ന്യൂഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് റിഷബ് ഇപ്പോള്‍. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ മാറ്റുക. ബിസിസിഐയുടെ താല്‍പര്യം താരത്തെ മുംബൈയിലേക്ക് മാറ്റാനാണ്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു ബിസിസിഐയുടെ ലക്ഷ്യം. നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ പര്‍ദിവാലയുടെ കീഴിലെത്തിക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തിയിരുന്നത്.
നേരത്തെ, താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി റിഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പന്തിന്റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും റിഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ഇതിനിടെ പന്തിനെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അനുപം ഖേറും ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദര്‍ശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദര്‍ശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തട്ടെ എന്നും അവര്‍ പറഞ്ഞു. ക്രിക്കറ്റ് താരം നിതീഷ് റാണയും ആശുപത്രിയിലെത്തി പന്തിനെ കണ്ടു.
അമ്മക്ക് പുതുവര്‍ഷ സര്‍പ്രൈസ് നല്‍കാനായി റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. അപടകത്തില്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞശേഷമാണ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത്.

