Technology (Page 21)

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 ന് യു പി ഐ വഴിയുള്ള പ്രതിമാസ ഇടപാടുകളുടെ എണ്ണം 10 ബില്യൺ കഴിഞ്ഞതായി റിപ്പോർട്ടുകൾ. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ തരത്തിലുമുള്ള റീട്ടെയ്ൽ പെയ്മെന്റുകളും തൽക്ഷണം നടത്താനായി നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമായിരുന്നു യു പി ഐ. 15.76 ലക്ഷം കോടി രൂപയായിരുന്നു ഓഗസ്റ്റിൽ മാത്രം നടന്നത്. ഇതോടെ ജൂലൈയിലെ 15.34 ലക്ഷം കോടി രൂപയുടെ റെക്കോർഡും മറി കടന്നിരിക്കുകയാണ്.

അടുത്തിടെ യു പി ഐ യിൽ നിർണായാകമായ മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. യു പി ഐ ലൈറ്റിന്റെ ഇടപാടിന്റെ പരിധി 200 ൽ നിന്ന് 500 ആക്കി മാറ്റിയതും ലോൺ അക്കൗണ്ടുകൾ യു പി ഐ യുമായി ബന്ധിപ്പിക്കുന്നതിനായി ആർ ബി ഐ അനുമതി നൽകിയത് വഴി ആളുകൾക്ക് യു പി ഐ വഴി വേഗത്തിൽ വായ്പ അടയ്ക്കാനാകുമെന്നതും പ്രധാന മാറ്റമായിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് 1.1% ഇന്റർചേഞ്ച്‌ ഫീസ് ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത് 2023 ഏപ്രിൽ ഒന്ന് മുതലായിരുന്നു.

ഇൻസ്റ്റഗ്രാം റീലുകളുടെ സമയപരിധി കൂട്ടാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടിക് ടോക്, യൂട്യൂബ് എന്നിവയുമായി മത്സരിക്കുന്നതിനാണ് മാറ്റം കൊണ്ടുവരുന്നതെന്ന് പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. ഡെവലപ്പർ അലക്സാൺഡ്രോ പാലൂസിയാണ് എക്‌സിലൂടെ ഈ വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിന്റെ പ്രധാനപെട്ട എതിരാളികൾ 2022 ൽ തന്നെ ഹ്രസ്വ വീഡിയോ പരിധി 10 മിനിറ്റായി ഉയർത്തിയിരുന്നു.

പുതിയ അപ്ഡേഷൻ ഇൻസ്റ്റാഗ്രാമിൽ വരുന്നതോട് കൂടി കണ്ടന്റ് ക്രിയേറ്റർമാർക്ക് വിനോദ വീഡിയോകൾ, പാചകം, ബ്യൂട്ടി വീഡിയോസ് എന്നിവ പോസ്റ്റ്‌ ചെയ്യാനാകും. എന്നാൽ ഈ പുതിയ അപ്ഡേഷൻ എന്ന് വരുമെന്നതിനെ കുറിച്ച് ഇൻസ്റ്റാഗ്രാം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2010 ഒക്ടോബറിൽ ഇറങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് ഇൻസ്റ്റാഗ്രാം. പിന്തുടരുന്നവർക്ക് വിനോദവും അറിവും പകരുന്ന റീലുകൾ നിർമിക്കാൻ ഈ ആപ്പിൽ കഴിയും.

ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ആപ്പായി എക്‌സിനെ മാറ്റാനൊരുങ്ങുകയാണ് എലോൺ മസ്ക്. പണമിടപാടുകൾ നടത്തുന്നത് മുതൽ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാൻ വരെ കഴിയുന്ന ചൈനയുടെ വി ചാറ്റ് ആപ്പ് പോലെ യായിരിക്കും എക്‌സിനെ മസ്ക് മാറ്റിയെടുക്കുന്നത്. മൈക്രോ ബ്ലോഗിംഗ് സാധ്യമാക്കിയിരുന്ന ട്വിറ്റർ മാറ്റങ്ങളിലൂടെ പതിയെ എക്സായി രൂപാന്തരപ്പെടുകയാണ്. ഉടൻ എക്സ് ജോലികളുടെ ഒഴിവുകൾ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിയുന്നത്.

ലിങ്ക്ഡ് ഇൻ, നൗക്കരി. കോം പോലെയുള്ള വെബ്സൈറ്റുകളുമായിഎക്സ് മത്സരിക്കാൻ ഒരുങ്ങുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനോടകം എക്സ് ഹൈറിങ് എന്ന ഹാൻഡിലിൽ ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയെന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന എക്സ് ഡെയിലി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇവ എക്സിലും യുഎസിലും മാത്രമേ ദൃശ്യമാകുവെന്നും വൈകാതെ ലോകത്തെല്ലായിടത്തും വ്യാപിപ്പിച്ചേക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

വാട്സ് ആപ്പിൽ ചിത്രങ്ങളും വീഡിയോയും അയച്ചാൽ ക്വാളിറ്റി നഷ്ടമാകുമെന്നത് എല്ലാ ഉപഭോക്താൾക്കളുടെയും പരാതിയാണ്. എന്നാൽ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ. ഫോട്ടോ ഷെയർ ചെയ്യാനുള്ള സംവിധാനം അപ്ഡേറ്റ് ചെയ്‌തിരിക്കുന്നുവെന്നാണ് മെറ്റാ ഡയറക്ടർ മാർക്ക് സർക്കർബർഗ് പറയുന്നത്. ഇതോടെ ഹൈ ഡെഫനിഷനിലുള്ള ചിത്രങ്ങളും വിഡിയോകളും ഇനി മുതൽ വാട്സാപ്പിൽ ഷെയർ ചെയ്യാനാവും. ഇവ രാജ്യാന്തര തലത്തിൽ ഉടൻ ലഭ്യമാവുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

എച്ച് ഡി സ്റ്റാൻഡേർഡിലുള്ള ചിത്രങ്ങൾ അയിക്കാനായി ക്രോപ്പ് ടൂളിനടുത്തായാണ് പുതിയ ഓപ്‌ഷൻ കൊടുത്തിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാൻ കഴിയുന്നതിനാൽ കണക്ടിവിറ്റി കുറഞ്ഞാലും സ്റ്റാൻഡേർഡ് പതിപ്പ് മാറ്റണോ വേണ്ടയോ അതോ എച്ച് ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്നത് ഫോട്ടോ ബൈ ഫോട്ടോ അടിസ്ഥാനത്തിൽ നമുക്ക് തീരുമാനിക്കാം. ചിത്രങ്ങളുടെയും വീഡിയോയുടെയും സുരക്ഷ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സംവിധാനം ഉപയോഗിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം : ചന്ദ്രനിൽ നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങൾ ലോകത്തിൽ ഇതുവരെ ആർക്കും അറിയാത്തതാണെന്ന് ഐ എസ് ആർ ഒ ചെയർമാൻ. വരും ദിവസങ്ങളിൽ ആ വിവരങ്ങൾ ശാസ്ത്രജ്ഞർമാർ വെളിപ്പെടുത്തുമെന്നും ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. ചന്ദ്രയാൻ -3 ഇറങ്ങിയ സ്ഥലത്തെ പ്രധാനമന്ത്രി ശിവശക്തിയെന്ന് പേരിട്ടത്തിലുള്ള വിവാദത്തിലും ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.

പേരിടൽ ആദ്യമല്ലെന്നും ഇന്ത്യയുടെ പല സ്ഥലങ്ങളുടെയും പേര് ചന്ദ്രനിലുണ്ടെന്നും ഓരോ രാജ്യത്തിന്റെയും അവർക്ക് ഇഷ്ടപ്പെട്ട പേരുകളിടാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ദക്ഷിണ ധ്രുവത്തിലേക്ക് പോകാനായി പദ്ധതി ഇട്ടിട്ടുണ്ട്. എന്നാൽ അവർക്ക് അതൊന്നും സാധിച്ചിട്ടില്ല. ചന്ദ്രനിൽ നിരപ്പായ പ്രതലം കണ്ടുപിടിക്കാൻ പ്രയാസമാണെങ്കിൽ പോലും ഇന്ത്യയ്ക്ക് അവിടെ എത്താൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ചന്ദ്രനിൽ 14 ദിവസം സൂര്യപ്രകാശവും 14 ദിവസവും ഇരുട്ടുമാണ്. സൂര്യപ്രകാശം ലഭിക്കാത്ത സമയത്ത് റോവറിനെയും ലാൻഡറിനെയും സ്ലീപിംഗ് മോഡിലാക്കും. പിന്നീട് സൂര്യപ്രകാശം എത്തി എല്ലാ ഭാഗവും ചൂടായി പ്രവൃത്തിക്കാൻ പറ്റിയാലേ കമ്പ്യൂട്ടറിന് പ്രവർത്തിച്ച് തുടങ്ങാൻ കഴിയൂ. അങ്ങനെ സംഭവിച്ചാൽ ചന്ദ്രയാൻ -3 14 ദിവസം കൂടി പ്രവൃത്തിപ്പിക്കാൻ കഴിയുമെന്നും ജലങ്ങളും മൂലകങ്ങളും സൗത്ത് പോളിൽ കണ്ടെത്താൻ സാധ്യത ഏറെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബംഗളുരു : വിക്രം ലാൻഡറിൽ നിന്നുള്ള ആദ്യ വിവരങ്ങൾ പങ്കുവെച്ച് ഐ എസ് ആർ ഒ. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവ മേഖലയ്ക്ക് അടുത്തുള്ള താപ വസ്തുക്കളുടെ വിവരമാണ് ഐ എസ് ആർ ഒ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ 10 മീറ്റർ ആഴത്തിൽ ഇറങ്ങുന്ന കൺട്രോൾഡ് പെനട്രേഷൻ മെക്കാനിസം വഴിയാണ് പഠനങ്ങൾ നടക്കുന്നത്. ലാൻഡറിൽ താപനില അളക്കുന്നതിനായി 10 തരത്തിലുള്ള സെൻസറുകൾ ഉണ്ട്. ഇതുവഴി പഠനം നടത്തിയ ഗ്രാഫുകളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപവ്യതിയാനങ്ങൾ ഗ്രാഫിലൂടെ കാണിക്കുന്നത് ആദ്യമായാണ് . അഹമ്മദാബാദിലെ വി എസ് എസിയുമായി ചേർന്ന് സ്പേസ് ഫിസിക്സ് ലബോറട്ടറി ആണ് വിവരങ്ങൾ ഗ്രാഫ് വഴി വികസിപ്പിച്ചെടുത്തത്. വരാൻ പോകുന്ന രണ്ടാഴ്ച നിർണായകം ആണെന്നും ലഭിക്കുന്ന വിവരങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്നും ഇസ്രോ മേധാവി വ്യക്തമാക്കിയിരുന്നു. ചന്ദ്രയാനിൽ നിന്നുള്ള ഡാറ്റകൾ ഡൗൺലോഡ് ചെയ്യാൻ നാലു മണിക്കൂറുകളോളം വേണ്ടതിനാൽ ആശയവിനിമയം സങ്കീർണമായ കാര്യമാണ്.

ചന്ദ്രനെ കാണാൻ കഴിയുന്ന സമയത്ത് മാത്രമാണ് ഡാറ്റകൾ ഇന്ത്യയിലേക്ക് നേരിട്ട് ലഭിക്കുന്നത്. ചന്ദ്രന്റെ അസ്തമയത്തിനുശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഗ്രൗണ്ട് സ്റ്റേഷൻ വഴിയാണ് വിവരങ്ങൾ ലഭ്യമാകുന്നത്. ഇവിടെ നിന്നും ഐ എസ് ആർ ഒ ആസ്ഥാനത്തേക്ക് ഡാറ്റകൾ കൈമാറാൻ സമയമെടുക്കും എന്നുമാണ് ഇസ്രോ മേധാവി വ്യക്തമാക്കിയത്.

ബെംഗളൂരു : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയായതോടെ ഐ എസ് ആർ ഒ അടുത്ത ബഹിരാകാശ ദൗത്യത്തിലേക്ക് കടക്കുന്നു. ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ -എൽ 1 സെപ്റ്റംബർ 2 ന് വിക്ഷേപിച്ചേക്കും. പ്രധാന മന്ത്രിയുടെ ബംഗളുരുവിലെ ഐ എസ് ആർ ഒ ആസ്ഥാനത്തെ ശാസ്ത്രജ്ഞരുമായുള്ള കൂടി കാഴ്ചയ്ക്ക് ശേഷമായിരുന്നു പുതിയ പദ്ധതിയുടെ പ്രഖ്യാപനം.

ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞനും അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറുമായ നിലേഷ് എം ദേശായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദിത്യ -എൽ 1 വിക്ഷേപണത്തിന് സജ്ജമാണെന്നും സെപ്തംബർ 2 ന് വിക്ഷേപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞ വാക്കുകൾ ഏറെ പ്രചോദനം തരുന്നതും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനാവശ്യമായ തീക്ഷ്ണത തരുന്നതും ആണെന്നായിരുന്നു നിലേഷ് പറഞ്ഞത്.

ബെംഗളൂരു : ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡർ കാൽ കുത്തിയ സ്ഥലം ഇനി മുതൽ ശിവ ശക്തി എന്ന പേരിൽ അറിയപ്പെടും. ബംഗളുരുവിലെ ഐ എസ് ആർ ഒ ക്യാമ്പസ്സിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് പ്രധാന മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മനുഷ്യകുലത്തിലെ നന്മയുടെ പ്രതീകം ശിവനാണ്. ശിവശക്തിയിലെ ശക്തി എന്ന പദം വനിതാ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം, പ്രചോദനം എന്നിവയെ സൂചിപ്പിക്കും. ചന്ദ്രയാന്റെ കാൽപ്പാടുകൾ പതിഞ്ഞ സ്ഥലത്തെ തിരംഗ എന്ന പേരിൽ അറിയപ്പെടും. ചന്ദ്രയാൻ ദൗത്യം വിജയകരമായി നടന്ന ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി അറിയപ്പെടും’ എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ചന്ദ്രയാൻ -3 യുടെ ലാൻഡിംഗ് സമയം വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങളോടൊപ്പമായിരുന്നെന്നും നിങ്ങളാണ് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്തെന്നും മോദി അഭിനന്ദിച്ചു. ലോകത്തിലെ ഓരോ കോണും നിങ്ങളെ അഭിനന്ദിക്കുയാണെന്നും ഈ നേട്ടത്തിൽ നിങ്ങൾ ഓരോരുത്തരെയും ഞാൻ സല്യൂട്ട് ചെയ്യുന്നതായും മോദി പറഞ്ഞു.

ട്യൂൺ മൂളി കൊടുത്താൽ പാട്ട് കണ്ടെത്തുന്ന പുതിയ ഫീച്ചർ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുകയാണ് യു ട്യൂബ്. ആപ്പിളിന്റെ മ്യൂസിക് റെക്കഗ്നിഷൻ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമാണിത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ വൈകാതെ തന്നെ ഉപഭോക്താക്കളിലേക്കെത്തിക്കും. മൂളികൊണ്ടും പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് റെക്കോർഡ് ചെയ്തുകൊണ്ടും പാട്ട് കണ്ടെത്താനുള്ള ഫീച്ചർ ഞങ്ങൾ കൊണ്ട് വരുമെന്ന് യു ട്യൂബ് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ യൂ ട്യൂബ് പ്രീമിയം സബ്സ്ക്രിപ്‌ഷനെടുത്ത ചിലർക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്.

യു ട്യൂബിലെ വോയിസ് സെർച്ച് ചെയ്യുന്ന ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ഉദ്ദേശിക്കുന്ന പാട്ടിന്റെ മൂന്ന് സെക്കൻഡിലധികമുള്ള ട്യൂൺ മൂളിയോ, പാടിയോ , റെക്കോർഡ് ചെയ്തോ തിരയാവുന്നതാണ്. പാട്ട് കണ്ടെത്തി യൂ ട്യൂബ് അതുമായി ബന്ധപ്പെട്ട ഒഫീഷ്യൽ മ്യൂസിക് ഉള്ളടക്കത്തിലേക്ക് കൊണ്ട് പോവുകയോ ഷോർട്സുകളിലേക്ക് യൂസേർമാരെ റീ ഡയറക്ട് ചെയ്യുകയോ ചെയ്യും. കൂടാതെ ക്രിയേറ്ററിന് ഒരേ സമയം ഒന്നിലധികം വിഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള ഫീച്ചർ നൽകുന്നതിനും യു ട്യൂബ് പദ്ധതിയിടുന്നുണ്ട്.

ജിയോ അവരുടെ ഏറ്റവും കുറഞ്ഞ നിരക്കായ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒഴിവാക്കി. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം മെച്ചപ്പെടുത്താനാണ് ജിയോയുടെ പുതിയ നീക്കം. ജിയോയുടെ സ്ഥിര ഉപഭോക്താക്കൾക്ക് ഇതൊരു നിരാശ നൽകുന്ന വാർത്തയാണ്. ഈ പ്ലാൻ ഒഴിവാക്കിയെങ്കിലും പുതിയ പ്ലാൻ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

149 രൂപയുടെ പ്ലാനാണ് നിലവിലുള്ള ഏറ്റവും കുറഞ്ഞ പ്ലാൻ. 61 രൂപയുടെ 5 ജി അപ്ഗ്രേഡ് പ്ലാനുണ്ടെങ്കിലും അതൊരു ആഡ് ഓണായാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം വൺ ജി ബി ഡാറ്റയും അൺലിമിറ്റഡ് കോളും 100 എസ് എം എസ് എന്നിവയാണ് പുതിയ പ്ലാനിലുള്ളത്. ജിയോ ടി വി, ജിയോ ക്‌ളൗഡ്‌, ജിയോ സിനിമ സേവനങ്ങളും ലഭിക്കുന്ന പ്ലാനിന്റെ വാലിഡിറ്റി 20 ദിവസമാണ്.

നേരത്തെയുണ്ടായിരുന്ന 119 രൂപയുടെ പ്ലാൻ പ്രതിദിനം ഒന്നര ജി ബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ് എം എസ് എന്നിവ നല്കുന്നതായിരുന്നുവെങ്കിലും കാലാവധി 14 ദിവസത്തേക്കായിരുന്നു. 149 രൂപയുടെ പ്ലാനിൽ ഡാറ്റ കുറവാണെങ്കിലും വാലിഡിറ്റി 6 ദിവസം കൂടി ലഭിക്കുന്നുണ്ട്. 99 രൂപയുടെ പ്ലാൻ നിർത്തി 155 രൂപയുടെ പ്ലാനുമായി എയർ ടെലും സമാനനീക്കവുമായി നേരത്തേയെത്തിയിരുന്നു. ഇത് വൺ ജി ബി ഡാറ്റയും അൺലിമിറ്റഡ് കോളും 300 എസ് എം എസുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസും ഹലോ ട്യൂൺ സബ്‌സ്‌ക്രിപ്ഷനും നൽകുന്നു.