കാര്യവട്ടം ഏകദിനം: ഗില്ലിനും കോലിക്കും സെഞ്ചുറി

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ശുഭ്മാന്‍ ഗില്ലിന്റേയും വിരാട് കോലിയുടേയും സെഞ്ചുറി മികവില്‍ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് അടിച്ചെടുത്തു.

പരമ്ബരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി 110 പന്തില്‍ നിന്ന് 166 അടിച്ച് പുറത്താകാതെ നിന്നു.

89 പന്തില്‍ നിന്നാണ് ഗില്‍ തന്റെ രണ്ടാം സെഞ്ചുറി നേടിയത്. 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത ഗില്ലിനെ പുറത്താക്കുകയാരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചു. ഗില്ലിനേയും രോഹിത് ശര്‍മയേയും കൂടാതെ ശ്രേയസ് അയ്യര്‍ (32 പന്തില്‍ നിന്ന് 38), കെ.എല്‍.രാഹുല്‍ (ഏഴ്), സൂര്യ കുമാര്‍ യാദവ് (നാല്) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രണ്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സടിച്ച അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം പുറത്താകാതെ നിന്നു.