Sports (Page 69)

ദോഹ: പോളണ്ടിന്റെ വെല്ലുവിളി മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. 44-ാം മിനിട്ടില്‍ ഒളിവര്‍ ജിറൂദാണ് ആദ്യഗോള്‍ സ്‌കോര്‍ ചെയ്തത്.74-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. അവസാന സമയത്ത് കിട്ടിയ പെനാല്‍റ്റി റീ കിക്കിലൂടെ റോബര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കി പോളണ്ടിന്റെ ആശ്വാസഗോള്‍ നേടി.

38-ാം മിനിട്ടില്‍ ഹെന്‍ഡേഴ്‌സണ്‍, 45-ാം മിനിട്ടില്‍ ക്യാപ്ടന്‍ ഹാരി കേന്‍,57-ാം മിനിട്ടില്‍ ബുക്കായോ സാക്ക എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്‌ളണ്ട് സെനഗലിനെ തോല്‍പ്പിച്ചത്. 52 ഗോളുകളുമായി ഒളിവര്‍ ജിറൂദ് ഫ്രാന്‍സിന്റെ ആള്‍ടൈം ടോപ് ഗോള്‍ സ്‌കോററായി മാറി. തകര്‍ത്തത് തിയറി ഒന്റിയുടെ റെക്കാഡാണ്.

5 ഗോളുകളുമായി എംബാപ്പെ ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ ആയിമാറി. കഴിഞ്ഞ ലോകകപ്പില്‍ എംബാപ്പെ നാലുഗോളുകള്‍ നേടിയിരുന്നു.

ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍. സൂപ്പര്‍താരം ലയണല്‍ മെസ്സി (35-ാം മിനിറ്റ്), യുവതാരം ജൂലിയന്‍ അല്‍വാരസ് (57-ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളുകളാണ് അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പാത തുറന്നത്. ഓസ്‌ട്രേലിയയുടെ ആശ്വാസഗോള്‍ 77-ാം മിനിറ്റില്‍ പകരക്കാരന്‍ താരം ക്രെയ്ഗ് അലക്‌സാണ്ടര്‍ ഗുഡ്വിന്‍ നേടി.

പന്തടക്കത്തിലും പാസിങ്ങിലും അര്‍ജന്റീന ബഹുദൂരം മുന്നില്‍നിന്ന ആദ്യപകുതിയില്‍, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങള്‍ നടത്തിയ മുന്നേറ്റങ്ങള്‍ അര്‍ജന്റീന ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്തു. ആസ്ത്രേലിയന്‍ ബോക്സിനുള്ളില്‍ അര്‍ജന്റീന കളിയുടെ തുടക്കത്തില്‍ തന്നെ ഭീതി സൃഷ്ടിച്ചിരുന്നു. മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട പൊളിക്കാന്‍ അര്‍ജന്റീനയ്ക്കായിരുന്നില്ല. കൂടുതല് സമയത്തും അര്‍ജന്റീന താരങ്ങളുടെ കാലില് തന്നെയിരുന്നു ബോള്‍. ആദ്യ പകുതിയില്‍ 35-ാം മിനിറ്റില്‍ മെസി ഗോള്‍വലകുലുക്കിയതോടെയാണ് കളി അതിന്റെ മുറുക്കത്തിലേക്ക് എത്തിയത്. ഒട്ടാമെന്‍ഡി നല്‍കിയ പാസ് കാലില്‍ സ്വീകരിച്ച മെസ്സി ആസ്ത്രേലിയന്‍ ബോക്സിന്റെ 15 വാര അകലെ നിന്ന് ബുള്ളറ്റ് കണക്കെ തൊടുത്തുവിട്ടു. ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പറെ മറികടന്ന് വലയിലേക്ക്. നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ഗോളാണിത്.

ഓസീസ് ഗോളിയുടെ ഗുരുതരമായ പിഴവാണ് 58 ാം മിനിറ്റില്‍ ആല്‍വാരേസ് മുതലാക്കിയത്. ഓസീസ് പ്രതിരോധക്കാര്‍ പന്ത് ഗോളിക്ക് നല്‍കി. ഗോളി അത് ക്ലിയര്‍ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ ആല്‍വരെസ് അത് നേരെ വലയിലേക്ക് തൊടുത്തു. അര്‍ജന്റീന ഗോള്‍മുഖത്തേക്ക് ഓസ്‌ട്രേലിയ നടത്തുന്ന മുന്നേറ്റങ്ങളെല്ലാം ഫലമില്ലാതെ അവസാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആസ്‌ത്രേലിയ. ഒരു ഗോള്‍ മടക്കിയത്. അര്‍ജന്റീന ഗോള്‍മുഖത്ത് 25 വാര അകലെ നിന്ന് ഗുഡ്വിന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട്, അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ ദേഹത്തുതട്ടി ഗതി മാറി വലയില്‍ കയറുകയായിരുന്നു. ഈ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് സാധിച്ചുള്ളൂ. കളിയുടെ 65 -ാം മിനിറ്റില്‍ മനോഹരമായ ഡ്രിബ്ലിങ്ങുകളുമായി മെസ്സി കങ്കാരുപ്പടയുടെ ഗോള്‍വല ലക്ഷ്യമാക്കി കുതിച്ചെങ്കിലും തൊടുത്ത ഷോട്ട് പിഴച്ചു. ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ലൗട്ടാറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. സ്‌കോറര്‍മാര്‍ മാത്രമല്ല, അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ.

മുംബൈ: കൊച്ചിയില്‍ അടുത്ത മാസം 23ന് നടക്കാനിരിക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള രജിസ്‌ട്രേഷന്‍ അവസാനിച്ചു. ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സ് നായകനായിരുന്ന മായങ്ക് അഗര്‍വാള്‍ എന്നിവരുമുണ്ട്. ആകെ 87 കളിക്കാരെയാണ് ലേലത്തിലൂടെ ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക. രജിസ്റ്റര്‍ ചെയ്ത കളിക്കാരില്‍ 19 ഇന്ത്യന്‍ ക്യാപ്ഡ് കളിക്കാരുണ്ട്. വിദേശതാരങ്ങളില്‍ 166 പേര്‍ ക്യാപ്ഡ് താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് 20 കളിക്കാരും ഇന്ത്യയുടെ 91 അണ്‍ക്യാപ്ഡ് കളിക്കാരും കഴിഞ്ഞ ഐപിഎല്ലില്‍ കളിച്ചിരുന്ന മൂന്ന് വിദേശ അണ്‍ക്യാപ്ഡ് താരങ്ങളും ലേലത്തിലുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ 604 പേര്‍ അണ്‍ ക്യാപ്ഡ് താരങ്ങളാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ലേലത്തിനുള്ളത്. 57 കളിക്കാര്‍. ദക്ഷിണാഫ്രിക്ക(52), വെസ്റ്റ് ഇന്‍ഡീസ്(33), ഇംഗ്ലണ്ട്(31), ന്യൂസിലന്‍ഡ്(27), ശ്രീലങ്ക(23) അഫ്ഗാനിസ്ഥാന്‍(14) എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ എണ്ണം.

ഓരോ ടീമിനുമുള്ള സാലറി പഴ്‌സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് തുടങ്ങും. വൈകിട്ട് ആറുമണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കായികോത്സവത്തിന്റെ 36-ാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരം നടക്കുക.

അതേസമയം, രാത്രിയിലും മത്സരമുണ്ടെന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകത. ഡിസംബര്‍ ആറ് വരെ നീളുന്ന മേളയില്‍ 98 ഇനങ്ങളിലായി 2737 താരങ്ങള്‍ മാറ്റുരയ്ക്കും. ആദ്യദിനമായ ഇന്ന് 23 ഫൈനല്‍ നടക്കും. രാവിലെ ഏഴുമണിക്ക് ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററോടെയാണ് മേള തുടങ്ങുക. ട്രാക്ക്, ജമ്ബ് ഇനങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും ജാവലിന്‍ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ തുടരുന്ന അട്ടിമറികളില്‍ ഇത്തവണ കാലിടറിയത് ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീല്‍.

ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണ്‍ ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇന്‍ജുറി ടൈമില്‍ സൂപ്പര്‍താരം വിന്‍സെന്റ് അബൗബേക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്.

തോറ്റിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടി. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ദക്ഷിണകൊറിയയെയും സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെയും നേരിടും

ന്യൂസിലന്‍ഡ് പരമ്ബര അവസാനിച്ചതിന് പിന്നാലെ ബംഗ്ലാദേശിനെതിരെ മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ ടീം. ഡിസംബര്‍ 4 മുതലാണ് പരമ്ബര ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള ആദ്യ ഏകദിന പരമ്ബരയും അതിന് ശേഷം രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയും നടക്കും. ഈ രണ്ട് പരമ്ബരകളും ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്.

ന്യൂസിലന്‍ഡ് പരമ്ബര കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിലെ വമ്ബന്‍ താരങ്ങളെല്ലാം ഇനി തിരിച്ചെത്തും. രോഹിത് ശര്‍മ്മ വീണ്ടും ടീമിന്റെ ചുമതല ഏറ്റെടുക്കും, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം കെ.എല്‍ രാഹുലും തിരിച്ചു വരുന്നു. ടീം ഇന്ത്യയുടെ ദൗത്യം 2023 ലോകകപ്പും ഈ പരമ്ബരയില്‍ നിന്ന് തന്നെ ആരംഭിക്കാന്‍ പോകുന്നു. അടുത്ത വര്‍ഷം ഇന്ത്യയില്‍ മാത്രമേ ലോകകപ്പ് സംഘടിപ്പിക്കൂ, അത് ഏകദിന ഫോര്‍മാറ്റിലായിരിക്കും.

ജര്‍മനി-കോസ്റ്ററിക്ക മത്സരം നിയന്ത്രിച്ചത് മൂന്ന് വനിതാ റഫറിമാര്‍. ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടായിരുന്നു കളി നിയന്ത്രിച്ചത്. ബ്രസീലുകാരി ന്യൂസ ബാക്കും മെക്‌സിക്കോ സ്വദേശി കരേന്‍ ഡയസും സൈഡ് ലൈനില്‍ അസിസ്റ്റന്റ് റഫറിമാരായി. ജര്‍മനിയുടെയും കോസ്റ്റാറിക്കയുടെയും അതിവേഗങ്ങളെ ഇവരുടെ കണ്ണുകള്‍ പിന്തുടര്‍ന്നു.

12 ഫൗളുകളുണ്ടായി. ഒരിക്കല്‍ മാത്രം കോസ്റ്റാറിക്ക താരത്തിനെതിരെ സ്റ്റെഫാനിയുടെ കൈകളില്‍ മഞ്ഞക്കാര്‍ഡുയര്‍ന്നു. സ്റ്റെഫാനിയുടെ തീരുമാനങ്ങളില്‍ താരങ്ങളും വലുതായി പരാതിപ്പെട്ടില്ല. തര്‍ക്കങ്ങളും ഉണ്ടായില്ല.

കോസ്റ്റാറിക്കയുടെയും ജര്‍മനിയുടെയും തീപാറും പോരാട്ടം കണ്ട ആറ് ഗോള്‍ പിറന്ന മത്സരം ഇനി ഈ വനിതാ റഫറിമാരുടെ കൂടി പേരിലാകും ഓര്‍മിക്കപ്പെടുക.

ദോഹ: മുന്‍ ലോകജേതാക്കളായ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഗ്രൂപ്പ് ഇയിലെ ചാമ്ബ്യന്‍മാരായി ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍.

തോറ്റെങ്കിലും സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി. അതേസമയം കോസ്റ്റാറിക്കയ്‌ക്കെതിരെ 4-2ന്റെ വിജയം നേടിയെങ്കിലും ജര്‍മ്മനി പ്രീക്വാര്‍ട്ടറില്‍ കടക്കാതെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും പുറത്തായി. ജര്‍മ്മനിക്കും സ്‌പെയിനും 4 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

പോളണ്ടിനെ തകര്‍ത്ത് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജൂലിയന്‍ അല്‍വാരസും അലിസ്റ്ററുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്. ആദ്യ മത്സരത്തില്‍ സൗദിയോട് തോല്‍വി ഏറ്റുവാങ്ങിയ മെസ്സിപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്ബ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേയ്ക്ക് എത്തുന്നത്. ആസ്‌ത്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.

കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ചാണ് അര്‍ജന്റീന തുടങ്ങിയത്. പത്താം മിനിറ്റില്‍ പോളണ്ട് വല ലക്ഷ്യമാക്കിയുള്ള മെസിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി തട്ടിയകറ്റി. 17-ാം മിനിറ്റില്‍ അര്‍ജന്റീനുടെ അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 33-ാം മിനിറ്റില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്നിയുടെ കൃത്യമായ ഇടപെടലില്‍ അത് ഗോളായില്ല. 36-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഗോള്‍കീപ്പര്‍ സെസ്നി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോള്‍ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്. പിന്നാലെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് ആദ്യ പകുതിയില്‍ ഗോള്‍ മാത്രം നേടാനായില്ല.

എന്നാല്‍, രണ്ടാം പകുതിയില്‍ കളിയുടെ സ്വഭാവം തന്നെ അര്‍ജന്റീന മാറ്റി. മിനിറ്റുകളുടെ വ്യത്യാസത്തില്‍ പന്തുമായി പോളണ്ട് വല ലക്ഷ്യമാക്കി അര്‍ജന്റീനന്‍ താരങ്ങള്‍ കുതിച്ചു. എന്നാല്‍ 47-ാം മിനിറ്റില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് അലിസ്റ്റര്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീനയുടെ ആദ്യ ഗോള്‍. വീണ്ടും തുടരെ തുടരെ ആക്രമണങ്ങള്‍. എന്നാല്‍ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ പോളണ്ട് ഗോള്‍ കീപ്പര്‍ സെസ്നിയുടെ മുന്നില്‍ അവസാനിച്ചു. പക്ഷേ 67-ാം മിനിറ്റില്‍ വീണ്ടും സെസ്നിക്ക് പിഴച്ചു. ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്കായി രണ്ടാം ഗോളടിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസ്സ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചുകൊണ്ടാണ് ടീമിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. 72-ാം മിനിറ്റില്‍ അല്‍വാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. ഇന്‍ജുറി ടൈമില്‍ അര്‍ജന്റീനയുടെ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് പ്രതിരോധതാരം കിവിയോര്‍ ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെടുത്തു. വൈകാതെ അര്‍ജന്റീന ആധികാരികമായി ഗ്രൂപ്പ് ചാമ്ബ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്.

ദോഹ: രാജ്യത്തിന്റെ പതാകയെ അപമാനിച്ച അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നം ഇല്ലാതെ, ഇറാന്റെ പതാക വികലമാക്കി ചിത്രീകരിച്ചെന്നാണ് പരാതി. വിവാദമായതോടെ ചിത്രം പേജില്‍ നിന്നും നീക്കി. എന്നാല്‍, ഫിഫ ചട്ടപ്രകാരം നടപടി വേണമെന്നാണ് ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിന്റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാല്‍ 10 മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ് ഇറാന്റെ നിലപാട്.

ഇറാനില്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് യുഎസ് സോക്കറിന്റെ വിശദീകരണം. അതേസമയം, ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും യുഎസ്എയും പ്രീ ക്വാര്‍ട്ടറില്‍. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാനെ ഒരു ഗോളിന് തകര്‍ത്താണ് യുഎസ്എ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത്.