Sports (Page 59)

ഡല്‍ഹി: വനിതാ ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം വിയാകോം 18ന്. 2023 മുതല്‍ 2027 വരെ അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വിയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

പ്രഥമ ഐ.പി.എല്‍ വനിതാ ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ ജനുവരി 25നാണ് പ്രഖ്യാപിക്കുക. അഞ്ചുടീമുകളാണ് പങ്കെടുക്കുന്നത് . ചെന്നൈ, രാജസ്ഥാന്‍, ഡല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമുകളാണ് മുന്‍നിരയിലുള്ളത്. താരലേലം ഫെബ്രുവരിയിലാണ് നടക്കുക . പ്രമുഖതാരങ്ങള്‍ക്ക് 30 മുതല്‍ 50 ലക്ഷം വരെയാണ് അടിസ്ഥാനവില.

വനിതാ ഐ.പി.എല്‍ ഷെഡ്യൂള്‍ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഫെബ്രുവരിയില്‍ നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിന് ശേഷം മാര്‍ച്ചില്‍ ടൂര്‍ണമെന്റ് നടത്താനാണ് ധാരണയായിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം.

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീം നിറഞ്ഞാടിയപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രചിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍ തന്നെയായിരുന്നു ഗ്രീന്‍ഫാല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍ തന്നെയായിരുന്നു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീം നിറഞ്ഞാടിയപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രചിക്കപ്പെട്ടത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്. ഇതോടെ 2008 ല്‍ അയര്‍ലണ്ടിനെതിരെ ന്യൂസിലാന്‍ഡ് നേടിയ 290 റണ്‍സിന്റെ റെക്കോര്‍ഡ് ജയം പഴങ്കഥയായി. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍മഴ പെയ്യിച്ചപ്പോള്‍ 3-0 നാണ് ഇന്ത്യ പരമ്ബര തൂത്തുവാരിയത്. തന്റെ 46 ആം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കേവലം മൂന്ന് സെഞ്ച്വറി കൂടി മതി കോഹ്ലിക്ക്. റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിക്കും ടീം ഇന്ത്യക്കും ആശംസകള്‍’- മുഖ്യമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തിരുവനന്തപുരം: ശ്രീലങ്കന്‍ ബാറ്റിങ്നിരയ്ക്കു മുന്നില്‍ തീതുപ്പി മുഹമ്മദ് സിറാജ്. ഏത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും സ്വപ്നം കാണുന്ന മഹാവിജയത്തിനു പക്ഷെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലെ ആളൊഴിഞ്ഞ ഗാലറിയാണ് സാക്ഷിയായത്. 317 റണ്‍സെന്ന ഏകദിന ക്രിക്കറ്റിലെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തം പേരിലാക്കിയത്. ഏകദിന പരമ്ബര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.

കോഹ്ലിയുടെയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 391 എന്ന് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയെ സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വെറും 22 ഓവറില്‍ 73 റണ്‍സിന് എറിഞ്ഞിട്ടു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ഏകപക്ഷീയമായി അടിച്ചെടുക്കുകയും ചെയ്തു. 2008ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം.

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ശുഭ്മാന്‍ ഗില്ലിന്റേയും വിരാട് കോലിയുടേയും സെഞ്ചുറി മികവില്‍ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് അടിച്ചെടുത്തു.

പരമ്ബരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി 110 പന്തില്‍ നിന്ന് 166 അടിച്ച് പുറത്താകാതെ നിന്നു.

89 പന്തില്‍ നിന്നാണ് ഗില്‍ തന്റെ രണ്ടാം സെഞ്ചുറി നേടിയത്. 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത ഗില്ലിനെ പുറത്താക്കുകയാരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചു. ഗില്ലിനേയും രോഹിത് ശര്‍മയേയും കൂടാതെ ശ്രേയസ് അയ്യര്‍ (32 പന്തില്‍ നിന്ന് 38), കെ.എല്‍.രാഹുല്‍ (ഏഴ്), സൂര്യ കുമാര്‍ യാദവ് (നാല്) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രണ്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സടിച്ച അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം പുറത്താകാതെ നിന്നു.

ഖത്തര്‍ ലോകകപ്പ് ഫൈനലിലും അതിന് മുന്‍പുള്ള മത്സരങ്ങളിലും അര്‍ജന്റീന താരങ്ങളും ടീം സ്റ്റാഫുകളും പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഫിഫ.

മാന്യമല്ലാത്ത പെരുമാറ്റവും, മത്സരത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനം (ആര്‍ട്ടിക്കിള്‍ 11), കളിക്കാരുടെയും ടീം ഒഫീഷ്യല്‍സിന്റെയും മോശം പെരുമാറ്റം (ആര്‍ട്ടിക്കിള്‍ 12) എന്നിവ പരിശോധിച്ചാണ് അര്‍ജന്റീനക്കെതിരെ ഫിഫ നടപടി ക്രമങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്കറ്റിങ് നിയമാവലി ലംഘിച്ചതിനും ടീം അര്‍ജന്റീനക്കെതിരെ നടപടിയുണ്ടാകും. ഫൈനലിന് ശേഷം വിജയാഘോഷത്തിനിടെ ഗ്രൗണ്ടിലെ മാര്‍ക്കറ്റിങ് വസ്തുക്കള്‍ അര്‍ജന്റീനിയന്‍ ടീമംഗങ്ങള്‍ നശിപ്പിച്ചെന്നും ഫിഫ കണ്ടെത്തിയിരുന്നു.

പുരസ്‌കാരദാന ചടങ്ങിനിടെ ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ വിവാദ ആംഗ്യവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗോള്‍ഡന് ഗ്ലൗവ് പുരസ്‌കാരം ഏറ്റവുവാങ്ങിയ ശേഷമായിരുന്നു മാര്‍ട്ടീനസിന്റെ അശ്ലീലച്ചുവയുള്ള ആക്ഷന്‍. പിന്നീട് അര്‍ജന്റീനയില്‍ എത്തിയശേഷമുള്ള ടീം ബസിലെ വിജയാഘോഷത്തിനിടയിലും ഫ്രാന്‍സ് താരം എംബാപ്പെയെ കളിയാക്കിയ സംഭവവും വലിയ വാര്‍ത്തയായിരുന്നു. പക്ഷേ ഫിഫയുടെ റിപ്പോര്‍ട്ടില്‍ മാര്‍ട്ടിനെസിന്റെയും മറ്റ് അര്‍ജന്റീന താരങ്ങളുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. നടപടിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ഫിഫ ചുമതലപ്പെടുത്തുന്ന അന്വേഷണ സമിതിയുടെ അന്വേഷണം ഉണ്ടാകും. ഇതിനിടയില്‍ അര്‍ജന്റൈന്‍ ഫുട്ബാള്‍ അസോസിയേഷന് വിശദീകരണം നല്‍കാം. അതേസമയം സെമിയില്‍ അര്‍ജന്റീനയോട തോറ്റ ക്രൊയേഷ്യക്കെതിരെയും ചട്ടലംഘനങ്ങളുടെ പേരില്‍ ഫിഫ അന്വേഷണം നടത്തുന്നുണ്ട്.

മെല്‍ബണ്‍: താലിബാന്‍ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്ബരയില്‍ നിന്നും പിന്മാറുന്നുവെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. മാര്‍ച്ചില്‍ യുഎഇയില്‍ നടക്കാനിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ രംഗത്തുവന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് വ്യക്തമാക്കിയ റാഷിദ് ഓസ്ട്രേലിയന്‍ ടി20 ടൂര്‍ണമെന്റായ ബിഗാബാഷ് ലീഗില്‍ നിന്നും പിന്മാറുമെന്ന സൂചനയും നല്‍കി. നിലവില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേര്‍സിലെ താരമാണ് റാഷിദ്.

റൂര്‍ക്കേല: ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ സ്‌പെയ്‌നിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ. 12-ാം മിനിട്ടില്‍ അമിത് രോഹിതാസും 23-ാം മിനിട്ടില്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ആവേശം കാട്ടിയ സ്‌പെയ്‌നിനെ പിന്നീട് പതിയെ ഇന്ത്യ വരുതിയിലാക്കുകയായിരുന്നു. 11-ാം മിനിട്ടില്‍ ഒരു പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഇന്ത്യയ്ക്ക് ആദ്യ അവസരം ലഭിച്ചു. ഹര്‍മന്‍പ്രീതിന്റെ റിവേഴ്‌സ് ഷോട്ട് സ്പാനിഷ് പ്രതിരോധം തട്ടിത്തെറുപ്പിച്ചു.എന്നാല്‍ ഇത് റീബൗണ്ട് ചെയ്തുവന്നത് പിടിച്ചെടുത്ത് അമിത് രോഹിതാസാണ് വലകുലുക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഈ ഗോളിന് ഇന്ത്യ ലീഡ് ചെയ്തു. 23-ാം മിനിട്ടില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് നല്ലൊരു മുന്നേറ്റം കണ്ടു.എന്നാല്‍ അഭിഷേകിന്റെയും ഹര്‍മന്‍പ്രീതിന്റെയും ശ്രമം വിഫലമായി.

ഫിഫ 23 ടീം ഓഫ് ദി ഇയര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരൊക്കെ ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്ര് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ല.

12 മാസത്തെ ഫുട്ബോള്‍ മത്സരങ്ങള്‍ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്ബോളര്‍മാരെ തങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ.എ.കോം വ്യക്തമാക്കുന്നത്. 30 അറ്റാക്കര്‍മാര്‍, 35 മിഡ്ഫീല്‍ഡര്‍മാര്‍, 25 ഡിഫന്‍ഡര്‍മാര്‍, 10 ഗോള്‍കീപ്പര്‍മാര്‍ എന്നിങ്ങനെയാണ് ഷോര്‍ട്ട് ലിസ്റ്റിലെ താരങ്ങള്‍. ലിസ്റ്റില്‍ നിന്ന് വോട്ടിംഗിലൂടെയാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുക. വിവിധ ക്ലബുകളില്‍ നിന്നുള്ള നൂറു താരങ്ങളില്‍ നിന്ന് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ജനുവരി 17 വരെ നടക്കും. ജനുവരി 19 ഇ.എ സ്പോര്‍ട്സ് ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിക്കും.

അറ്റാക്കേഴ്സ്:

ലാഗോ അസ്പാസ്, വിസ്സാം ബെന്‍ യെഡ്ഡര്‍, കരീം ബെന്‍സേമ, റാഫേല്‍ ലിയോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഒസ്മാന്‍ ഡെംബലെ, ജാവേ ഫെലിക്സ്, ഗബ്രിയേല്‍ ജിസൂസ്, ഫില്‍ ഫോഡെന്‍, കോഡി ഗാക്പോ, എര്‍ലിങ് ഹാളണ്ട്, ബോര്‍ജെ ഇഗ്ലേസിയാസ്, സിറോ ഇംപോലെ, ഹാരി കെയ്ന്‍, കോലോ മുവാനി, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, ലൗത്താരോ മാര്‍ട്ടിനെസ്.

മിഡ് ഫീല്‍ഡേഴ്സ്:

കെവിന്‍ ഡിബ്രൂയന്‍, സെകോ ഫൊഫാന, പെഡ്രി, റോഡ്രി, സാദിയോ മനേ, ലൂക്കാ മോഡ്രിച്ച്, ബ്രൂണോ ഫെര്‍ണാണ്ടസ്. ഇതര ക്ലബുകളെ അപേക്ഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ കൂടുതലുള്ളത്. ഇരു ക്ലബുകളുടെയും എട്ടു താരങ്ങള്‍ പട്ടികയിലുണ്ട്. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ് ഏറെയുമുള്ളത്. പ്രീമിയര്‍ ലീഗ്-30, ലാലിഗ -21, സീരി എ -20, ബുണ്ടസ് ലീഗ -16, ലീഗ 1-9, പോര്‍ച്ചുഗല്‍ പ്രീമിയറ ലീഗ -3, ഡച്ച് എറെഡിവിസി -1 എന്നിങ്ങനെയാണ് വിവിധ ലീഗുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം.

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ടീം നായകന്‍ ഹ്യൂഗോ ലോറിസ്. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് 36കാരനായ ലോറിസ്. 2018ലെ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്ത നായകനാണ് ഇദ്ദേഹം.

ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ് ലോറിസ്. 145 മത്സരങ്ങളില്‍ ലോറിസ് ഫ്രാന്‍സിന്റെ ജേഴ്‌സിയണിഞ്ഞു. 2008ല്‍ 21-ാം വയസിലായിരുന്നു ഫ്രഞ്ച് കുപ്പായത്തിലെ അരങ്ങേറ്റം. അരങ്ങേറ്റം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ദേശീയ ടീമിന്റെ നായകനായ ലോറിസ് പിന്നീട് വിരമിക്കുവോളം 121 മത്സരങ്ങളില്‍ കൂടി ക്യാപ്റ്റന്റെ ആംബാന്‍ഡ് കൈയിലണിഞ്ഞു. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി രണ്ട് മാസമെ അവേശഷിക്കുന്നുള്ളൂ എന്നതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് ലോറിസ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും ലോകകപ്പ് സമയത്ത് ഈ ചിന്ത ശക്തമായെന്നും ലോറിസ് വ്യക്തമാക്കി.

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള ലോറിസിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഫ്രഞ്ച് ഫുട്‌ബോളിന്റെ മഹനായ കാവല്‍ക്കാരനായിരുന്നു അദ്ദഹേമെന്നും ഫ്രാന്‍സ് പരിശീലകന്‍ ദിദിയെര്‍ ദെഷാം പറഞ്ഞു. ലോറിസിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചുവെന്നത് ബഹുമതിയായി കാണുന്നുവെന്നും ദേശീയ ടീമിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നുവെന്നും ദെഷാം വ്യക്തമാക്കി.

കൊല്‍ക്കത്ത: ശ്രീലങ്കയെ വരിഞ്ഞുമുറുക്കി ഇന്ത്യ. ഈഡന്‍ ഗാര്‍ഡനില്‍ പുരോഗമിക്കുന്ന രണ്ടാം ഏകദിനത്തില്‍ 215 റണ്‍സിനാണ് ലങ്ക പുറത്തായത്. മൂന്നു മുന്‍നിര ലങ്കന്‍ ബാറ്റര്‍മാരെ പുറത്താക്കി കുല്‍ദീപാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ നുവാനിദു ഫെര്‍നാന്‍ഡോ(50) മാത്രമാണ് ലങ്കന്‍ സംഘത്തില്‍ പൊരുതിനോക്കിയത്.

നേരത്തെ, ടോസ് നേടി ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം. ഒരുവശത്ത് ആവിഷ്‌ക ഫെര്‍നാന്‍ഡോ ആക്രമിച്ചു കളിച്ചപ്പോള്‍ കരുതലോടെയായിരുന്നു നുവാനിദുവിന്റെ തുടക്കം. ഇരുവരും ചേര്‍ന്ന് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ സമ്മാനിച്ചത്. 17 പന്തില്‍ നാല് ബൗണ്ടറിയടിച്ച് 20 റണ്‍സുമായി നിന്ന ആവിഷ്‌ക്കയെ ഞെട്ടിച്ച് സിറാജിന്റെ മനോഹരമായൊരു വൊബിള്‍ സീം ഡെലിവറി. കുറ്റിയും പിഴുതാണ് പന്ത് കടന്നുപോയത്. രണ്ടാം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസുമായി കൂട്ടുചേര്‍ന്ന് നുവാനിദു ലങ്കന്‍ ഇന്നിങ്സ് പടുത്തുയര്‍ത്തി. ആക്രമണമൂഡിലായിരുന്നു മെന്‍ഡിസ്. സിക്സറും ബൗണ്ടറികളുമായി അടിച്ചുതകര്‍ത്ത് അര്‍ധസെഞ്ച്വറിയിലേക്കുള്ള മെന്‍ഡിസിന്റെ കുതിപ്പ് പക്ഷെ കുല്‍ദീപ് തകര്‍ത്തു. വിക്കറ്റിനു മുന്നില്‍ കുരുങ്ങി മടങ്ങുമ്‌ബോള്‍ ഒരു സിക്സും മൂന്നു ഫോറും സഹിതം 34 റണ്‍സായിരുന്നു മെന്‍ഡിസിന്റെ സമ്ബാദ്യം.

നാലാമനായി ഇറങ്ങിയ ധനഞ്ജയ ഡി സില്‍വ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. അക്സര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. ചാരിത് അസലങ്കയെ(15) പുറത്താക്കി കുല്‍ദീപ് വീണ്ടും മത്സരം ഇന്ത്യന്‍ കൈയിലെത്തിച്ചു. ഇതിനിടെ അര്‍ധസെഞ്ച്വറി പിന്നിട്ട നുവാനിദു ഫെര്‍നാന്‍ഡോ റണ്‍ഔട്ടില്‍ പുറത്താകുകയും ചെയ്തു. 63 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിതമാണ് താരം 50 റണ്‍സ് അടിച്ചത്. ആറാമനായി ഇറങ്ങിയ നായകന്‍ ഷനകയ്ക്ക് ഇത്തവണ അത്ഭുതങ്ങളൊന്നും ചെയ്യാനായില്ല. ആദ്യ മത്സരത്തില്‍ അവിസ്മരണീയമായ സെഞ്ച്വറി ഇന്നിങ്സിലൂടെ വിസ്മയിപ്പിച്ച ഷനക(രണ്ട്) കുല്‍ദീപിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. എന്നാല്‍, തുടര്‍ന്ന് ലങ്കന്‍ വാലറ്റത്തിന്റെ കൗണ്ടര്‍ അറ്റാക്കാണ് കണ്ടത്. വനിന്ദു ഹസരങ്ക 17 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും സഹിതം 21 റണ്‍സെടുത്തു പുറത്തായി. ഉമ്രാന്‍ മാലികാണ് താരത്തെ അക്സര്‍ പട്ടേലിന്റെ കൈയിലെത്തിച്ച് മടക്കിയയച്ചത്. പിന്നാലെ വമ്ബനടികളുമായി കളംനിറഞ്ഞു ചാമിക കരുണരത്നെയും ദുനിത് വെല്ലലാഗെയെയും. 17 റണ്‍സെടുത്ത ചാമികയെ ഉമ്രാന്‍ മാലിക് വീണ്ടും അക്സറിന്റെ കൈയിലെത്തിച്ചു. പിന്നാലെ വെല്ലലാഗെയെ മുഹമ്മദ് സിറാജും പുറത്താക്കി. ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്താണ് താരം ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തിയത്. 17 റണ്‍സുമായി കസുന്‍ രജിത പുറത്താകാതെ നിന്നു.