ഗുവാഹട്ടി: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി മുന്നായകന് വിരാട് കൊഹ്ലിയും (113)അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ നായകന് രോഹിത് ശര്‍മ്മയും(83),ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും (70) കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാരും ചേര്‍ന്ന് ഇന്ത്യയെ 67 റണ്‍സ് വിജയത്തിലെത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 373/7 എന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ഇന്ത്യയ്ക്കെതിരെ ലങ്ക 306/8 എന്ന സ്കോറില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന് മാലിക്കും രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജും ഒരോ വിക്കറ്റുമായി ഷമിയും ചഹലും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ സെഞ്ച്വറി നേടിയ നായകന് ഷനകയും (108*) അര്‍ദ്ധസെഞ്ച്വറി നേടിയ (72) പാത്തും നിസംഗയുമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്.
ഇന്ത്യന്‍ മണ്ണിലെ തന്റെ 20-ാം സെഞ്ച്വറി നേടി സച്ചിന്റെ റെക്കാഡിനൊപ്പമെത്തുകയും ലങ്കയ്ക്കെതിരെ എട്ട് സെഞ്ച്വറികള്‍ എന്ന സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കാഡ് തകര്‍ക്കുകയും ചെയ്ത വിരാട് കൊഹ്ലിയുടെ പുതുവര്‍ഷത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ സ്ട്രൈക്കിംഗ് പോയിന്റ് .87 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളും ഒരു സിക്സും പായിച്ച് 113 റണ്‍സിലെത്തിയ വിരാട് തന്റെ കരിയറിലെ 45-ാമത് ഏകദിന സെഞ്ച്വറിയാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും ശുഭ്മാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 19.4-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന ഇവര്‍ 143 റണ്‍സാണ് ഓപ്പണിംഗില്‍ കൂട്ടിച്ചേര്‍ത്തത്. രോഹിതും ശുഭ്മാനും ചേര്‍ന്ന് തകര്‍ത്തടിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷിച്ചിരുന്നു. 60 പന്തുകളില്‍ 11 ഫോറടക്കം 70 റണ്‍സ് നേടിയ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ അതൊരു നഷ്ടമേ ആയിരുന്നില്ലെന്ന് പിന്നാലെവന്ന വിരാട് തെളിയിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പലപ്പോഴായി കൂടാരം കയറിയിട്ടും 49-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന വിരാട് ഏകദിനത്തിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് നേടിയത്. കഴിഞ്ഞ മാസം ബംഗ്ളാദേശിനെതിരെ നടന്ന ഏകദിനത്തിലായിരുന്നു ഇതിനുമുമ്ബുള്ള സെഞ്ച്വറി.
67 പന്തുകളില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സുകളും പായിച്ച രോഹിത് ശര്‍മ്മ24-ാം ഓവറില്‍ മധുശങ്കയുടെ പന്തില്‍ ബൗള്‍ഡായി കൂടാരം കയറുമ്ബോള്‍ ഇന്ത്യ 173/2 എന്ന സ്കോറിലെത്തിയിരുന്നു. തുടര്‍ന്നിറങ്ങിയ ശ്രേയസ് അയ്യര്‍ 28 റണ്‍സെടുത്ത് 30-ാം ഓവറില്‍ മടങ്ങുമ്ബോള്‍ ഇന്ത്യ 213ലെത്തി. തുടര്‍ന്ന് കെ.എല്‍ രാഹുലും (39)വിരാടും ചേര്‍ന്ന് 41-ാം ഓവറില്‍ 300 കടത്തി.ഹാര്‍ദിക് പാണ്ഡ്യ 14 റണ്‍സുമായി മടങ്ങിയപ്പോള്‍ അക്ഷര്‍ പട്ടേലിനെ (9)ഒപ്പം നിറുത്തിയാണ് വിരാട് മൂന്നക്കം തികച്ചത്. 80 പന്തുകളാണ് വിരാടിന് ഇതിനായി വേണ്ടിവന്നത്. 48-ാം ഓവറിലാണ് അക്ഷര്‍ പുറത്തായത്. അടുത്ത ഓവറില്‍ കാസുന്‍ രജിതയുടെ പന്തില്‍ കീപ്പര്‍ ക്യാച്ച് നല്കി വിരാടും മടങ്ങി. ഷമിയും സിറാജും ചേര്‍ന്നാണ് 373ലെത്തിച്ചത്. മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് ഓപ്പണര്‍ പാത്തും നിസംഗ (72) ഒരറ്റത്ത് പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാലാം ഓവറില്‍ അവിഷ്ക ഫെര്‍ണാണ്ടോയെയും(5) ആറാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെയും (0) കൂടാരം കയറ്റി സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. തുടര്‍ന്നിറങ്ങിയ ചരിത്ത് അസലങ്കയെ (23 ) 14-ാം ഓവറില്‍ ഉമ്രാന് മാലിക്ക് മടക്കി അയച്ചു.40 പന്തുകളില്‍ 47 റണ്‍സുമായി നിസംഗയ്ക്ക് പിന്തുണ നല്കിയ ധനഞ്ജയ ഡിസില്‍വ 25-ാം ഓവറില്‍ ഷമിക്ക് ഇരയാകുമ്ബോള്‍ ലങ്ക 161/5 എന്ന നിലയിലെത്തിയിരുന്നു. 30-ാം ഓവറില്‍ ഉമ്രാന് മാലിക്ക് നിസംഗയുടെ പോരാട്ടവും അവസാനിപ്പിച്ചു. 80 പന്തുകളില്‍ 11 ഫോറടക്കം 72 റണ്‍സ് നേടിയ നിസംഗയെ അക്ഷര്‍ പട്ടേലാണ് പിടികൂടിയത്. തുടര്‍ന്നായിരുന്നു അവസാന ഓവര്‍ വരെ പിടിച്ചുനിന്ന ഷനകയുടെ സെഞ്ച്വറി.

