ദോഹ: സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ കാമറൂണ്‍ വല കാത്ത ആന്‍ഡ്രെ ഒനാനയ്ക്ക് കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെഷന്‍.
ടീം തന്ത്രവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ സെര്‍ബിയയ്ക്കെതിരായ മത്സരത്തില്‍ ഡേവിസ് എപാസിയായിരുന്നു കാമറൂണ്‍ ഗോള്‍കീപ്പര്‍. മത്സരത്തില്‍ 3-3ന് ആഫ്രിക്കന്‍ സംഘം യൂറോപ്യന്‍ കരുത്തരെ സെമിയില്‍ തളയ്ക്കുകയും ചെയ്തു. ഇന്നലെ പുറത്തുവിട്ട ടീം ലിസ്റ്റില്‍ ഒനാനയുടെ പേരുണ്ടായിരുന്നില്ല. ടീമാണ് വ്യക്തികളെക്കാളും പ്രധാനമെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പരിശീലകന്‍ റിഗോബെര്‍ട്ട് സോങ് പ്രതികരിച്ചത്.
കോച്ച് റിഗോബെര്‍ട്ട് സോങ്ങിന്റെ തീരുമാനത്തെ തുടര്‍ന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി ആന്‍ഡ്രെ ഒനാനയെ ടീമില്‍നിന്ന് തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോച്ചിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ഫെഡറേഷന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ദേശീയ ടീമിനകത്ത് ഒത്തൊരുമയും പരസ്പര സഹകരണവും അച്ചടക്കവും ഐക്യവും സംരക്ഷിക്കുകയെന്നതാണ് ഫെഡറേഷന്റെ നയം. അതാണ് കോച്ചും സ്റ്റാഫും നടപ്പാക്കുന്നത്. ടീമിനകത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടികള്‍ തുടരുമെന്നും വാര്‍ത്താകുറിപ്പില്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

