Sports (Page 71)

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ടുണീഷ്യക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

ഇരുപത്തിനാലാം മിനിറ്റില്‍ ഡ്യൂക്ക് ആണ് ഓസ്‌ട്രേലിയയുടെ വിജയ ഗോള്‍ നേടിയത്. ഇടത് വിങ്ങിലൂടെയുള്ള ഓസ്‌ട്രേലിയന്‍ ആക്രമണത്തിനൊടുവില്‍ പന്ത് വലയിലെത്തിക്കാന്‍ പാകത്തിന് ഗുഡ്വിന്റെ കാലിലേക്കെത്തി. ഇടതുവശത്ത് നിന്നും ലഭിച്ച ക്രോസ് ഗുഡ്വിന്‍ ഗോള്‍ വല ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും, ടുണീഷ്യന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഡ്യൂക്കിലേക്കെത്തി. ഹെഡ്ഡറിലൂടെ ഡ്യൂക്ക് അത് ഗോളാക്കി മാറ്റുകയായിരുന്നു.

ഗോള്‍ മടക്കാന്‍ ടുണീഷ്യ നടത്തിയ ശ്രമങ്ങള്‍ ഒന്നൊന്നായി വിഫലമാക്കാന്‍ ഓസീസ് പ്രതിരോധത്തിന് സാധിച്ചു. ലീഡ് ഉയര്‍ത്താനുള്ള ഓസ്‌ട്രേലിയയുടെ ശ്രമങ്ങളും വിജയത്തിലെത്തിയില്ല. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിനോട് 1-4ന് തോറ്റതിന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ തിരിച്ചു വരവായിരുന്നു ഇന്നത്തെ വിജയം. തങ്ങളുടെ ആദ്യ മത്സരത്തില്‍ ടുണീഷ്യ ഡെന്മാര്‍ക്കുമായി ഗോള്‍ രഹിത സമനില പാലിച്ചിരുന്നു.

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ സമനിലയില്‍ പൂട്ടി ഇക്വഡോര്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ഗാക്‌പോയും ഇക്വഡോറിന് വേണ്ടി ഉദ്ഘാടന മത്സരത്തിലെ ഹീറോ എന്നര്‍ വലന്‍സിയയും ഗോളുകള്‍ നേടി.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഗാക്‌പോ ഓറഞ്ച് പടയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. തുടര്‍ന്ന് കൊണ്ടും കൊടുത്തും മുന്നേറിയ ഒന്നാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ വര്‍ദ്ധിത വീര്യത്തോടെ ഇറങ്ങിക്കളിച്ച ഇക്വഡോര്‍, നെതര്‍ലന്‍ഡ്‌സിനെ നിരന്തരം വിറപ്പിച്ചു. നാല്‍പ്പത്തിയൊന്‍പതാം മിനിറ്റില്‍ വലന്‍സിയ നെതര്‍ലന്‍ഡ്‌സിന്റെ വല കുലുക്കി. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാമത്തെ ഗോളാണ് ഇത്. അവസാന ഘട്ടത്തില്‍ വലന്‍സിയ പരിക്കേറ്റ് പുറത്തായത് ഇക്വഡോര്‍ പാളയത്തില്‍ ആശങ്ക വിതച്ചിട്ടുണ്ട്.

സമനില ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഡച്ച് ആക്രമണ നിരയും ഇക്വഡോര്‍ പ്രതിരോധ നിരയും ആവേശകരമായ മത്സരമാണ് കാഴ്ചവെച്ചത്. ഒടുവില്‍ റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്‌ബോള്‍ സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു.

ദോഹ: ലോകകപ്പില്‍ ആതിഥേയരായ ഖത്തറിനെതിരെ സെനഗലിന് വമ്പന്‍ ജയം. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സെനഗളിന്റെ വിജയം. ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടാനായി എന്നതാണ് ഈ മത്സരത്തിലെ ഖത്തറിന്റെ നേട്ടം.

നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ഡിയയാണ് സെനഗലിന്റെ ആദ്യ ഗോള്‍ നേടിയത്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ ഫമാറയിലൂടെ സെനഗല്‍ ലീഡുയര്‍ത്തി. എഴുപത്തിയെട്ടാം മിനിറ്റില്‍, സെനഗല്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മുഹമ്മദ് മുണ്ടാരിയാണ് ഖത്തറിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടിയത്.

എണ്‍പത്തിനാലാം മിനിറ്റില്‍ ബംബാ ദിയെംഗ് സെനഗലിന്റെ മൂന്നാം ഗോള്‍ നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ, 2022 ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി ഖത്തര്‍. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോടും ഖത്തര്‍ പരാജയപ്പെട്ടിരുന്നു.

ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം കരസ്ഥമാക്കി ഇറാന്‍. വെയില്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇറാന്‍ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിന്റെ എട്ട്,11 മിനിറ്റുകളിലാണ് ഇറാന്‍ വിജയ ഗോളുകള്‍ നേടിയത്.

കളിയുടെ 86ാം മിനിറ്റില്‍ വെയില്‍സ് ഗോളി വെയ്ന്‍ ഹെന്നസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ടീമിന് വിനയായത്. അതുവരെ കളിയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന വെയില്‍സിന് കനത്ത തിരിച്ചടി ആയിരുന്നു ചുവപ്പ് കാര്‍ഡ്. ചാമ്ബ്യന്‍ഷിപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡാണ് വെയില്‍സിന് ലഭിച്ചത്. പിന്നീട് മറ്റൊരു ഗോളിയെ പകരം ഇറക്കി 10 പേരായി വെയില്‍സ് കളിച്ചത് ഇറാന്‍ പരമാവധി മുതലെടുത്തു. റൂഷ്ബെ ചെസ്മി, റാമിന്‍ റെയ്സാന്‍ എന്നിവരാണ് വെയില്‍സിന്റെ വല കുലുക്കിയത്.

ഇതോടെ ഗ്രൂപ്പ് ബിയില്‍ ഇറാന് മൂന്ന് പോയിന്റുമായി ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. വെയില്‍സിന് അമേരിക്കയുമായുളള ആദ്യ കളി സമനിലയില്‍ പിരിഞ്ഞതോടെ ഒരു പോായിന്റ് ലഭിച്ചിരുന്നു. ഇറാന്‍ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് 6-2ന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ കളിയില്‍ ദേശീയ ഗാനം ബഹിഷ്‌കരിച്ചും ഇറാന്‍ ടീം വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയുടെ മുന്നോടിയായി ആലപിച്ച ദേശീയ ഗാനത്തിന്റെ കൂടെ ചൊല്ലി ഇറാനിയന്‍ താരങ്ങള്‍ ഇത്തവണ വിവാദം ഒഴിവാക്കി.

ദോഹ: ലോകകപ്പില്‍ ഘാനയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിന് ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്. ഗോള്‍ നേട്ടത്തോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ.

മത്സരത്തില്‍ ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന് തന്നെയാിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. 10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ശ്രമവും പരാജയപ്പെട്ടു. 28-ാം മിനിറ്റില്‍ ജാവോ ഫിലിക്സിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നുപോയി. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു.

ഘാന അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് അവര്‍ക്ക് വിനയായത്. ബോക്സില്‍ റൊണാള്‍ഡോയെ പ്രതിരോധതാരം സലിസു വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് കൈ നീട്ടിയത്. ക്രിസ്റ്റിയാനോയുടെ ബുള്ളറ്റ് ഷോട്ടിന് ഘാന ഗോള്‍കീപ്പര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 65-ാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. കുഡുസിന്റെ നിലംപറ്റെയുള്ള ക്രോസില്‍ കാലുവച്ചാണ് അയൂ വലകുലുക്കിയത്. സ്‌കോര്‍ 1-1. എന്നാല്‍ 78-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്സ് അനായാസം ഗോല്‍ കീപ്പറെ കീഴടക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോള്‍. ഇത്തവണയും ഗോളിന് പിന്നിസല്‍ പ്രവര്‍ത്തിച്ചത് ബ്രൂണോയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ലിയാവോയുടെ ക്ലിനിക്കല്‍ ഫിനിഷ്. തിരിച്ചടിക്ക് കിണഞ്ഞ് ശ്രമിച്ച ഘാനയ്ക്ക് ഒരു ഗോള്‍കൂടി മടക്കാനായി. ബുകാരിയുടെ ഹെഡ്ഡറാണ് ഗോളില്‍ അവസാനിച്ചത്.

ലുസൈല്‍: സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന് വിജയത്തുടക്കം. ആദ്യമൊക്കെ പിടിച്ചുനിന്നെങ്കിലും ആദ്യ പകുതിക്ക് ശേഷം സെര്‍ബിയ നിറംമങ്ങി. ഇരട്ടഗോള്‍ നേടി റിച്ചാര്‍ലിസണ്‍ ആണ് ബ്രസീലിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു റിച്ചാര്‍ലിസണിന്റെ ഇരട്ടഗോളുകള്‍ പിറന്നത്.

62ാം മിനിട്ടില്‍ സൂപ്പര്‍താരം നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. സെര്‍ബിയന്‍ പ്രതിരോധനിരയെ വെട്ടിച്ച് പന്തുമായി നെയ്മര്‍ ബോക്‌സിലേക്ക് . വിനീഷ്യസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി, റീബൗണ്ട് മുതലാക്കി റിച്ചാര്‍ലിസണ്‍ പന്ത് ഗോള്‍വലയിലെത്തിച്ചു. പത്ത് മിനിട്ടുകള്‍ക്ക് ശേഷമായിരുന്നു ടൂര്‍ണമെന്റിലെ തന്നെ മനോഹരമായ ഗോള്‍ പിറന്നത്. വിനീഷ്യസിന്റെ പാസ് ബോക്‌സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ ആക്രോബാറ്റിക് ശ്രമത്തിലൂടെ പന്ത് ഗോളാക്കിമാറ്റുകയായിരുന്നു.

ഫുട്‌ബോള്‍ പ്രേമികള്‍ക്കായി കേരളത്തില്‍ നിന്നും ഒരു വേള്‍ഡ് കപ്പ് ഗാനം. കൊച്ചിയിലെ ജിസി ഗ്രൂവ് എന്ന ബാന്‍ഡ് ആണ് ഗെയിം ഓഫ് ലവ് എന്ന ഈ ഗാനം തയ്യാറാക്കിയത്. ബാന്‍ഡ് അംഗങ്ങളായ സിന്‍ഡി നന്ദകുമാറും ഗാരി ലോബോയും ചേര്‍ന്നാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഗാരി ലോബോ.

ഫുട്‌ബോള്‍ ലോകകപ്പിന്റെ എല്ലാ ആവേശവും ഉള്‍ക്കൊള്ളുന്ന ലോകോത്തര നിലവാരമുള്ള ഒരു ഗാനം എന്ന ആശയത്തില്‍ നിന്നാണ് ഗെയിം ഓഫ് ലവ് പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് ഗാനം രചിച്ചിരിക്കുന്നത്. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നമ്മുടെ നാട്ടില്‍ നിന്നും ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ഗാനം ഇത് ആദ്യമായാണ്. തിരുവനന്തപുരം സ്വദേശിയും പ്രശസ്ത പാശ്ചാത്യ സംഗീതജ്ഞനുമായ നന്ദു ലിയോയുടെ മകളാണ് സിന്‍ഡി നന്ദകുമാര്‍. ആര്‍ട്ടി ക്രീയറ്റോ പ്രൊഡക്ഷന്‍സാണ് ഈ ഗാനം റിലീസ് ചെയ്തത്.

ഖത്തര്‍ ലോകകപ്പില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. കളിയുടെ 44 ാം മിനിറ്റില്‍ മിച്ചി ബാറ്റ്ഷുവായിയാണ് വിജയ ഗോള്‍ നേടിയത്. ടോബി അള്‍ഡെര്‍വൈറെല്‍ഡിന്റെ പാസ് ബാറ്റ്ഷുവായി വലയിലെത്തിക്കുകയായിരുന്നു. മൂന്ന് പോയന്റുമായി ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാന്‍ ബെല്‍ജിയത്തിനായി.

കളി ബല്‍ജിയം നിയന്ത്രണത്തിലാക്കുമ്‌ബോഴെല്ലാം പന്തു പിടിച്ചെടുത്ത് ബല്‍ജിയത്തിന്റെ ബോക്‌സിലേക്കു തുടര്‍ച്ചയായി കനേഡിയന്‍ താരങ്ങള്‍ ഇരച്ചെത്തിക്കൊണ്ടിരുന്നു. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാഞ്ഞതാണ് കാനഡയ്ക്ക് തിരിച്ചടിയായത്. ടയോണ്‍ ബുക്കാനനും, അള്‍ഫോണ്‍സോ ഡേവിസും, ജൊനാഥന്‍ ഡോവിഡും ജൂനിയര്‍ ഹോയ്ലെറ്റും തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചില്ല. കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ കാനഡയ്ക്കായിരുന്നില്ല. ബോക്‌സില്‍ വെച്ച് യാന്നിക് കരാസ്‌കോയുടെ കൈയില്‍ പന്ത് തട്ടിയതിനായിരുന്നു പെനാല്‍റ്റി. വാര്‍ പരിശോധിച്ചാണ് റഫറി തീരുമാനമെടുത്തത്. എന്നാല്‍ അല്‍ഫോണ്‍സോ ഡേവിസിന്റെ കിക്ക് തിബോ കുര്‍ട്ടോ രക്ഷപ്പെടുത്തി. 30-ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച അലിസ്റ്റര്‍ ജോണ്‍സന്റെ ഷോട്ടും കുര്‍ട്ടോ രണ്ടാമതും തടുത്തിട്ടു.

എന്നാല്‍, 44-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ രക്ഷകനായി അയാള്‍ അവതരിച്ചു. മിച്ചി ബാറ്റ്ഷുവായി. ടോബി അര്‍ഡെര്‍വൈല്‍സ് നല്‍കിയ പാസ് മിച്ചി ഒരു സങ്കോചവും കൂടാതെ വലയിലെത്തിച്ച് ടീമിനെ ലീഡിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആദ്യ പകുതി സൃഷ്ടിച്ച ആക്രമണ ഫുട്ബോള്‍ ഇരുടീമുകളും പുറത്തെടുത്തില്ല. ഗോള്‍ തിരച്ചടിക്കാന്‍ കാനഡ തുനിഞ്ഞിറങ്ങിയപ്പോള്‍ പ്രതിരോധത്തിന്റെ മതില്‍ കെട്ടാനാണ് ബെല്‍ജിയം ശ്രമിച്ചത്. മികച്ച മുന്നേറ്റങ്ങളിലൂടെ ഇരു ടീമും എതിര്‍ ടീമിന്റെ ബോക്‌സിലേക്ക് കുതിച്ചു.കളിയുടെ 66 ാം മിനിറ്റില്‍ മിച്ചി ഒറ്റായനായി കനേഡിയന്‍ ഗോള്‍ വല ലക്ഷ്യമാക്കി കുതിച്ചെങ്കിലും ലക്ഷ്യത്തിലെത്തുംമുമ്ബ് ആ നീക്കം അവസാനിച്ചു. 79 മിനിറ്റില്‍ ജോണ്‍സ്റ്റണില്‍ നിന്നുള്ള ക്രോസ് ലാറിന്റെ തലയില്‍, മികച്ച ഒരു ഹെഡറിലൂടെ ബോള്‍ ബെല്‍ജിയം വലയിലേക്ക് കുതിച്ചെങ്കിലും അവിടെ ഒരു കാവല്‍ക്കാരന്‍ ഉണ്ടെന്ന് അവര്‍ മറന്ന് പോയിരുന്നു. കുര്‍ട്ടോ അത് അനായാസമായി കൈപ്പിടിയിലൊതുക്കി. കളിയുടെ അവസാന നിമിഷത്തില്‍ കളി സമനിലയിലാക്കാനുള്ള ശ്രമങ്ങള്‍ കനേഡിയന്‍ താരങ്ങള്‍ നടത്തിനോക്കിയെങ്കിലും ലക്ഷ്യം കാണാതെ അവസാനിച്ചു.

കോസ്റ്ററിക്കയെ ഗോള്‍ മഴയില്‍ മുക്കി സ്പാനിഷ് പട. എതിരില്ലാത്ത ഏഴ് ഗോളുകളാണ് എതിര്‍ടീമിന്റെ വല തുളച്ചുകയറിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത് അല്‍ തുമാമ സ്റ്റേഡിയത്തില്‍ 90 മിനിറ്റും സ്പെയ്ന്‍ മാത്രമായിരുന്നു. ആ പാസിങ് മാജിക്കില്‍ കോസ്റ്ററീക്ക താരങ്ങള്‍ മൈതാനത്ത് പന്ത് കിട്ടാതെ അലഞ്ഞു. സ്പാനിഷ് നിരയിലെ ആറു പേര്‍ ചേര്‍ന്നാണ് ഏഴു ഗോളടിച്ചത്. ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും (31-പെനല്‍റ്റി, 54), ഡാനി ഓല്‍മോ (11), മാര്‍ക്കോ അസെന്‍സിയോ (21), ഗാവി (74), കാര്‍ലോസ് സോളര്‍ (90), അല്‍വാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റന്‍ വിജയമൊരുക്കിയത്. ഇതോടെ, ഗ്രൂപ്പ് ഇയില്‍ മൂന്നു പോയിന്റുമായി സ്പെയിന്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച ജപ്പാനാണ് രണ്ടാമത്.

31 മിനിറ്റിനിടെ മൂന്നു ഗോളടിച്ച് സ്‌പെയിന്‍ ആധിപത്യമുറപ്പിച്ചിരുന്നു. പതിവുപോലെ മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്പെയ്ന്‍ മികച്ച അവസരങ്ങളും ഒരുക്കി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ 11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് സ്പെയ്നിനെ മുന്നിലെത്തിച്ചത്. കോസ്റ്ററിക്കന്‍ ബോക്‌സിലേക്ക് നടത്തിയ തുടര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു സ്‌പെയിനിന്റെ ആദ്യ ഗോള്‍. 11-ാം മിനിറ്റിനുള്ളില്‍ സ്പെയ്ന്‍ ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മാര്‍ക്കോ അസെന്‍സിയോ. ബോക്സിനു വെളിയില്‍ ഇടതുവിങ്ങില്‍നിന്നും ജോര്‍ഡി ആല്‍ബ പന്ത് ഉയര്‍ത്തി വിട്ടു. പന്ത് കാല്‍ചുവട്ടിലാക്കിയ അസെന്‍സിയോ നിഷ്പ്രയാസം അത് വലയിലാക്കി. 31-ാം മിനിറ്റ് ലീഡ് മൂന്നാക്കി ഉയര്‍ത്താനുള്ള ജോലി ഫറന്‍ ടോറസിനായിരുന്നു. ലഭിച്ച പെനാല്‍റ്റി പേടി കൂടാതെ വലയിലെത്തിച്ചു.

രണ്ടാം പകുതിയിലും സ്പാനിഷ് പട ഗോള്‍വേട്ട തുടര്‍ന്നു. നാലാം ഗോള്‍ 54ാം മിനിറ്റില്‍ സംഭവിച്ചു. പന്തുമായി കോസ്റ്ററിക്കന്‍ ബോക്സിലേക്ക് ഫെറാന്‍ ടോറസ് ഓടിക്കയറുമ്‌ബോള്‍ തടയാന്‍ കോസ്റ്ററീക്കന്‍ ഗോള്‍കീപ്പര്‍ക്കുമായില്ല. ടോറസ് തൊടുത്ത ഷോട്ട് വല തുളച്ചുകയറി. അടുത്തത് ഗവിയുടെ അവസരമായിരുന്നു. അല്‍വാരോ മൊറാട്ടയില്‍ നിന്ന് പന്ത് സ്വീകരിച്ച ഗവി അതിനെ നിഷ്പ്രയാസം വലയിലെത്തിച്ചു സ്‌കോര്‍ 5- 0. ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നുപോയ കോസ്റ്ററീക്കന്‍ നിരയെ ആക്രമിക്കാന്‍ എളുപ്പമായിരുന്നു. പ്രതിരോധം മുഴുവന്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. അവിടെയാണ് ആറാമതും വല കുലുക്കി കാര്‍ലോസ് സോളര്‍. വില്യംസ് ബോക്സിലേക്ക് ഉയര്‍ത്തിയ നല്‍കിയ ബോള്‍ ബോക്സിന്റെ നടുക്ക് ലഭിച്ചതോടെ പോസ്റ്റിന്റെ മൂലയിലേക്ക് സോളര്‍ തൊടുത്തുവിട്ടു. ഇന്‍ജറി ടൈമിലും തങ്ങളുടെ ഗോളടി യന്ത്രം സ്പാനിഷ് നിര നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇത്തവണ ലക്ഷ്യം കണ്ടത് അല്‍വാരോ മൊറാട്ട. ഡാനി ഓല്‍വോയില്‍നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് മൊറാട്ട തൊടുത്ത പന്ത്, കെയ്‌ലര്‍ നവാസിനെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്‌കോര്‍ 7-0.

ദോഹ: ലോകകപ്പില്‍ ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തില്‍ ഗോളൊന്നും കണ്ടെത്താനായില്ലെങ്കിലും വമ്ബന്‍ താരനിരയുമായെത്തിയ ക്രൊയേഷ്യക്ക് മുന്നില്‍ മനോഹരമായ മുന്നേറ്റങ്ങളുമായി മൈതാനം നിറഞ്ഞ മൊറോക്കോ കയ്യടി നേടി.

ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ ആര്‍ക്കും വലകുലുക്കാനായില്ല. തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു ഇരുടീമുകളും കളിച്ചത്. മത്സരത്തില്‍ ഉടനീളം ക്രൊയേഷ്യന്‍ പോസ്റ്റിലേക്ക് എട്ട് ഷോട്ടുകള്‍ മൊറോക്കോ പായിച്ചപ്പോള്‍ ക്രൊയേഷ്യ അഞ്ച് ഷോട്ടുകളാണ് ഉതിര്‍ത്തത്. ആദ്യപകുതിയുടെ അവസാന നിമിഷം ക്രൊയേഷ്യ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിനും നിക്കോളാ വ്ലാസിക്കിനും ഗോള്‍നേടാന്‍ സുവര്‍ണ്ണാവസരം കിട്ടിയെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ ക്രൊയേഷ്യയായിരുന്നു മുന്നില്‍ നിന്നത്. മത്സരത്തില്‍ 65 ശതമാനവും പന്ത് കൈവശം വച്ചത് മൊറോക്കോയായിരുന്നു.

സമനിലയോടെ ഓരോ പോയിന്റുമായി ഗ്രൂപ്പ് എഫില്‍ ഇരുടീമുകളും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ലോകകപ്പില്‍ ആദ്യമായിട്ടാണ് ക്രൊയേഷ്യയും മൊറോക്കോയും പരസ്പരം ഏറ്റുമുട്ടുന്നത്.