Sports (Page 70)

ദോഹ: ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സെമ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നിലനിര്‍ത്താന്‍ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനേറ്റ തിരിച്ചടിയായിരുന്നു കരീം ബെന്‍സിമയുടെ പരിക്ക്. പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയില്‍ ടീമിനൊപ്പം ഖത്തറിലെത്തിയ ബെന്‍സേമയ്ക്ക് പക്ഷേ തിരികെ പോകേണ്ടി വന്നു.

എന്നാല്‍, സൂപ്പര്‍ സ്ട്രൈക്കര്‍ ബെന്‍സേമയെ കോച്ച് ദിദിയെ ദഷാം ടീം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പ്രതീക്ഷിച്ച വേഗത്തില്‍ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ബെന്‍സേമ ചികിത്സക്കായി തിരികെ സ്പെയിനിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ പരിക്ക് ഭേദമാകുന്നുവെന്നും ഖത്തറിലേക്ക് താരം തിരികെയെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇനി തിരികെ ടീമിനൊപ്പം ചേരാനായില്ലെങ്കിലും ഫ്രാന്‍സ് കപ്പ് നേടിയാല്‍ വിജയികള്‍ക്കുള്ള മെഡലിന് ഫിഫയുടെ ചട്ടം അനുസരിച്ച് ബെന്‍സേമയും അര്‍ഹനാകും. മുന്‍ അര്‍ജന്റീനന്‍ നായകന്‍ ഡാനിയേല്‍ പസറല്ലയാണ് ഇക്കാര്യത്തില്‍ ബെന്‍സെമയുടെ മുന്‍ഗാമി.

ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് മറികടന്നത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്റെ വകയായിരുന്നു മൂന്നാം ഗോള്‍. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേരിടും.

ദോഹ: സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ കാമറൂണ്‍ വല കാത്ത ആന്‍ഡ്രെ ഒനാനയ്ക്ക് കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെഷന്‍.

ടീം തന്ത്രവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ സെര്‍ബിയയ്ക്കെതിരായ മത്സരത്തില്‍ ഡേവിസ് എപാസിയായിരുന്നു കാമറൂണ്‍ ഗോള്‍കീപ്പര്‍. മത്സരത്തില്‍ 3-3ന് ആഫ്രിക്കന്‍ സംഘം യൂറോപ്യന്‍ കരുത്തരെ സെമിയില്‍ തളയ്ക്കുകയും ചെയ്തു. ഇന്നലെ പുറത്തുവിട്ട ടീം ലിസ്റ്റില്‍ ഒനാനയുടെ പേരുണ്ടായിരുന്നില്ല. ടീമാണ് വ്യക്തികളെക്കാളും പ്രധാനമെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പരിശീലകന്‍ റിഗോബെര്‍ട്ട് സോങ് പ്രതികരിച്ചത്.

കോച്ച് റിഗോബെര്‍ട്ട് സോങ്ങിന്റെ തീരുമാനത്തെ തുടര്‍ന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി ആന്‍ഡ്രെ ഒനാനയെ ടീമില്‍നിന്ന് തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോച്ചിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ഫെഡറേഷന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ദേശീയ ടീമിനകത്ത് ഒത്തൊരുമയും പരസ്പര സഹകരണവും അച്ചടക്കവും ഐക്യവും സംരക്ഷിക്കുകയെന്നതാണ് ഫെഡറേഷന്റെ നയം. അതാണ് കോച്ചും സ്റ്റാഫും നടപ്പാക്കുന്നത്. ടീമിനകത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടികള്‍ തുടരുമെന്നും വാര്‍ത്താകുറിപ്പില്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

ഖത്തര്‍: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടംനേടി പോര്‍ച്ചുഗല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വായെ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് ടീമിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 54ാം മിനിറ്റില്‍ ചിപ് ഷോട്ടിലൂടെയും ഇന്‍ജ്വറി ടൈമില്‍ (90+3) പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുമായിരുന്നു ബ്രൂണോയുടെ ഗോളുകള്‍.

രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. 3 പോയിന്റുമായി ഘാന രണ്ടാമതും ഒരു പോയിന്റുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. യുറുഗ്വായ് ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ്. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷമേ പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം ഏതാണെന്ന് വ്യക്തമാകൂ. കളിയുടെ രണ്ടാം പകുതിയില്‍ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടിയത്. റാഫേല്‍ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് ബ്രൂണോ തൊടുത്ത ഷോട്ടിലേക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കുതിച്ചുയര്‍ന്നു. ക്രിസ്റ്റ്യാനോയുടെ തലയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്ല യുറുഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ അല്‍വാരസിനേയും മറികടന്ന് വലയിലെത്തി.

ഈ ഗോള്‍ ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടതെങ്കിലും പരിശോധനയില്‍ ക്രിസ്റ്റ്യാനോ പന്തില്‍ തൊട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ഗോള്‍ ബ്രൂണോയ്ക്ക് സ്വന്തമായി. കളി തീരാറായ ഘട്ടത്തിലാണ് പോര്‍ച്ചുഗലിന് പെനാല്‍റ്റിക്ക് അവസരം ലഭിക്കുന്നത്. പോര്‍ച്ചുഗല്‍ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടെ പന്ത് ഡിഫന്‍ഡറുടെ കയ്യില്‍ തട്ടുകയായിരുന്നു. വിഎആര്‍ പരിശോധനകള്‍ക്ക് ശേഷം പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ബ്രൂണോ അനായാസം ഗോള്‍ നേടുകയായിരുന്നു.

ലോകകപ്പില്‍ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്നലെ സ്വിറ്റ്‌സര്‍ലാന്റിനെ നേരിട്ട ബ്രസീല്‍ ഏക ഗോളിനാണ് വിജയിച്ചത്. മത്സരം അവസാനിക്കാന്‍ ഏഴു മിനിട്ട് മാത്രം ബാക്കിയിരിക്കെ കസെമിറോ ആണ് ബ്രസീലിന് ആയി വിജയ ഗോള്‍ നേടിയത്.

ബ്രസീല്‍ ഇന്ന് രണ്ട് മാറ്റങ്ങളുമായാണ് കളത്തില്‍ ഇറങ്ങിയത്. നെയ്മറിന്റെ അഭാവം ബ്രസീലിന്റെ അറ്റാകിംഗ് നീക്കങ്ങളുടെ എണ്ണം കുറക്കുന്നതായി ആദ്യ പകുതിയില്‍ തോന്നു. സ്വിറ്റ്‌സര്‍ലാന്റ് ഡീപ്പ് ആയി ഡിഫന്‍ഡ് ചെയ്തത് കൊണ്ട് തന്നെ അറ്റാക്കിംഗ് റണ്‍ നടത്താനുള്ള സ്‌പേസുകള്‍ ബ്രസീലിന് കുറവായിരുന്നു. വലതു വിങ്ങില്‍ നിന്ന് റാഫിഞ്ഞ നല്‍കിയ ഒരു മികച്ച പാസില്‍ നിന്നാണ് ബ്രസീലിന്റെ ആദ്യ നല്ല അവസരം വന്നത്. വിനീഷ്യസ് ജൂനിയറിന് അളന്നു മുറിച്ചു കൊടുത്ത ആക്രോസ് പക്ഷെ വിനീഷ്യസിന് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. യാന്‍ സോമര്‍ അനായാസം ആ പന്ത് സേവ് ചെയ്തു. യാന്‍ സമ്മര്‍ 31ആം മിനുട്ടില്‍ റാഫിഞ്ഞയുടെ ലോങ് റേഞ്ചറും സേവ് ചെയ്തു.

രണ്ടാം പകുതിയില്‍ ടിറ്റെ ബ്രൂണൊയെയും റോഡ്രിഗോയെയും കളത്തില്‍ എത്തിച്ചു. ബ്രസീല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ സ്വിറ്റ്‌സര്‍ലാന്റ് പതിയെ അവസരങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. സ്വിറ്റ്‌സര്‍ലാന്റ് കളിയിലേക്ക് വരികയാണെന്ന് തോന്നിച്ച സമയത്താണ് ബ്രസീല്‍ ഗോള്‍ നേടുന്നത്. 64ആം മിനുട്ടില്‍ വിനീഷ്യസിലൂടെ ആണ് ബ്രസീല്‍ ഗോള്‍ നേടിയത്. ബ്രസീല്‍ ആ ഗോള്‍ ആഘോഷിച്ചു എങ്കിലും ബില്‍ഡ് അപ്പില്‍ ഓഫ് സൈഡ് ഉണ്ടെന്ന് VAR കണ്ടെത്തി. ഗോള്‍ കണ്ടെത്താന്‍ ആകാത്തതോടെ ആന്റണിയും ജീസുസും ബ്രസീലിനായി കളത്തില്‍ എത്തി. കഴിഞ്ഞ മത്സരത്തിലെ ഹീറോ റിച്ചര്‍ലിസണ്‍ പുറത്തു പോയി. എന്നിട്ടും സ്വിസ് ആര്‍മിയുടെ ഡിഫന്‍സിനു പരിക്കേല്‍പ്പിക്കാന്‍ ബ്രസീല്‍ പ്രയാസപ്പെട്ടു. അവസാനം അവരുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസമേറോ വേണ്ടി വന്നു സ്വിസ് ഡിഫന്‍സ് പൊട്ടിക്കാന്‍. 83ആം മിനുട്ടില്‍ റോഡ്രിഗോയുടെ പാസില്‍ നിന്ന് ഒരു വണ്‍ ടച്ച് ഫിനിഷ്. ഏത് കളിയും ജയിക്കാന്‍ മാത്രം മനോഹരമായ സ്‌ട്രൈക്ക്. ഈ ഗോള്‍ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ യോഗ്യതയും വിജയവും ഉറപ്പിച്ചു.

ദോഹ: ലോകകപ്പില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയ്ക്ക് മേല്‍ ഘാനയ്ക്ക് ജയം.

ആദ്യ കളിയില്‍ പോര്‍ച്ചുഗലിനോട് 3-2 ഏറ്റ തോല്‍വിയുടെ ക്ഷീണം എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഘാന തീര്‍ത്തു. ആദ്യ പകുതിയില്‍ 2-0ന് മുന്നിലെത്തിയ ഘാനയ്ക്കെതിരെ രണ്ടാം പകുതിയില്‍ ആക്രമിച്ച് കയറിയ ദക്ഷിണ കൊറിയ മൂന്ന് മിനിറ്റിനുള്ളില്‍ നേടിയ ഇരട്ട ഗോളുകള്‍ സ്റ്റേഡിയത്തെ ചെങ്കടലിന്റെ ആവേശത്തിലേക്ക് എത്തിച്ചു. ലോകകപ്പ് വേദികളില്‍ എന്നും വമ്ബന്മാരെ വിയര്‍പ്പിച്ച ആഫ്രിക്കന്‍ കരുത്ത് ഏഴുമിനിറ്റിനകം ഗോള്‍ മടക്കി തങ്ങളുടെ ജയം ഉറപ്പിച്ചു. എന്നാല്‍ കളിയുടെ അവസാന 20 മിനിറ്റില്‍ ഘാനയുടെ ഗോള്‍മുഖത്ത് കൊറിയന്‍ നിര നടത്തിയ തുടര്‍ച്ചയായ ആക്രമണം ഈ ലോകകപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രത്യാക്രമണമായി മാറി.

കളിയുടെ24-ാം മിനിറ്റില്‍ ഘാനയ്ക്ക് വേണ്ടി മുഹമ്മദ് സലീസുവാണ് ആദ്യ ഗോള്‍ നേടിയത്. പത്തുമിനിറ്റ് തികയും മുന്നേ 34-ാം മിനിറ്റില്‍ മുഹമ്മദ് കുദൂസ് രണ്ടാം ഗോളും വലയിലെ ത്തിച്ചു. രണ്ടാം പകുതിയില്‍ തീര്‍ത്തും വ്യത്യസ്തരായ ദക്ഷിണ കൊറിയയെ ആണ് കണ്ടത്. തുടര്‍ച്ചയായി ഘാനയുടെ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ട ഏഷ്യന്‍ കരുത്തര്‍ക്കായി ചോ ഗൂ സുംഗ് 58,61 മിനിറ്റുകളില്‍ ഗോള്‍ നേടി ഞെട്ടിച്ചു. എന്നാല്‍ 68-ാം മിനിറ്റില്‍ കളിയിലെ തന്റെ രണ്ടാം ഗോളും വിജയഗോളും ഘാനയ്ക്കായി കുദൂസു സ്വന്തമാക്കി.

ന്യൂഡല്‍ഹി: പി.ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയഷേന്‍ അധ്യക്ഷയാകും. എതിരാളികളില്ലാതെയാണ് പി.ടി ഉഷ തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബര്‍ 10ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇതിഹാസ സുവര്‍ണ പുത്രിക്ക് അഭിനന്ദനങ്ങള്‍ എന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു.

അതേസമയം, സജീവ കായിക താരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ എന്നീ സവിശേഷതകളോടെയാണ് പി.ടി ഉഷ പദവിയിലേക്ക് എത്തുന്നത്. ഇന്നലെ രാത്രിയാണ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പി.ടി ഉഷ എംപി സമര്‍പ്പിച്ചത്.

ദോഹ: ലോകകപ്പില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോ ബല്‍ജിയത്തെ തകര്‍ത്തത്. ബെല്‍ജിയത്തെ ഞെട്ടിച്ച് 73ാം മിനിറ്റില്‍ പകരക്കാരനായെത്തിയ അല്‍ സാബിരിയും 92ാം മിനിറ്റില്‍ സക്കരിയ അബുക്ലാലുമാണ് ഗോളുകള്‍ നേടിയത്.

ക്രൊയേഷ്യയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബെല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

മെക്‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ഗോളും അസിസ്റ്റുമായി ക്യാപ്ടന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ വിജയശില്പി. എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ തിളക്കം മങ്ങിയ അര്‍ജന്റീന രണ്ടാം പകുതിക്ക് ശേഷമാണ് ഉണര്‍ന്നുകളിച്ചത്. ഇതിനിടെ പലതവണ ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. പല മുന്നേറ്റങ്ങലും മെക്‌സിക്കന്‍ പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു, മെക്‌സിക്കോയുടെ പരുക്കന്‍ അടവുകളും ഗോള്‍ നേടുന്നതിന് വെല്ലുവിളിയായി. 64ാം മിനിട്ടിലായിരുന്നു അര്‍ജന്റീനയുടെ ആദ്യഗോള്‍ പിറന്നത്. മെസിയുടെ ഇടങ്കാല്‍ ഷോട്ട് ഓച്ചോവയെയും കടന്ന് ഗോള്‍വല കുലുക്കി. ഒരു ഗോള്‍ നേടിയ ശേഷം അര്‍ജന്റീനന്‍ മുന്നേറ്റ നിര ഉണര്‍ന്നു കളിച്ചു. ഇതിന്റെ ഫലവും ഉണ്ടായി. 87ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ എന്‍സോ രണ്ടാം ഗോളും നേടി.

ദോഹ: ജപ്പാനെതിരെ കോസ്റ്ററിക്കയുടെ ആദ്യ ജയം. 80-ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോള്‍ പിറന്നത്. ബോക്സിന്റെ മധ്യത്തില്‍നിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്സിന്റെ മറ്റൊരു മൂലയിലൂടെ പന്ത് വലയില്‍.

63-ാം മിനിറ്റല്‍ ബോക്സിനു തൊട്ടരികെനിന്നു ലഭിച്ച ഫ്രീകിക്ക് ജപ്പാന്‍ താരം യൂകി സോമ ഉയര്‍ത്തിയടിച്ചു. 70-ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ കാല്‍വോയുടെ ഫൗളില്‍ ജപ്പാന് വീണ്ടും ഫ്രീകിക്ക്. അതും മുതലെടുക്കാനായില്ല. 84-ാം മിനിറ്റില്‍ ജപ്പാന്റെ കോ ഇതാകുറയ്ക്കും അധിക സമയത്ത് വതാറു എന്‍ഡോയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 88-ാം മിനിറ്റില്‍ ജപ്പാന്റെ കമദയുടെ ബോക്സിന്റെ മധ്യത്തില്‍നിന്നുള്ള വലങ്കാലന്‍ ഷോട്ട് കോസ്റ്ററിക്ക ഗോള്‍കീപ്പര്‍ തട്ടിയകറ്റി. ഇരുടീമുകളും വീറും വാശിയോടെ കളിച്ച ആദ്യ പകുതിയില്‍ പക്ഷെ ഗോളൊന്നും പിറന്നില്ല. പലതവണ ഇരുടീമുകള്‍ക്കും മുന്നില്‍ അവസരങ്ങള്‍ തുറന്നുലഭിച്ചെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല. മൂന്നാം മിനിറ്റില്‍ ജപ്പാനു മുന്നിലാണ് ആദ്യ അവസരം തുറന്നത്. അയാസെ ഉവേദ നല്‍കിയ പാസില്‍ ബോക്സിനു പുറത്തുനിന്ന് റിറ്റ്ഷു ദൊവാന്റെ ഇടങ്കാലന്‍ ഷോട്ട്. പക്ഷെ, ലക്ഷ്യം കാണാനായില്ല. ആദ്യ പത്തു മിനിറ്റില്‍ തന്നെ അഞ്ച് ഫ്രീകിക്ക് അവസരങ്ങളാണ് പിറന്നത്.

രണ്ടാം മിനിറ്റില്‍ ജപ്പാന്റെ യൂടോ നാഗാത്തുമോയുടേതായിരുന്നു മത്സരത്തിലെ ആദ്യ ഫൗള്‍. ഫ്രീകിക്കെടുത്ത ഗേഴ്സന്‍ ടോറസിന് അവസരം മുതലെടുക്കാനായില്ല. അഞ്ചാം മിനിറ്റില്‍ ജപ്പാന്‍ താരം യാമനെയുടെ ഫൗളില്‍ കോസ്റ്ററിക്കയ്ക്ക് വീണ്ടും ഫ്രീകിക്ക്. പക്ഷെ കിക്കെടുത്ത ആന്തണി കോണ്‍ട്രിയസിനും ലക്ഷ്യം കാണാനായില്ല. ആറാം മിനിറ്റില്‍ റിറ്റ്ഷു ദൊവാന്റെ ഫൗളില്‍ കിക്കെടുത്ത ജോയല്‍ കാംപെലിനും കാര്യമായൊന്നും ചെയ്യാനായില്ല. തൊട്ടുപിന്നാലെ എട്ടാം മിനിറ്റില്‍ ജപ്പാനും ലഭിച്ചു ആദ്യ ഫ്രീകിക്ക്. ഇത്തവണ കോസ്റ്ററിക്കയുടെ കെയ്ഷര്‍ ഫുള്ളറുടെ ഫൗളില്‍ കിക്കെടുത്തത് യുകി സോമ. 41-ാം മിനിറ്റില്‍ കോസ്റ്ററിക്കയുടെ കോണ്‍ട്രിയാസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 44-ാം മിനിറ്റില്‍ ജപ്പാന്റെ മികി യാമനെയ്ക്കും ഫൗളിന് മഞ്ഞക്കാര്‍ഡ് കിട്ടി.