തിരുവനന്തപുരം: ഈ മാസം 15ന് നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുകയാണ്. ഗീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം അന്താരാഷ്ട്ര ഏകദിന മത്സരം കൂടിയാണിത്. മത്സരത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതിയായി തന്നെ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന്റെ 90 ശതമാനം ഒരുക്കങ്ങളും പൂര്‍ത്തിയായി. ഔട്ട് ഫീല്‍ഡും പിച്ചും മത്സരത്തിനായി സജ്ജമാക്കി കഴിഞ്ഞു. ബിസിസിഐയില്‍ നിന്നുള്ള ന്യൂട്രല്‍ ക്യൂറേറ്റര്‍ ഞായറാഴ്ച മുംബൈയില്‍ നിന്നെത്തി പിച്ച് പരിശോധിച്ച് വിലയിരുത്തി. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഇത്തവണയും ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
മത്സരദിനം സുരക്ഷയ്ക്കായി 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഡിയത്തും പരിസരത്തുമായി വിന്യസിക്കും. ഇതിന് പുറമെ കെസിഎയുടെ നേതൃത്വത്തില്‍ സ്വകാര്യ സുരക്ഷ ഏജന്‍സികളെയും വിന്യസിക്കും. ഗ്രീന്‍ഫീല്‍ഡില്‍ 2018 നവംബര്‍ ഒന്നിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ആദ്യ ഏകദിന മത്സരം അരങ്ങേറിയത്. അന്ന് വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന ദുര്‍ബലമായ വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ മറികടന്നിരുന്നു.
ഇന്ത്യ – ശ്രീലങ്ക എകദിനത്തിനായി ഇരു ടീമുകളും 13 ന് തിരുവനന്തപുരത്തെത്തും. 14 ന് ടീമുകള്‍ പരിശീലനത്തിനിറങ്ങും. ഏകദിന പരമ്ബരയിലെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. ഇന്ത്യന്‍ ടീമിന് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീമിന് ഹോട്ടല്‍ വിവാന്തയിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

