ലോട്ടറി തട്ടിപ്പ്; മുന്നറിയിപ്പുമായി വിദഗ്ധർ

ഫോൺ കോളുകൾ, ഇമെയിലുകൾ, എസ്എംഎസ്, വാട്ട്സ്ആപ്പ് തുടങ്ങിയവയിലൂടെ ലോട്ടറി അടിച്ചതായി സന്ദേശങ്ങൾ വരാറില്ലേ. ലോട്ടറിയോ വിലകൂടിയ സമ്മാനത്തിനോ നമ്മൾ അർഹരാണ് എന്ന് വിശ്വസിപ്പിച്ച് കൊണ്ടാവും നമുക്ക് സന്ദേശങ്ങൾ വരിക. പലരും സന്തോഷത്തോടെ ഈ സന്ദേശങ്ങൾ വിശ്വസിക്കുകയും തിരിച്ച് പ്രതികരിക്കുകയും ചെയ്യും. ഇത്തരം സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിദഗ്ധർ.

പലപ്പോഴും നമ്മുടെ വ്യക്തിഗത വിവരങ്ങൾ ആകും ആദ്യം നൽകുക. പിന്നീട് പ്രോസസിംഗ് ഫീ അല്ലെങ്കിൽ നികുതിയായി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ അഭ്യർത്ഥിക്കും. പണം അയച്ചുകഴിഞ്ഞാൽ, വാഗ്ദാനം ചെയ്ത സമ്മാനം കിട്ടുകയുമില്ല നമ്മുടെ കയ്യിലെ പണവും നഷ്ടമാകുന്നു. ലോട്ടറി സമ്മാനം/ക്യാഷ് പ്രൈസ് എന്നിവ കൈപ്പറ്റുന്നതിന് മുൻകൂർ ആയി പ്രോസസിങ് ഫീയോ ടാക്‌സോ നൽകേണ്ടതില്ലെന്ന് ഓർക്കണം. പണം ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങളോട് ഒന്നും തന്നെ പ്രതികരിക്കരുത്.

ഇത്തരം സൈബർ തട്ടിപ്പുകൾ അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് നിങ്ങൾ ഇരയായിട്ടുണ്ടെങ്കിൽ 1930 എന്ന സൈബർ-ക്രൈം ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യേണ്ടതാണ്.