തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിലെ വിനോദനികുതിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കാത്തതിനാലാണ് ടിക്കറ്റ് നിരക്ക് കൂടിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നതെന്നും തമിഴ്‌നാട്ടില്‍ കേരളത്തേക്കാള്‍ നികുതി കൂടുതലാണെന്നും കെ.സി.എ സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് ചുമത്തിയിരിക്കുന്നതെന്നും ഗുവാഹത്തിയില്‍ 6,000 രൂപ വരെ ടിക്കറ്റ് നിരക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 5% ആയിരുന്ന വിനോദ നികുതി 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ അധികം നല്‍കേണ്ടി വരും. 18% ജി.എസ്.ടിക്ക് പുറമേയാണിത്. ഇതുകൂടി ഉള്‍പ്പെടുമ്‌ബോള്‍ ആകെ നികുതി 30% ആയി ഉയരും. അതിനിടെ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള സ്ഥിരം വേദിയാക്കാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമമാരംഭിക്കണമെന്ന് മന്ത്രി പറഞ്ഞു.

