ആധാർ പുതുക്കേണ്ടത് എങ്ങനെ?

യുഐഡിഎഐ പോർട്ടൽ വഴി ആധാർ രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ നൽകണം. 10 വർഷത്തിലൊരിക്കൽ ആധാറിലെ വിവരങ്ങൾ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയൽ, മേൽവിലാസ രേഖകളുടെ സഹായത്തോടെയാണ് ഓൺലൈനായി സൗജന്യമായി വിവരങ്ങൾ പുതുക്കേണ്ടത്.

ഓൺലൈനായി വിവരങ്ങൾ പുതുക്കുമ്പോൾ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. തുടർന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. തിരിച്ചറിയൽ, മേൽവിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ വേണം. സൈറ്റിൽ കയറി Document Update ൽ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാൻ.

അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ലഭിക്കും. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും.