Sports (Page 61)

സാനിയ മിര്‍സ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കും.

2022 സീസണു ശേഷം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിന്‍വലിച്ചാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്.

വനിതാ ഡബിള്‍സിലും സാനിയ മത്സരിക്കും. കസാഖിസ്താന്‍ താരം അന്ന ഡാനിലിനയാണ് വനിതാ ഡബിള്‍സില്‍ സാനിയയുടെ പങ്കാളി. ഈ മാസം 16നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുക.കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബംഗളൂരുവിന് ജയം. ശിവശക്തി, അലന്‍ കോസ്റ്റ എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഫിലിപ്പോടോയാണ് വല കുലുക്കിയത്. ഇതോടെ എട്ടാം സ്ഥാനത്തേക്ക് കയറാനും ബെംഗളൂരുവിനായി.

സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തി ടീമിനെ അണിനിരത്തിയ ബെംഗളൂരു, യുവതാരം ശിവശക്തി നാരായണിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച ഒരവസരത്തില്‍ എമില്‍ ബെന്നിയുടെ ത്രൂ പാസ് പിടിച്ചെടുത്തു ഓടിക്കയറിയ വില്‍മര്‍ ഗില്ലിന്റെ ഷോട്ട് തടുക്കാന്‍ ഗുര്‍പ്രീത് സിങിനായി. പിന്നീട് വലിയ അവസരങ്ങള്‍ ഒന്നും ഇരു ടീമുകളും സൃഷ്ടിച്ചില്ല. ആദ്യ പകുതിക്ക് മുന്‍പ് ശിവശക്തിയുടെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് കീപ്പര്‍ മിര്‍ഷാദ് മിച്ചു സേവ് ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വില്‍മര്‍ ഗിലിന്റെ പാസില്‍ എമില്‍ ബെന്നി തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അന്‍പാതം മിനിറ്റില്‍ ബെംഗളൂരു ഗോള്‍ കണ്ടെത്തി. എതിര്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്തു കയറിയ പരാഗ് ശ്രിവാസ് നല്‍കിയ പന്ത് ചിപ്പ് ചെയ്തെന്ന പോലെ ലക്ഷ്യത്തിലേക്ക് തൊടുത്ത ശിവശക്തിയുടെ ശ്രമം പോസ്റ്റില്‍ തട്ടി വലയില്‍ എത്തിയപ്പോള്‍ കീപ്പര്‍ മിര്‍ഷാദിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. പിന്നീട് സമനില ഗോളിനായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു പരിശ്രമിച്ചു. ആറുപതിയാറാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ എത്തി. ഫ്രീകിക്കില്‍ നിന്നും ഫിലിപ്പോടോയാണ് വല കുലുക്കിയത്. കൃത്യമായി ബ്ലോക്ക് ഒരുക്കുന്നതില്‍ ബെംഗളൂരു പരാജയപ്പെട്ടപ്പോള്‍ താരം താരങ്ങലക്കിടയിലൂടെ തന്നെ അനായാസം പന്ത് വലയിലേക്ക് എത്തിച്ചു. പ്രഭിര്‍ ദാസിന്റെ ക്രോസില്‍ സുനില്‍ ഛേത്രി തൊടുത്ത ഒന്നാന്തരമൊരു ഡൈവിങ് ഹെഡര്‍ മിര്‍ഷാദ് രക്ഷിച്ചെടുത്തു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ബെംഗളൂരു കാത്തിരുന്ന ഗോള്‍ എത്തി. ഉദാന്ത സിങ്ങിന്റെ ക്രോസില്‍ തലവെച്ച് പ്രതിരോധ താരം അലന്‍ കോസ്റ്റയാണ് നിര്‍ണായകമായ ഗോള്‍ നേടിയത്.

ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിയുടെ ചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച വിവരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് അറിയിച്ചത്.

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രവും ഉള്‍പ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പുസ്തകത്തില്‍ ഒഡീഷയുടെ ഹോക്കി ചരിത്രവും, രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഉള്‍പ്പെടുത്തുന്നതാണ്.

ഇതോടൊപ്പം തന്നെ രാജ്യത്ത് ഒളിമ്ബ്യന്മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിട്ടുണ്ട്. 2023 ജനുവരിയില്‍ 13- ന് പുരുഷ ഹോക്കി ലോകകപ്പിനാണ് തിരി തെളിയുന്നത്. ഒഡീഷയിലെ ഭുവനേശ്വര്‍, റൂര്‍ക്കല എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഡിഫന്‍ഡര്‍ ഹെര്‍മന്‍ പ്രീത് സിംഗാണ്.

പൂനെ: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്കെതിരെ 16 റണ്‍സിന് ജയിച്ച ശ്രീലങ്ക മൂന്ന് മത്സരപരമ്ബര 1-1ന് സമനിലയിലെത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 190/8ല്‍ ഒതുങ്ങുകയായിരുന്നു.

അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിന്റെയും (52),ക്യാപ്ടന്‍ ദാസുന്‍ ഷനകയുടെയും (56നോട്ടൗട്ട്) ,പൊരുതിനിന്ന പാത്തും നിസംഗയുടെയും(33),ചരിത്ത് അസലങ്കയുടെയും (37) ബാറ്റിംഗാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 9.1ഓവറില്‍ 57 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ആറാം വിക്കറ്റില്‍ ഒരുമിച്ച സൂര്യകുമാര്‍ യാദവും (51) അക്ഷര്‍ പട്ടേലും (65) തകര്‍ത്തടിച്ചെങ്കിലും 16-ാം ഓവറില്‍ സൂര്യ പുറത്തായതോടെ ആ പ്രതീക്ഷയും തകര്‍ന്നു.തുടര്‍ന്നിറങ്ങിയ ശിവം മാവി (26) പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ അക്ഷര്‍ പുറത്തായതോടെ വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 80 റണ്‍സ് ഓപ്പണിംഗില്‍ നേടിയിരുന്ന ലങ്ക 15-ാം ഓവറില്‍ 110/4 എന്ന നിലയിലായെങ്കിലും അസലങ്കയും ഷനകയും അവസാന ഓവറുകളില്‍ തകത്തടിച്ച് 200 കടത്തുകയായിരുന്നു. അശ്രദ്ധമായ ബൗളിംഗിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ മേധാവിത്വം കൈവിടുകയായിരുന്നുവെന്നുവേണം പറയാന്‍. രണ്ടോവര്‍ മാത്രമെറിഞ്ഞ അര്‍ഷ്ദീപ് സിംഗ് അഞ്ചു നോബാളടക്കം 37 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന അര്‍ഷ്ദീപിന്റെ തിരിച്ചുവരവായിരുന്നു ഇത്. കഴിഞ്ഞ കളിയില്‍ നാലുവിക്കറ്റുമായി അരങ്ങേറിയ ശിവം മാവി ഇന്നലെ നാലോവറില്‍ 53 റണ്‍സാണ് നല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചുമില്ല. ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറില്‍ 48 റണ്‍സാണ് വിട്ടുകൊടുത്തത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും മികച്ചുനിന്നത്. യുസ്വേന്ദ്ര ചഹല്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ലങ്കയ്ക്ക് വേണ്ടി പാത്തും നിസംഗയും മെന്‍ഡിസും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആറാം ഓവറില്‍ അവര്‍ 50 കടന്നു. ഒന്‍പതാം ഓവറില്‍ ടീം സ്‌കോര്‍ 80ല്‍ നില്‍ക്കുമ്‌ബോഴാണ് ഓപ്പണിംഗ് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്. 31 പന്തുകളില്‍ മൂന്ന് ഫോറും നാലുസിക്‌സമടക്കം അതിവേഗ അര്‍ദ്ധസെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസിനെ എല്‍.ബിയില്‍ കുരുക്കി ചഹലാണ് ആദ്യ ബ്രേക്ക് നല്‍കിയത്. അടുത്ത ഓവറില്‍ ഉമ്രാന്‍ ഭനുക രാജപക്‌സയെ (2) ക്‌ളീന്‍ ബൗള്‍ഡാക്കി.12-ാം ഓവറില്‍ നിസംഗയെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ സുന്ദരമായ ഒരു ക്യാച്ചിലൂടെ രാഹുല്‍ ത്രിപാതി മടക്കി അയച്ചു. 14-ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ധനഞ്ജയ ഡിസില്‍വയെയും (3),ഹസരംഗയെയും (0) ഉമ്രാന്‍മാലിക്ക് പുറത്താക്കിയതോടെ ലങ്ക 110/4 എന്ന നിലയിലായി.19 പന്തുകളില്‍ നാലുസിക്‌സടിച്ച അസലങ്ക 138ല്‍ പുറത്തായെങ്കിലും ദാസുന്‍ ഷനക 22 പന്തുകളില്‍ രണ്ടുഫോറും ആറ് സിക്‌സുമടക്കം 56 റണ്‍സടിച്ചുകൂട്ടി ലങ്കയെ 200 കടത്തി. ചമിക കരുണരത്‌നെ 11 റണ്‍സുമായി പുറത്താവാതെ നിന്നു. 12റണ്‍സ് ഇന്ത്യ എക്‌സ്ട്രാസായി നല്‍കി. ഫ്രീഹിറ്റുകളില്‍ നിന്ന് ലങ്ക റണ്‍സടിച്ച് കൂട്ടുകയും ചെയ്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഇഷാന്‍ കിഷന്‍(2),ശുഭ്മന്‍ ഗില്‍(5),രാഹുല്‍ ത്രിപാതി (5) എന്നിവരെ ആദ്യ മൂന്നോവറിനുള്ളില്‍ നഷ്ടമായി. പരിക്കേറ്റ സഞ്ജുസാംസണ് പകരമാണ് രാഹുല്‍ ത്രിപാതി അരങ്ങേറിയത്.തുടര്‍ന്ന്ഹാര്‍ദിക് പാണ്ഡ്യ(12),ദീപക് ഹൂഡ(9) എന്നിവരെക്കൂടി നഷ്ടമായി. തുടര്‍ന്നാണ് സൂര്യയും അക്ഷറും ഒരുമിച്ചത്.

എറണാകുളം: ഐഎസ്എല്‍ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷദ്പൂരിനെ നേരിടും. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ആറ് മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തന്നെയാണ് ആഗ്രഹിക്കുന്നത്.

ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാനാകും. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് മൂന്ന് പോയിന്റ് മാത്രം പുറകില്‍ എത്താനും ബ്ലാസ്റ്റേഴ്സിനാകും. മദ്ധ്യനിരയില്‍ സസ്പെന്‍ഷന്‍ കാരണം ഇവാന്‍ കലിയുഷ്നി ഉണ്ടാകില്ല. അതിനാല്‍ ആദ്യ ഇലവനില്‍ കോച്ച് ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് വിവരം.

മാര്‍ച്ച് 3 മുതല്‍ 26 വരെ വനിതാ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണ്‍ നടക്കാനാണ് സാധ്യത. ടീമുകളെ സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനും താല്‍പ്പര്യമുള്ള കക്ഷികളെ ക്ഷണിച്ചു കൊണ്ട് ബിസിസിഐ ചൊവ്വാഴ്ച ടെന്‍ഡര്‍ പുറപ്പെടുവിച്ചു.

‘വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെ സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം ടെന്‍ഡര്‍ പ്രക്രിയയിലൂടെ സ്വന്തമാക്കാന്‍ പ്രശസ്തരായ സ്ഥാപനങ്ങളില്‍ നിന്ന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ബിഡ്ഡുകള്‍ ക്ഷണിക്കുന്നു’- ബിസിസിഐ അറിയിച്ചു. 22023 ജനുവരി 21 വരെ നോണ്‍ റീഫണ്ടബിള്‍ ഫീസായ അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങുന്നതിന് ഐടിടി ലഭ്യമാകും.

തങ്ങളുടെ വിവേചനാധികാരത്തില്‍ ഏത് ഘട്ടത്തിലും ബിഡ്ഡിംഗ് പ്രക്രിയ റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ ഉള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ബിസിസിഐ അറിയിച്ചു. എന്നാല്‍, എത്ര ടീമുകള്‍ പങ്കെടുക്കുമെന്ന് ബിഡ്ഡുകളൊന്നും അറിയിച്ചിട്ടില്ല.

ന്യൂഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് റിഷബ് ഇപ്പോള്‍. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ മാറ്റുക. ബിസിസിഐയുടെ താല്‍പര്യം താരത്തെ മുംബൈയിലേക്ക് മാറ്റാനാണ്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു ബിസിസിഐയുടെ ലക്ഷ്യം. നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ പര്‍ദിവാലയുടെ കീഴിലെത്തിക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തിയിരുന്നത്.

നേരത്തെ, താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി റിഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പന്തിന്റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും റിഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ഇതിനിടെ പന്തിനെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അനുപം ഖേറും ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദര്‍ശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദര്‍ശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തട്ടെ എന്നും അവര്‍ പറഞ്ഞു. ക്രിക്കറ്റ് താരം നിതീഷ് റാണയും ആശുപത്രിയിലെത്തി പന്തിനെ കണ്ടു.

അമ്മക്ക് പുതുവര്‍ഷ സര്‍പ്രൈസ് നല്‍കാനായി റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. അപടകത്തില്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞശേഷമാണ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത്.

മുംബൈ: ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ രണ്ട് റണ്‍സിന് വീഴ്ത്തി ഇന്ത്യ. അക്സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് 10 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 162, ശ്രീലങ്ക-20 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ട്.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ഇഷന്‍ കിഷന്‍-29 പന്തില്‍ 37, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ-27 പന്തില്‍ 29, ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡ-23 പന്തില്‍ 41 നോട്ടൗട്ട്, അക്സര്‍ പട്ടേല്‍-20 പന്തില്‍ 31 നോട്ടൗട്ട് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍-അഞ്ച് പന്തില്‍ ഏഴ്, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്-10 പന്തില്‍ ഏഴ്, മലയാളി താരം സഞ്ജു സാംസണ്‍-ആറു പന്തില്‍ അഞ്ച് എന്നിവര്‍ നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക, മഹീഷ് തീക്ഷണ, ചമിക കരുണരത്നെ, ധനഞ്ജയ ഡിസില്‍വ, വനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 27 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ശനക, 25 പന്തില്‍ 28 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ്, 16 പന്തില്‍ 23 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ വനിന്ദു ഹസരങ്ക, 16 പന്തില്‍ പുറത്താകാതെ 23 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ ചമിക കരുണരത്നെ എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയെ നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ശിവം മാവി നാലു വിക്കറ്റും, ഉമ്രാന്‍ മാലിക്കും, ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ബ്രസീലിയ: ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് സാന്റോസില്‍ പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു.

‘പെലെ അനശ്വരനാണ്. ഫുട്ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. വലിയ ദുഃഖത്തോടെയാണ് നമ്മള്‍ ഇവിടെ നില്‍ക്കുന്നത്. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാല്‍, നമുക്ക് ഒരുപാട് പുഞ്ചിരികള്‍ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമര്‍പ്പിക്കുകയും ലോകത്തോടു മുഴുവന്‍ ഒരു നിമിഷം മൗനമാചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു’-ഇന്‍ഫാന്റിനോ പറഞ്ഞു.

2022 ഡിസംബര്‍ 29നാണ് ഫുട്ബോള്‍ ചരിത്രം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം വിടപറയുന്നത്. 2021 മുതല്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്നങ്ങളും താരം നേരിട്ടിരുന്നു.

മുംബൈ: ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി20യില്‍ ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റ മത്സരവുമാവുമിത്. 13 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ടെങ്കിലും കുട്ടിക്രിക്കറ്റില്‍ ഇതേവരെ ഗില്ലിന് അവസരം ലഭിച്ചിട്ടില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം ഓപ്പണറുടെ റോളിലാവും ഗില്ലെത്തുക. മൂന്നാം നമ്ബറില്‍ ദീപക് ഹൂഡയും നാലാം നമ്ബറില്‍ സൂര്യകുമാര്‍ യാദവും എത്തിയേക്കും. തുടര്‍ന്നുള്ള സ്ഥാനങ്ങളിലാണ് മലയാളി താരം സഞ്ജു സാംസണും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കുക.

രണ്ട് സ്പിന്നര്‍മാരുമായാവും ഇന്ത്യ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറാവും പ്ലെയിങ് ഇലവനിലെത്തുക. മറ്റൊരു സ്പിന്നറുടെ സ്ഥാനത്ത് ചാഹലിന് പകരം കുല്‍ദീപിനെ പരിഗണിച്ചേക്കും. അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക് എന്നിവരാകും പേസര്‍മാരായി ടീമിലെത്തുക. ഇതോടെ അരങ്ങേറ്റത്തിനായി ശിവം മാവിക്കും മുകേഷ് കുമാറിനും ഇനിയും കാത്തിരിക്കേണ്ടിവരും.