കോഹ്ലിക്കും ഇന്ത്യന്‍ ടീമിനും ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീം നിറഞ്ഞാടിയപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രചിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍ തന്നെയായിരുന്നു ഗ്രീന്‍ഫാല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍ തന്നെയായിരുന്നു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീം നിറഞ്ഞാടിയപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രചിക്കപ്പെട്ടത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്. ഇതോടെ 2008 ല്‍ അയര്‍ലണ്ടിനെതിരെ ന്യൂസിലാന്‍ഡ് നേടിയ 290 റണ്‍സിന്റെ റെക്കോര്‍ഡ് ജയം പഴങ്കഥയായി. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍മഴ പെയ്യിച്ചപ്പോള്‍ 3-0 നാണ് ഇന്ത്യ പരമ്ബര തൂത്തുവാരിയത്. തന്റെ 46 ആം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കേവലം മൂന്ന് സെഞ്ച്വറി കൂടി മതി കോഹ്ലിക്ക്. റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിക്കും ടീം ഇന്ത്യക്കും ആശംസകള്‍’- മുഖ്യമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.