ഖത്തര്‍: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടംനേടി പോര്‍ച്ചുഗല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വായെ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് ടീമിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 54ാം മിനിറ്റില്‍ ചിപ് ഷോട്ടിലൂടെയും ഇന്‍ജ്വറി ടൈമില്‍ (90+3) പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുമായിരുന്നു ബ്രൂണോയുടെ ഗോളുകള്‍.
രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. 3 പോയിന്റുമായി ഘാന രണ്ടാമതും ഒരു പോയിന്റുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. യുറുഗ്വായ് ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ്. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷമേ പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം ഏതാണെന്ന് വ്യക്തമാകൂ. കളിയുടെ രണ്ടാം പകുതിയില്‍ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടിയത്. റാഫേല്‍ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് ബ്രൂണോ തൊടുത്ത ഷോട്ടിലേക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കുതിച്ചുയര്‍ന്നു. ക്രിസ്റ്റ്യാനോയുടെ തലയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്ല യുറുഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ അല്‍വാരസിനേയും മറികടന്ന് വലയിലെത്തി.
ഈ ഗോള്‍ ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടതെങ്കിലും പരിശോധനയില്‍ ക്രിസ്റ്റ്യാനോ പന്തില്‍ തൊട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ഗോള്‍ ബ്രൂണോയ്ക്ക് സ്വന്തമായി. കളി തീരാറായ ഘട്ടത്തിലാണ് പോര്‍ച്ചുഗലിന് പെനാല്‍റ്റിക്ക് അവസരം ലഭിക്കുന്നത്. പോര്‍ച്ചുഗല്‍ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടെ പന്ത് ഡിഫന്‍ഡറുടെ കയ്യില്‍ തട്ടുകയായിരുന്നു. വിഎആര്‍ പരിശോധനകള്‍ക്ക് ശേഷം പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ബ്രൂണോ അനായാസം ഗോള്‍ നേടുകയായിരുന്നു.

