Sports (Page 60)

തിരുവനന്തപുരം: ഈ മാസം 15ന് നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുകയാണ്. ഗീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം അന്താരാഷ്ട്ര ഏകദിന മത്സരം കൂടിയാണിത്. മത്സരത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതിയായി തന്നെ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന്റെ 90 ശതമാനം ഒരുക്കങ്ങളും പൂര്‍ത്തിയായി. ഔട്ട് ഫീല്‍ഡും പിച്ചും മത്സരത്തിനായി സജ്ജമാക്കി കഴിഞ്ഞു. ബിസിസിഐയില്‍ നിന്നുള്ള ന്യൂട്രല്‍ ക്യൂറേറ്റര്‍ ഞായറാഴ്ച മുംബൈയില്‍ നിന്നെത്തി പിച്ച് പരിശോധിച്ച് വിലയിരുത്തി. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഇത്തവണയും ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

മത്സരദിനം സുരക്ഷയ്ക്കായി 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഡിയത്തും പരിസരത്തുമായി വിന്യസിക്കും. ഇതിന് പുറമെ കെസിഎയുടെ നേതൃത്വത്തില്‍ സ്വകാര്യ സുരക്ഷ ഏജന്‍സികളെയും വിന്യസിക്കും. ഗ്രീന്‍ഫീല്‍ഡില്‍ 2018 നവംബര്‍ ഒന്നിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ആദ്യ ഏകദിന മത്സരം അരങ്ങേറിയത്. അന്ന് വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന ദുര്‍ബലമായ വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ മറികടന്നിരുന്നു.

ഇന്ത്യ – ശ്രീലങ്ക എകദിനത്തിനായി ഇരു ടീമുകളും 13 ന് തിരുവനന്തപുരത്തെത്തും. 14 ന് ടീമുകള്‍ പരിശീലനത്തിനിറങ്ങും. ഏകദിന പരമ്ബരയിലെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. ഇന്ത്യന്‍ ടീമിന് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീമിന് ഹോട്ടല്‍ വിവാന്തയിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹി: ഇത്തവണത്തെ ഐ.പി.എല്‍ സംപ്രേഷണം പൂര്‍ണമായും സൗജന്യമാക്കാനൊരുങ്ങി ‘സ്പോര്‍ട്18′(വിയാകോം18). ജിയോ സിനിമ ആപ്പിലായിരിക്കും ടൂര്‍ണമെന്റിന്റെ ഡിജിറ്റല്‍ സംപ്രേഷണം. നേരത്തെ, ഖത്തര്‍ ലോകകപ്പ് ‘ജിയോ സിനിമ’യിലൂടെ സൗജന്യമായാണ് സംപ്രേഷണം ചെയ്തിരുന്നത്.

ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്പോര്‍ട്സ്18’ന്റെ നീക്കം. ഭോജ്പുരി, തമിഴ്, ബംഗാളി അടക്കം 11 ഭാഷകളിലാണ് ഇത്തവണ സൗജന്യമായി ഐ.പി.എല്‍ സംപ്രേഷണം ചെയ്യാനിരിക്കുന്നത്. 2022ല്‍ ഹോട്സ്റ്റാര്‍ ആറു ഭാഷകളിലാണ് മത്സരം സംപ്രേഷണം ചെയ്തിരുന്നത്.

ഇതാദ്യമായാണ് ഐ.പി.എല്‍ വ്യത്യസ്ത മീഡിയ സ്ഥാപനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ ടെലിവിഷന്‍ സംപ്രേഷണാവകാശം ‘സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കി’നും ഡിജിറ്റല്‍ സംപ്രേഷണാവകാശം ‘വിയാകോം18’നും ആയിരുന്നു ലഭിച്ചത്. 20,500 കോടി രൂപയ്ക്കായിരുന്നു വിയാകോം ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. കൂടുതല്‍ പരസ്യദാതാക്കളെ പിടിക്കാനായും വമ്ബന്‍ ഓഫറുകളാണ് വിയാകോം മുന്നോട്ടുവയ്ക്കുന്നത്. പരസ്യ, സ്പോണ്‍സര്‍ഷിപ്പ് തുക വലിയ തോതില്‍ കുറച്ചാണ് പുതിയ നീക്കം. അതേസമയം, ഡിജിറ്റല്‍ കരാര്‍ തുക അനുസരിച്ച് ഒരു മത്സരത്തിന് 50 കോടി രൂപയായിരിക്കും വിയാകോമിന് ചെലവാകുക.

ഗുവാഹട്ടി: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി മുന്‍നായകന്‍ വിരാട് കൊഹ്ലിയും (113)അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ നായകന്‍ രോഹിത് ശര്‍മ്മയും(83),ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും (70) കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാരും ചേര്‍ന്ന് ഇന്ത്യയെ 67 റണ്‍സ് വിജയത്തിലെത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 373/7 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയ്‌ക്കെതിരെ ലങ്ക 306/8 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജും ഒരോ വിക്കറ്റുമായി ഷമിയും ചഹലും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ സെഞ്ച്വറി നേടിയ നായകന്‍ ഷനകയും (108*) അര്‍ദ്ധസെഞ്ച്വറി നേടിയ (72) പാത്തും നിസംഗയുമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്.

ഇന്ത്യന്‍ മണ്ണിലെ തന്റെ 20-ാം സെഞ്ച്വറി നേടി സച്ചിന്റെ റെക്കാഡിനൊപ്പമെത്തുകയും ലങ്കയ്‌ക്കെതിരെ എട്ട് സെഞ്ച്വറികള്‍ എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കാഡ് തകര്‍ക്കുകയും ചെയ്ത വിരാട് കൊഹ്ലിയുടെ പുതുവര്‍ഷത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ സ്‌ട്രൈക്കിംഗ് പോയിന്റ് .87 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളും ഒരു സിക്‌സും പായിച്ച് 113 റണ്‍സിലെത്തിയ വിരാട് തന്റെ കരിയറിലെ 45-ാമത് ഏകദിന സെഞ്ച്വറിയാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും ശുഭ്മാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 19.4-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന ഇവര്‍ 143 റണ്‍സാണ് ഓപ്പണിംഗില്‍ കൂട്ടിച്ചേര്‍ത്തത്. രോഹിതും ശുഭ്മാനും ചേര്‍ന്ന് തകര്‍ത്തടിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. 60 പന്തുകളില്‍ 11 ഫോറടക്കം 70 റണ്‍സ് നേടിയ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ അതൊരു നഷ്ടമേ ആയിരുന്നില്ലെന്ന് പിന്നാലെവന്ന വിരാട് തെളിയിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പലപ്പോഴായി കൂടാരം കയറിയിട്ടും 49-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന വിരാട് ഏകദിനത്തിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് നേടിയത്. കഴിഞ്ഞ മാസം ബംഗ്‌ളാദേശിനെതിരെ നടന്ന ഏകദിനത്തിലായിരുന്നു ഇതിനുമുമ്ബുള്ള സെഞ്ച്വറി.

67 പന്തുകളില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സുകളും പായിച്ച രോഹിത് ശര്‍മ്മ24-ാം ഓവറില്‍ മധുശങ്കയുടെ പന്തില്‍ ബൗള്‍ഡായി കൂടാരം കയറുമ്‌ബോള്‍ ഇന്ത്യ 173/2 എന്ന സ്‌കോറിലെത്തിയിരുന്നു. തുടര്‍ന്നിറങ്ങിയ ശ്രേയസ് അയ്യര്‍ 28 റണ്‍സെടുത്ത് 30-ാം ഓവറില്‍ മടങ്ങുമ്‌ബോള്‍ ഇന്ത്യ 213ലെത്തി. തുടര്‍ന്ന് കെ.എല്‍ രാഹുലും (39)വിരാടും ചേര്‍ന്ന് 41-ാം ഓവറില്‍ 300 കടത്തി.ഹാര്‍ദിക് പാണ്ഡ്യ 14 റണ്‍സുമായി മടങ്ങിയപ്പോള്‍ അക്ഷര്‍ പട്ടേലിനെ (9)ഒപ്പം നിറുത്തിയാണ് വിരാട് മൂന്നക്കം തികച്ചത്. 80 പന്തുകളാണ് വിരാടിന് ഇതിനായി വേണ്ടിവന്നത്. 48-ാം ഓവറിലാണ് അക്ഷര്‍ പുറത്തായത്. അടുത്ത ഓവറില്‍ കാസുന്‍ രജിതയുടെ പന്തില്‍ കീപ്പര്‍ ക്യാച്ച് നല്‍കി വിരാടും മടങ്ങി. ഷമിയും സിറാജും ചേര്‍ന്നാണ് 373ലെത്തിച്ചത്. മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് ഓപ്പണര്‍ പാത്തും നിസംഗ (72) ഒരറ്റത്ത് പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാലാം ഓവറില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെയും(5) ആറാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെയും (0) കൂടാരം കയറ്റി സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. തുടര്‍ന്നിറങ്ങിയ ചരിത്ത് അസലങ്കയെ (23 ) 14-ാം ഓവറില്‍ ഉമ്രാന്‍ മാലിക്ക് മടക്കി അയച്ചു.40 പന്തുകളില്‍ 47 റണ്‍സുമായി നിസംഗയ്ക്ക് പിന്തുണ നല്‍കിയ ധനഞ്ജയ ഡിസില്‍വ 25-ാം ഓവറില്‍ ഷമിക്ക് ഇരയാകുമ്‌ബോള്‍ ലങ്ക 161/5 എന്ന നിലയിലെത്തിയിരുന്നു. 30-ാം ഓവറില്‍ ഉമ്രാന്‍ മാലിക്ക് നിസംഗയുടെ പോരാട്ടവും അവസാനിപ്പിച്ചു. 80 പന്തുകളില്‍ 11 ഫോറടക്കം 72 റണ്‍സ് നേടിയ നിസംഗയെ അക്ഷര്‍ പട്ടേലാണ് പിടികൂടിയത്. തുടര്‍ന്നായിരുന്നു അവസാന ഓവര്‍ വരെ പിടിച്ചുനിന്ന ഷനകയുടെ സെഞ്ച്വറി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ 130 കോടി രൂപയുടെ ഡിസ്‌കൗണ്ട് വേണമെന്ന് സ്റ്റാര്‍ ഇന്ത്യ. 2018-2023 കാലയളവിലെ ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അവകാശങ്ങള്‍ 6138 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. കോവിഡ് കാരണം സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം ഏറ്റെടുത്ത കാലയളവിലെ ചില മത്സരങ്ങള്‍ വീണ്ടും പുനഃക്രമീകരിക്കേണ്ടി വന്നിരുന്നു. ഈ വിഷയമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയോട് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടത്. എന്നാല്‍, ബി.സി.സി.ഐ ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സ്റ്റാര്‍ ഇന്ത്യയുടെ നിലവിലെ കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശത്തിനുള്ള ടെന്‍ഡര്‍ ബി.സി.സി.ഐ ഉടനെ ക്ഷണിക്കും. അതേസമയം ഐ.പി.എല്‍ മത്സരങ്ങളുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണവകാശം സ്വന്തമാക്കിയ കമ്ബനി കൂടിയാണ് സ്റ്റാര്‍ സ്പോര്‍ട്സ്. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശം 48390 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജഴ്സി സ്പോണ്‍സര്‍മാരായ ബൈജൂസ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കാനുള്ള തുകയില്‍ 140 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്നും ബാക്കി തുക ഇന്‍സ്റ്റാള്‍മെന്റായി കൈമാറാമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. നവംബറില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാകാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2023 മാര്‍ച്ച് വരെയെങ്കിലും തുടരാന്‍ ബി.സി.സി.ഐ ബൈജൂസിനോട് ആവശ്യപ്പെടുകയായിരുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വര്‍ഷത്തെ ഐപിഎല്‍ നഷ്ടമാകുമെന്ന സാഹചര്യത്തില്‍ താരത്തിന് ഈ സീസണില്‍ ലഭിക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. 16 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനെ നിലനിര്‍ത്തിയത്.

എ കാറ്റഗറി താരമായ പന്തിന് വാര്‍ഷിക കരാര്‍ തുകയായ അഞ്ച് കോടിരൂപയും ബോര്‍ഡ് നല്‍കും. നേരത്തെ പന്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ പറഞ്ഞിരുന്നു.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിലെ വിനോദനികുതിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കാത്തതിനാലാണ് ടിക്കറ്റ് നിരക്ക് കൂടിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നതെന്നും തമിഴ്‌നാട്ടില്‍ കേരളത്തേക്കാള്‍ നികുതി കൂടുതലാണെന്നും കെ.സി.എ സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് ചുമത്തിയിരിക്കുന്നതെന്നും ഗുവാഹത്തിയില്‍ 6,000 രൂപ വരെ ടിക്കറ്റ് നിരക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 5% ആയിരുന്ന വിനോദ നികുതി 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ അധികം നല്‍കേണ്ടി വരും. 18% ജി.എസ്.ടിക്ക് പുറമേയാണിത്. ഇതുകൂടി ഉള്‍പ്പെടുമ്‌ബോള്‍ ആകെ നികുതി 30% ആയി ഉയരും. അതിനിടെ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള സ്ഥിരം വേദിയാക്കാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമമാരംഭിക്കണമെന്ന് മന്ത്രി പറഞ്ഞു.

മുംബൈ: ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി മുംബൈ സിറ്റി എഫ്സി. ജോര്‍ജ് പെരേര ഡയസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, ഗ്രെഗ് സ്റ്റെവാര്‍ട്ട്, ബിപിന്‍ സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം കണ്ടെത്തി.

മത്സരം തുടങ്ങി 22 മിനിറ്റിനിടെ വന്ന നാല് ഗോളുകള്‍ ബ്ലാസ്റ്റേഴ്സിന്റെ വിധി എഴുതി. ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് നാല് ഗോളുകള്‍ക്ക് പിറകില്‍. 90 മിനുറ്റും ഇഞ്ച്വറി ടൈമിലും ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെങ്കിലും ഒന്നുപോലും മടക്കാനായില്ല. ജയത്തോടെ മുംബൈ സിറ്റി എഫ്.സി 33 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സ്ഥാനത്തിന് മാറ്റമില്ല. ഹൈദരാബാദ് സിറ്റി എഫ്.സിയാണ് 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. കളി തുടങ്ങി നാലാം മിനുറ്റില്‍ ബിപിന്‍ സിംഗിന്റെ മുന്നേറ്റത്തിനൊടുവിലായിരുന്നു മുംബൈ സിറ്റി എഫ്സിയുടെ ആദ്യ ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ബിപിന്‍ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ അത് തട്ടിയകറ്റി. പന്ത് വന്നത് ഡയസിന്റെ കാലുകളിലേക്ക്. പൊടുന്നനെ പന്ത് വലക്കുള്ളിലെത്തിച്ചു(1-0).

പിന്നാലെ 10-ാം മിനുറ്റില്‍ ലാലിയന്‍സുവാല ചാംഗ്‌തേയുടെ വലത് വിങ്ങില്‍ നിന്നുള്ള നീളന്‍ ക്രോസില്‍ തലവെച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് മുംബൈയുടെ ലീഡ് രണ്ടാക്കി(2-0). ഇതോടെ ആദ്യ പത്തുമിനിറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിന്നിലായി. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും ഗോളടിച്ചു. ഇത്തവണ ബിപിന്‍ സിങ്ങാണ് ടീമിനായി വലകുലുക്കിയത്(3-0). 22-ാം മിനുറ്റില്‍ ജാഹുവിന്റെ അസിസ്റ്റില്‍ പെരേര ഡയസ് രണ്ടാമതും വല കുലുക്കിയതോടെ മുംബൈയുടെ ലീഡ് നാലായി(4-0). ഗോള്‍ മടക്കാന്‍ പൊരിഞ്ഞ കളി കളിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മിസോറാമിനെ 5-1 ന് തോല്‍പ്പിച്ച് കേരളം ഫൈനലില്‍. ഗ്രൂപ്പ് ചാമ്ബ്യന്‍മാരായിട്ടാണ് കേരളം ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്.

നരേഷ് ഭാഗ്യനാഥന്‍ കേരളത്തിനായി ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും മിസോറാമിന്റെ വലകുലുക്കി കേരളത്തെ ഫൈനല്‍ റൗണ്ടിലെത്തിച്ചു. മല്‍സംഫെല മിസോറമിന്റെ ആശ്വാസ ഗോള്‍ നേടി. ഗ്രൂപ്പ് രണ്ടിലെ അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മിസോറാം നാല് മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ചാമ്ബ്യന്‍മരായ കേരളത്തിന് 15 പോയിന്റുകളും ഗ്രൂപ്പ് റണ്ണറപ്പുകളായ മിസോറാമിന് 12 പോയിന്റുകളുമാണുള്ളത്.

5 കളികളിലായി 24 ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. എന്നാല്‍, എതിരാളികള്‍ക്ക് കേരളത്തിന്റെ വല കുലുക്കാനായത് രണ്ട് തവണ മാത്രമാണ്. ദില്ലിയിലായിരിക്കും സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റിയെ ബിസിസിഐ പ്രഖ്യാപിച്ചു. കമ്മറ്റി ചെയര്‍മാനായി ചേതന്‍ ശര്‍മ തന്നെ തുടരും. ശിവ് സുന്ദര്‍ ദാസ്, സുബ്രൊതോ ബാനര്‍ജി, സലില്‍ അങ്കോള, ശ്രീധരന്‍ ശരത് എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

അതേസമയം, സുലക്ഷണ നായിക്, അശോക് മെല്‍ഹോത്ര, ജതിന്‍ പരഞ്ജപെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് കമ്മറ്റിയെ തെരഞ്ഞെടുത്തത്. 600ഓളം അപേക്ഷകകളില്‍ നിന്ന് 11 പേഉടെ ചുരുക്കപ്പട്ടികയുണ്ടാക്കി അവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്നാണ് പുതിയ സെലക്ഷന്‍ കമ്മറ്റിയെ തെരഞ്ഞെടുത്തതെന്ന് ബിസിസിഐ അറിയിച്ചു.

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ കാല്‍മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഋഷഭ് പന്ത് നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ മുപ്പതിന് പുലര്‍ച്ചെ ഡല്‍ഹി – ഡെറാഡൂണ്‍ ഹൈവേയില്‍ ഹരിദ്വാറിലുണ്ടായ വാഹനാപകടത്തിലാണ് ഋഷഭ് പന്തിന് പരിക്കേറ്റത്. കാര്‍ ഡിവൈഡറിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. വന്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായിട്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്.