നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബംഗളൂരുവിന് ജയം. ശിവശക്തി, അലന്‍ കോസ്റ്റ എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഫിലിപ്പോടോയാണ് വല കുലുക്കിയത്. ഇതോടെ എട്ടാം സ്ഥാനത്തേക്ക് കയറാനും ബെംഗളൂരുവിനായി.
സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തി ടീമിനെ അണിനിരത്തിയ ബെംഗളൂരു, യുവതാരം ശിവശക്തി നാരായണിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച ഒരവസരത്തില്‍ എമില്‍ ബെന്നിയുടെ ത്രൂ പാസ് പിടിച്ചെടുത്തു ഓടിക്കയറിയ വില്‍മര്‍ ഗില്ലിന്റെ ഷോട്ട് തടുക്കാന്‍ ഗുര്‍പ്രീത് സിങിനായി. പിന്നീട് വലിയ അവസരങ്ങള്‍ ഒന്നും ഇരു ടീമുകളും സൃഷ്ടിച്ചില്ല. ആദ്യ പകുതിക്ക് മുന്‍പ് ശിവശക്തിയുടെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് കീപ്പര്‍ മിര്‍ഷാദ് മിച്ചു സേവ് ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വില്‍മര്‍ ഗിലിന്റെ പാസില്‍ എമില്‍ ബെന്നി തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അന്‍പാതം മിനിറ്റില്‍ ബെംഗളൂരു ഗോള്‍ കണ്ടെത്തി. എതിര്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്തു കയറിയ പരാഗ് ശ്രിവാസ് നല്‍കിയ പന്ത് ചിപ്പ് ചെയ്തെന്ന പോലെ ലക്ഷ്യത്തിലേക്ക് തൊടുത്ത ശിവശക്തിയുടെ ശ്രമം പോസ്റ്റില്‍ തട്ടി വലയില്‍ എത്തിയപ്പോള്‍ കീപ്പര്‍ മിര്‍ഷാദിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. പിന്നീട് സമനില ഗോളിനായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു പരിശ്രമിച്ചു. ആറുപതിയാറാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ എത്തി. ഫ്രീകിക്കില്‍ നിന്നും ഫിലിപ്പോടോയാണ് വല കുലുക്കിയത്. കൃത്യമായി ബ്ലോക്ക് ഒരുക്കുന്നതില്‍ ബെംഗളൂരു പരാജയപ്പെട്ടപ്പോള്‍ താരം താരങ്ങലക്കിടയിലൂടെ തന്നെ അനായാസം പന്ത് വലയിലേക്ക് എത്തിച്ചു. പ്രഭിര്‍ ദാസിന്റെ ക്രോസില്‍ സുനില്‍ ഛേത്രി തൊടുത്ത ഒന്നാന്തരമൊരു ഡൈവിങ് ഹെഡര്‍ മിര്‍ഷാദ് രക്ഷിച്ചെടുത്തു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ബെംഗളൂരു കാത്തിരുന്ന ഗോള്‍ എത്തി. ഉദാന്ത സിങ്ങിന്റെ ക്രോസില്‍ തലവെച്ച് പ്രതിരോധ താരം അലന്‍ കോസ്റ്റയാണ് നിര്‍ണായകമായ ഗോള്‍ നേടിയത്.

