ് പറയുന്നു. ഇത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പോലീസ് വിശദീകരിച്ചിട്ടുണ്ട്.

നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാൾ നഗ്‌നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്‌ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.

സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം
1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

ഫോൺ കോളുകൾ, ഇമെയിലുകൾ, എസ്എംഎസ്, വാട്ട്സ്ആപ്പ് തുടങ്ങിയവയിലൂടെ ലോട്ടറി അടിച്ചതായി സന്ദേശങ്ങൾ വരാറില്ലേ. ലോട്ടറിയോ വിലകൂടിയ സമ്മാനത്തിനോ നമ്മൾ അർഹരാണ് എന്ന് വിശ്വസിപ്പിച്ച് കൊണ്ടാവും നമുക്ക് സന്ദേശങ്ങൾ വരിക. പലരും സന്തോഷത്തോടെ ഈ സന്ദേശങ്ങൾ വിശ്വസിക്കുകയും തിരിച്ച് പ്രതികരിക്കുകയും ചെയ്യും. ഇത്തരം സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിദഗ്ധർ.

പലപ്പോഴും നമ്മുടെ വ്യക്തിഗത വിവരങ്ങൾ ആകും ആദ്യം നൽകുക. പിന്നീട് പ്രോസസിംഗ് ഫീ അല്ലെങ്കിൽ നികുതിയായി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ അഭ്യർത്ഥിക്കും. പണം അയച്ചുകഴിഞ്ഞാൽ, വാഗ്ദാനം ചെയ്ത സമ്മാനം കിട്ടുകയുമില്ല നമ്മുടെ കയ്യിലെ പണവും നഷ്ടമാകുന്നു. ലോട്ടറി സമ്മാനം/ക്യാഷ് പ്രൈസ് എന്നിവ കൈപ്പറ്റുന്നതിന് മുൻകൂർ ആയി പ്രോസസിങ് ഫീയോ ടാക്‌സോ നൽകേണ്ടതില്ലെന്ന് ഓർക്കണം. പണം ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങളോട് ഒന്നും തന്നെ പ്രതികരിക്കരുത്.

ഇത്തരം സൈബർ തട്ടിപ്പുകൾ അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് നിങ്ങൾ ഇരയായിട്ടുണ്ടെങ്കിൽ 1930 എന്ന സൈബർ-ക്രൈം ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

സാൻഫ്രാൻസിസ്‌കോ: ജി-മെയിൽ ആരംഭിച്ചിട്ട് 20 വർഷം പൂർത്തിയായി. ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004 ഏപ്രിൽ ഒന്നിനായിരുന്നു ജി-മെയിൽ സംവിധാനം ആരംഭിച്ചത്. ഒരു അക്കൗണ്ടിന് ഒരു ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സൗജന്യ സേവനം ഇവയൊക്കെയായിരുന്നു ജി-മെയിലിന്റെ മുഖമുദ്ര.

ഇ-മെയിൽ സേവനങ്ങളായ യാഹൂവും ഗൂഗിളും 30-60 ഇ-മെയിലുകൾ മാത്രം സൂക്ഷിക്കാൻ കഴിയുന്ന സേവനം നൽകിയ കാലത്താണ് 13,500 മെയിലുകൾ വരെ സൂക്ഷിക്കാൻ കഴിയുന്ന ജി-മെയിൽ എത്തിയത്. അത് അക്കാലത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു. 180 കോടി ഉപഭോക്താക്കളാണ് ഇപ്പോൾ ജി മെയിലിൽ ഉള്ളത്.

ഉപഭോക്താക്കളുടെ സന്ദേശ കൈമാറ്റങ്ങൾ സുഗമമാക്കാനും സുരക്ഷയും സ്വകാര്യതയും ഒരുക്കാനുള്ള നിരവധി ഫീച്ചറുകൾ ജി മെയിൽ ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 1 മുതൽ ഒരുപാട് ഇമെയിലുകൾ ഒന്നിച്ച് അയക്കുന്നവർക്കുള്ള പുതിയ സുരക്ഷാ നിയമങ്ങളും കമ്പനി അവതരിപ്പിച്ചു. പുതിയ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരായില്ലെങ്കിൽ കൂട്ടമായി സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. ഒരു തവണയെങ്കിലും 5000 ഇമെയിലുകൾ അയച്ചവരെ ബൾക്ക് സെന്റർമാരായി കണക്കാക്കുകയും വീണ്ടും ബൾക്ക് ഇമെയിലുകൾ അയക്കണമെങ്കിൽ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകുകയും വേണമെന്നാണ് പുതിയ നിബന്ധന.

യുഐഡിഎഐ പോർട്ടൽ വഴി ആധാർ രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ നൽകണം. 10 വർഷത്തിലൊരിക്കൽ ആധാറിലെ വിവരങ്ങൾ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയൽ, മേൽവിലാസ രേഖകളുടെ സഹായത്തോടെയാണ് ഓൺലൈനായി സൗജന്യമായി വിവരങ്ങൾ പുതുക്കേണ്ടത്.

ഓൺലൈനായി വിവരങ്ങൾ പുതുക്കുമ്പോൾ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. തുടർന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. തിരിച്ചറിയൽ, മേൽവിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ വേണം. സൈറ്റിൽ കയറി Document Update ൽ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാൻ.

അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ലഭിക്കും. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും.

നമ്മളെല്ലാവരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരാണ്. പലരുടെയും സ്മാർട്ട്‌ഫോണുകൾ ചിലപ്പോൾ നല്ലതുപോലെ ചൂടാകാറുണ്ട്. ഫോൺ അമിതമായി ചൂടാകാതിരിക്കാൻ ചില വഴികൾ പരീക്ഷിക്കാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ഫോൺ പതിവായി ചൂടാകുകയാണെങ്കിൽ, സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ബ്രൈറ്റ്‌നസിൽ ഫോൺ കൂടുതൽ നേരം ഉപയോഗിക്കുന്നത് ഒഴിവാക്കണം. സ്‌ക്രീൻ

ബ്രൈറ്റ്‌നസ് പരമാവധി വർധിപ്പിക്കുകയും ത്രീഡി വാൾപേപ്പറുകളും മറ്റും ചെയ്യുന്നത് ഫോണിന്റെ ഫങ്ഷനിങ്ങിനു തടസമാണ്. താങ്ങാനാകാത്തത് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കുന്നത് ഫോൺ ചൂടാകുന്നതിനു കാരണമാകും. ഫോണിന്റെ സിപിയു ഓവർലോഡ് ആണെങ്കിൽ ഫോണിനെ ഉള്ളിൽ നിന്ന് ചൂടാക്കുന്നു.

കുറഞ്ഞ റാം ശേഷിയിൽ കൂടുതൽ ആപ്പുകൾ ഉൾകൊള്ളിക്കുന്നത് പലപ്പോഴും ഫോണിനെ ചൂടാക്കും. നിരവധി ആപ്പുകൾ പ്രവർത്തിക്കുന്നത് ഫോൺ അമിതമായി ചൂടാകുന്നതിനു കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തകരാറിലായ ബാറ്ററിയോ, ചാർജറോ ഫോൺ അമിതമായി ചൂടാകാൻ ഇടയാക്കും. 80% കഴിഞ്ഞ് ചാർജ് ആകുമ്പോൾ തന്നെ ഫോൺ ചാർജറിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

ചാർജിങ്ങിലെ അശ്രദ്ധ ഫോൺ ചൂടാകാനും തകരാറിലാകാനും കാരണമാകുന്നു. ചാർജിങ്ങിനിടെ ഫോൺ ചൂടാകുന്നുണ്ടെങ്കിൽ കുറച്ച് ഇടവേളയെടുത്ത് ചാർജ് ചെയ്യാം. ഏറെനേരം നീണ്ടു നിൽക്കുന്ന ഗെയിമിങ്, ഓൺലൈൻ വീഡിയോ കാണൽ എന്നിവയൊക്കെ ഫോൺ ചൂടാകുന്നതിന് കാരണമാകും. ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കണം. ഫോൺ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.