മുംബൈ: ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ രണ്ട് റണ്‍സിന് വീഴ്ത്തി ഇന്ത്യ. അക്സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് 10 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 162, ശ്രീലങ്ക-20 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ട്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ഇഷന്‍ കിഷന്‍-29 പന്തില്‍ 37, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ-27 പന്തില്‍ 29, ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡ-23 പന്തില്‍ 41 നോട്ടൗട്ട്, അക്സര്‍ പട്ടേല്‍-20 പന്തില്‍ 31 നോട്ടൗട്ട് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍-അഞ്ച് പന്തില്‍ ഏഴ്, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്-10 പന്തില്‍ ഏഴ്, മലയാളി താരം സഞ്ജു സാംസണ്‍-ആറു പന്തില്‍ അഞ്ച് എന്നിവര്‍ നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക, മഹീഷ് തീക്ഷണ, ചമിക കരുണരത്നെ, ധനഞ്ജയ ഡിസില്‍വ, വനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 27 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ശനക, 25 പന്തില്‍ 28 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ്, 16 പന്തില്‍ 23 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ വനിന്ദു ഹസരങ്ക, 16 പന്തില്‍ പുറത്താകാതെ 23 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ ചമിക കരുണരത്നെ എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയെ നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ശിവം മാവി നാലു വിക്കറ്റും, ഉമ്രാന്‍ മാലിക്കും, ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

