ദോഹ: ലോകകപ്പില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയ്ക്ക് മേല്‍ ഘാനയ്ക്ക് ജയം.
ആദ്യ കളിയില്‍ പോര്‍ച്ചുഗലിനോട് 3-2 ഏറ്റ തോല്‍വിയുടെ ക്ഷീണം എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഘാന തീര്‍ത്തു. ആദ്യ പകുതിയില്‍ 2-0ന് മുന്നിലെത്തിയ ഘാനയ്ക്കെതിരെ രണ്ടാം പകുതിയില്‍ ആക്രമിച്ച് കയറിയ ദക്ഷിണ കൊറിയ മൂന്ന് മിനിറ്റിനുള്ളില്‍ നേടിയ ഇരട്ട ഗോളുകള്‍ സ്റ്റേഡിയത്തെ ചെങ്കടലിന്റെ ആവേശത്തിലേക്ക് എത്തിച്ചു. ലോകകപ്പ് വേദികളില്‍ എന്നും വമ്ബന്മാരെ വിയര്‍പ്പിച്ച ആഫ്രിക്കന്‍ കരുത്ത് ഏഴുമിനിറ്റിനകം ഗോള്‍ മടക്കി തങ്ങളുടെ ജയം ഉറപ്പിച്ചു. എന്നാല്‍ കളിയുടെ അവസാന 20 മിനിറ്റില്‍ ഘാനയുടെ ഗോള്‍മുഖത്ത് കൊറിയന്‍ നിര നടത്തിയ തുടര്‍ച്ചയായ ആക്രമണം ഈ ലോകകപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രത്യാക്രമണമായി മാറി.
കളിയുടെ24-ാം മിനിറ്റില്‍ ഘാനയ്ക്ക് വേണ്ടി മുഹമ്മദ് സലീസുവാണ് ആദ്യ ഗോള്‍ നേടിയത്. പത്തുമിനിറ്റ് തികയും മുന്നേ 34-ാം മിനിറ്റില്‍ മുഹമ്മദ് കുദൂസ് രണ്ടാം ഗോളും വലയിലെ ത്തിച്ചു. രണ്ടാം പകുതിയില്‍ തീര്‍ത്തും വ്യത്യസ്തരായ ദക്ഷിണ കൊറിയയെ ആണ് കണ്ടത്. തുടര്‍ച്ചയായി ഘാനയുടെ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ട ഏഷ്യന്‍ കരുത്തര്‍ക്കായി ചോ ഗൂ സുംഗ് 58,61 മിനിറ്റുകളില്‍ ഗോള്‍ നേടി ഞെട്ടിച്ചു. എന്നാല്‍ 68-ാം മിനിറ്റില്‍ കളിയിലെ തന്റെ രണ്ടാം ഗോളും വിജയഗോളും ഘാനയ്ക്കായി കുദൂസു സ്വന്തമാക്കി.

