Sports (Page 39)

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂരിനെ 21 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും വിജയവഴിയില്‍. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ബാംഗ്ലൂരിനായി നായകന്‍ വിരാട് കോഹ്ലിയും(54) ലോംറോറും(34) ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. കൃത്യമായ ഇടവേളകളില്‍ കൊല്‍ക്കത്ത ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുക കൂടി ചെയ്തതോടെ ലക്ഷ്യം ബാംഗ്ലൂരിന് അകലെയായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും സുയാഷ് ഷര്‍മയും ആന്ദ്രേ റസലും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ജയത്തോടെ ആറ് പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. ഇതോടെ മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നേരത്തെ ഓപ്പണിങ് റോളിലേക്ക് തിരിച്ചെത്തിയ ജേസണ്‍ റോയ് തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് റിങ്കു സിങും ഡേവിഡ് വീസെയും കൂടി ഫിനിഷ് ചെയ്തപ്പോള്‍ കൊല്‍ക്കത്ത മികച്ച ടോട്ടലിലെത്തി. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 200 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തക്കായി ഓപ്പണര്‍ ജേസണ്‍ റോയി വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. എന്‍. ജഗദീഷനുമൊത്ത് ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയി ഒന്‍പത് ഓവറില്‍ 83 റണ്‍സെടുത്തു. 29 പന്തില്‍ 27 റണ്‍സെടുത്ത് ജഗദീഷ് മോശമാക്കിയെങ്കിലും ഇപ്പുറത്തെ എന്‍ഡില്‍ ജേസണ്‍ റോയി തകര്‍പ്പന്‍ അടിയായിരുന്നു. 29 പന്തില്‍ നാല് ബൌണ്ടറിയും അഞ്ച് സിക്‌സറുമുള്‍പ്പെടെ 56 റണ്‍സെടുത്താണ് ജേസണ്‍ റോയി പുറത്തായത്.

ഇരുവരു പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ നിതീഷ് റാണയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് വീണ്ടും കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തി. നിതീഷ് റാണ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ വെങ്കടേഷ് അയ്യര്‍ 26 പന്തില്‍ 31 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ റിങ്കു സിങും ഡേവിഡ് വീസെയും തുടരെ ബൌണ്ടറികള്‍ പറത്തിയതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ 200ലെത്തി. 10 പന്തില്‍ 18 റണ്‍സെടുത്ത് റിങ്കു സിങും മൂന്ന് പന്തില്‍ 12 റണ്‍സെടുത്ത് ഡേവിഡ് വീസെയും പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ഹസരങ്കയും വിജയ്കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്.സിയെ വീഴ്ത്തി ഒഡിഷ എഫ്.സി കിരീടത്തില്‍ മുത്തമിട്ടു. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയായ ഫൈനലില്‍ കരുത്തരായ ബംഗളൂരു എഫ്.സിയെ 2-1 തോല്‍പ്പിച്ചാണ് ഒഡിഷയുടെ കിരീട നേട്ടം. ഒഡിഷ എഫ്.സി നേടുന്ന ആദ്യത്തെ മേജര്‍ കിരീടമാണിത്.

ഒഡിഷയ്ക്കായി ബ്രസീലിയന്‍ സൂപ്പര്‍ താരം ഡിയാഗോ മൗറീഷ്യോയാണ് രണ്ട്‌ഗോളുകളും നേടിയത്. ബംഗളൂരുവിനായി ക്യാപ്ടന്‍ സുനില്‍ ഛെത്രി പെനാല്‍റ്റിയിലൂടെ ഒരുഗോള്‍ മടക്കി. സെമിയിലും ഗ്രൂപ്പ് ഘട്ടത്തിലുമെല്ലാം രക്ഷകനായ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പിഴവില്‍ നിന്ന് ആദ്യ ഗോള്‍ വഴങ്ങിയ ബംഗളൂരുവിന് പിന്നീട് തിരിച്ചുവരാനായില്ല. മധ്യനിരയില്‍ കളിമെയ്യുന്ന ജാവിയര്‍ ഹെര്‍ണാണ്ടസ് പരിക്കിനെത്തുടര്‍ന്ന് കളിക്കാനിറങ്ങാതിരുന്നത് ബംഗളൂരുവിന് തിരിച്ചടിയായി. കടുത്ത ചൂടില്‍ ചുട്ടുപൊള്ളുകയായിരുന്ന കോഴിക്കോട്ട് കളി തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്ബ് മഴയെത്തി. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ തുടക്കത്തില്‍ ഇരു ടീമും നിയന്ത്രണം കിട്ടാതെ വലഞ്ഞു. ആദ്യ പതിനഞ്ച് മിനിട്ടിന് ശേഷം ഒഡിഷ ആക്രമണം കടുപ്പിച്ചു.

23ാം മിനിട്ടില്‍ ഡിയാഗോ മൗറീഷ്യോ ഒഡിഷയെ ഫ്രീക്കിക്ക് ഗോളിലൂടെ മുന്നിലെത്തിച്ചു. വിക്ടര്‍ റോഡ്രിഗസിനെ ബംഗളൂരു മധ്യനിര താരം സുരേഷ് സിംഗ് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്ക് മൗറീഷ്യോ ഗോള്‍ വലലക്ഷ്യമാക്കി തൊടുത്തു. അനായാസം കൈപ്പിടിയിലാക്കാമായിരുന്നെങ്കിലും ബാള്‍ ബംഗളൂരുവിന്റെ സൂപ്പര്‍ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ കൈയ്യില്‍ നിന്ന് വഴുതി വീണ് ഗോള്‍ലൈന്‍ കടന്നു. 38ാം മിനിട്ടില്‍ മൗറീഷ്യോ രണ്ടാം ഗോളും നേടി. ബോക്‌സിന് വെളിയില്‍ നിന്ന് വിക്ടര്‍ റോഡ്രിഗസ് ഉയര്‍ത്തി നല്‍കിയ ബാള്‍ ഹെഡ്ഡറിലൂടെ ജെറി മൗറീഷ്യോക്ക് മറിച്ചു നല്‍കി. ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ ക്ലോസ് റേഞ്ചില്‍ നിന്ന് മൗറീഷ്യോ പന്ത് വലയിലെത്തിച്ചു. 85ാം മിനിട്ടില്‍ പെനാല്‍റ്റി ഗോളാക്കി ഛെത്രി ബംഗളൂരുവിന് പ്രതീക്ഷ നല്‍കി. 84ാം മിനിട്ടില്‍ ശിവശക്തിയെ ബോക്‌സനുള്ളില്‍ അനികിത് യാദവ് പിറകില്‍ നിന്ന് ഫൗള്‍ ചെയ്തിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് ഛെത്രി ഗോള്‍ കുറിച്ചത്. പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്ത കിക്ക് തടുക്കാന്‍ ഒഡിഷ ഗോളി അമരീന്ദര്‍ സിംഗിന്റെ മുഴുനീള ഡൈവിനുമായില്ല. രണ്ട് ഗോളിന് പിന്നിലായതോടെ നാല് മാറ്റങ്ങളുമായാണ് ബംഗളൂരു രണ്ടാം പകുതി ആരംഭിച്ചത്. അലക്‌സാണ്ടര്‍ ജൊവാനോവിച്ച്, പാബ്ലോ പെരസ്, പ്രബീര്‍ ദാസ്, ശിവശക്തി എന്നിവര്‍ കളത്തിലിറങ്ങി ആക്രമണം ശക്തമാക്കിയെങ്കിലും ബംഗളൂരുവിന് ലക്ഷ്യം കാണാനായില്ല

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിട്ട് 55 റണ്‍സിന്റെ വമ്ബന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്‌കോറര്‍. ടൈറ്റന്‍സിനായി നൂര്‍ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശര്‍മ്മയും രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ മടങ്ങി. 21 പന്ത് നേരിട്ടെങ്കിലും 13 റണ്‍സ് മാത്രമാണ് മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷന് നേടാനായത്. കിഷനെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ റാഷിദ് ഖാന്‍ പറഞ്ഞയക്കുകയായിരുന്നു. റാഷിദിന്റെ ഇതേ ഓവറില്‍ ഇംപാക്ട് പ്ലെയറായി എത്തിയ തിലക് വര്‍മ്മ 3 പന്തില്‍ 2 റണ്ണുമായി എല്‍ബിയില്‍ മടങ്ങി. 10 ഓവര്‍ പൂര്‍ത്തിയാകുമ്‌ബോള്‍ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ക്രീസില്‍ നില്‍ക്കേ മുംബൈ സ്‌കോര്‍ 58-3. നൂര്‍ അഹമ്മദിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ കാമറൂണ്‍ ഗ്രീനിന്റെ(26 പന്തില്‍ 33) കുറ്റി തെറിച്ചു. ഇതേ ഓവറിലെ നാലാം പന്തില്‍ ടിം ഡേവിഡ്(2 പന്തില്‍ 0) അഭിനവ് മനോഹറിന്റെ ക്യാച്ചില്‍ മടങ്ങി. തന്റെ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ നൂര്‍, സൂര്യകുമാര്‍ യാദവിനെ(12 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇതിന് ശേഷം പീയുഷ് ചൗളയും(12 പന്തില്‍ 18), നെഹാല്‍ വധേരയും(12 പന്തില്‍ 40) കാമിയോ കാട്ടിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. മോഹിതിന്റെ അവസാന ഓവറില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും(9 പന്തില്‍ 13) മടങ്ങി. 3* റണ്‍സുമായി ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും അക്കൗണ്ട് തുറക്കാതെ റിലി മെരിഡിത്തും പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ വരിവരിയായി നിന്ന് മുംബൈ ബൗളര്‍മാര്‍ അടിവാങ്ങിയതാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(34 പന്തില്‍ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറും(22 പന്തില്‍ 46), അഭിനവ് മനോഹറുമാണ്(21 പന്തില്‍ 42) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(5 പന്തില്‍ 20*) വെടിക്കെട്ടും ശ്രദ്ധേയമായി. മുംബൈ ബൗളര്‍മാര്‍ ലൈനും ലെങ്തും മറന്നപ്പോള്‍ ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ആറ് ഓവറില്‍ 94 റണ്‍സും പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ടൈറ്റന്‍സിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് പിറന്ന 207/6. മുംബൈക്കായി വെറ്ററന്‍ സ്പിന്നര്‍ പീയുഷ് ചൗള രണ്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്റെന്‍ഡോര്‍ഫും റിലി മെരിഡിത്തും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റും വീഴ്ത്തി.

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്നലെ അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഡല്‍ഹി 7 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഈ സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയും. 34 റണ്‍സ് നേടുകയും 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അക്ഷര്‍ പട്ടേലാണ് കളിയിലെ താരം. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ക്രീസിലുണ്ടായിരുന്ന വാഷിംഗ്ടണ്‍ സുന്ദറിനും (24), മാര്‍ക്കോ യാന്‍സണും (2) നേടാനായത് അഞ്ച് റണ്‍സ് മാത്രമാണ്. 49 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസ്സനും (19 പന്തില്‍ 31) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഡല്‍ഹിക്കായി അക്ഷറിനെക്കൂടാതെ നോര്‍ക്യയും രണ്ട് വിക്കറ്റ് വീഴ്ത്തി. കൃത്യതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ബാറ്റര്‍മാരെ വമ്ബന്‍ സ്‌കോറിലേക്ക് പോകാതെ പിടിച്ചുകെട്ടുകയായിരുന്നു.വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഡല്‍ഹി ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ പ്രിഥ്വിഷായ്ക്ക് പകരം ഓപ്പണറായെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്രര്‍ ഫില്‍ സാള്‍ട്ടിനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. ക്ലാസ്സനാണ് ക്യാച്ചെടുത്തത്. ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കാഡും ഈ വിക്കറ്റിലൂടെ ഭുവനേശ്വര്‍ സ്വന്തമാക്കി. സാള്‍ട്ടിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ ഭുവനേശ്വര്‍ നേടുന്ന 23-ാമത്തെ വിക്കറ്റായിരുന്നു.

65/5 എന്ന നിലയിലായിരുന്ന ഡല്‍ഹിയെ 34 റണ്‍സ് വീതം നേടിയ മനീഷ് പാണ്ഡെയും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് 100 കടത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും 59 പന്തില്‍ നേടിയ 69 റണ്‍സാണ് ഡല്‍ഹി ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. മിച്ചല്‍ മാര്‍ഷ് (15 പന്തില്‍ 25), ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

സൂപ്പര്‍ കപ്പ് രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 3-1ന് തോല്‍പ്പിച്ച് ഒഡീഷ എഫ്സി തങ്ങളുടെ ആദ്യ സൂപ്പര്‍ കപ്പ് ഫൈനലില്‍ എത്തി. നന്ദ കുമാറിന്റെ ഇരട്ട സ്ട്രൈക്കും ഡീഗോ മൗറീഷ്യോയുടെ ഒരു ഗോളും മാത്രം മതിയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ മികച്ച ഗോളി, കൊളംബിയന്‍ സ്ട്രൈക്കര്‍ വില്‍മര്‍ ജോര്‍ദാന്‍ എന്നിവരുടെ ഗോളില്‍ ഒഡീഷ പരാജയപ്പെട്ടെങ്കിലും.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ സീസണിലെ മൂന്നാം ഫൈനലില്‍ കടന്ന ബംഗളൂരു എഫ്സിയാണ് ഒഡീഷ എഫ്സിയുടെ എതിരാളികള്‍. വെള്ളിയാഴ്ച ഒഡീഷയും നോര്‍ത്ത് ഈസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ സീസണിലെ അവരുടെ മൂന്നാമത്തെ മത്സരമായിരുന്നു. ഒഡീഷ എഫ്സി നേരത്തെ രണ്ട് തവണയും വിജയിക്കുകയും തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തെത്താന്‍ വേണ്ടത്ര നന്നായി കളിക്കുകയും ചെയ്തു. എന്നാല്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നേരത്തെ വാഗ്ദാനം നല്‍കുകയും രണ്ടാം മിനിറ്റില്‍ തന്നെ വലത് നിന്ന് വിംഗര്‍ റോച്ചാര്‍സെല ജോര്‍ദാന്‍ ബോക്‌സില്‍ പന്ത് ക്രോസ് ചെയ്ത് അമരീന്ദര്‍ സിങ്ങിനെ ഒഡീഷ എഫ്സി ബാറിന് കീഴില്‍ വിട്ട് മറുപടി നല്‍കാന്‍ സമയമില്ലാതെ സ്ലാം ചെയ്യുകയും ചെയ്തു.

പിന്നീട് തിരിച്ചുവരാനും സമനില ഗോള്‍ കണ്ടെത്താനും ഒഡീഷ അധികം സമയം എടുത്തില്ല. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ റോഡ്രിഗസ് റൊമേറോ വലത് പാര്‍ശ്വത്തിലൂടെ ജെറി മാവിഹ്മിംഗ്താംഗയ്ക്ക് സമയബന്ധിതമായ ത്രൂ പാസ് നല്‍കി. സമനില ഗോള്‍ നേടുന്നതിനായി നോര്‍ത്ത് ഈസ്റ്റ് ഒഡീഷയുടെ ഗോളില്‍ മുട്ടിക്കൊണ്ടിരുന്നെങ്കിലും അവരുടെ അവസരങ്ങള്‍ ഗോളാക്കാനായില്ല. മറുവശത്ത്, ബ്രസീലിയന്‍ ഫോര്‍വേഡ് ഡീഗോ മൗറീഷ്യോ മുഴുവന്‍ സമയ വിസിലിന് മുമ്ബ് ലീഡ് വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്ഥിരതയാര്‍ന്ന സ്‌കോറര്‍ ആയിരുന്ന ഫോര്‍വേഡ്, മിര്‍ഷാദിന്റെ കൈകള്‍ കീഴടക്കി താഴെയുള്ള കോര്‍ണറിലേക്ക് ഒരു ലോ ഷോട്ടിലൂടെ 3-1 ന് സ്‌കോര്‍ ചെയ്തു.

ബംഗളുരു: ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് ഏഴ് റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 182/6 എന്ന സ്‌കോറിലേ എത്താനായുള്ളൂ.

ടോസ് നേടിയ സഞ്ജു ആര്‍.സി.ബിയെ ബാറ്റിംഗിനിറക്കുകയായിരുന്നു. കഴിഞ്ഞ കളിയിലേതുപോലെ വിരാട് കൊഹ്ലി ആര്‍.സി.ബിയെ നയിക്കുകയും ഡുപ്‌ളെസി ഇംപാക്ട് പ്‌ളേയറായി ഇറങ്ങുകയുമായിരുന്നു. ഇരുവരും ചേര്‍ന്നാണ് ഓപ്പണിംഗിനെത്തിയത്. എന്നാല്‍, വിരാടിന് റണ്ണെടുക്കുംമുന്നേ മടങ്ങേണ്ടിവന്നു. മത്സരത്തിലെ ആദ്യ പന്തില്‍ ട്രെന്റ് ബൗള്‍ട്ട് വിരാടിനെ എല്‍.ബിയില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ ഷഹ്ബാസ് അഹമ്മദിനെ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ബൗള്‍ട്ട് ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ചതോടെ ആര്‍.സി.ബി 12/2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ഡുപ്‌ളെസിയും(62) മാക്‌സ്വെല്ലും (77) ക്രീസിലൊരുമിച്ചതോടെയാണ് കളിമാറിയത്. 127 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്. 14-ാം ഓവര്‍ വരെ ക്രീസില്‍ നില്‍ക്കുകയും ചെയ്തു. 31 പന്തുകളില്‍ എട്ടുഫോറും രണ്ട് സിക്‌സുമടിച്ച ഡുപ്‌ളെസിയെ ജയ്‌സ്വാള്‍ റണ്‍ഔട്ടാക്കുകയായിരുന്നു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അശ്വിന്‍ മാക്‌സവെല്ലിനെയും കൂടാരം കയറ്റി. 44 പന്തുകള്‍ നേരിട്ട മാക്‌സ്വെല്‍ ആറു ഫോറും നാലു സിക്‌സും പറത്തിയിരുന്നു. തുടര്‍ന്ന് ലോമോര്‍(8),ദിനേഷ് കാര്‍ത്തിക് (16),സുയാഷ് (0),ഹസരംഗ(6),വിജയകുമാര്‍ വിശാഖ് (0) തുടങ്ങിയവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടമായി.

മറുപടിക്കിറങ്ങിയ റോയല്‍സിന് ആദ്യ ഓവറില്‍ ബട്ട്ലറെ നഷ്ടമായി. സിറാജ് കുറ്റിതെറുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യശ്വസിയും (47) ദേവ്ദത്തും (55) പൊരുതിയെങ്കിലും 12-ാം ഓവറില്‍ 99റണ്‍സില്‍ വച്ച് ദേവ്ദത്ത് വീണു. തുടര്‍ന്നിറങ്ങിയ സഞ്ജു 22 റണ്‍സുമായി പൊരുതിയെങ്കിലും യശ്വസിക്ക് പിന്നാലെ പുറത്തായി. ഷിമ്രോണ്‍ ഹെറ്റ്‌മേയറുടെ (3)പുറത്താകലാണ് വലിയ ആഘാതമായത്. തുടര്‍ന്ന് ധ്രുവ് ജുവല്‍ (34) റണ്‍സുമായി പൊരുതി നോക്കിയെങ്കിലും അശ്വിന്‍(12) അവസാനഓവറില്‍ മടങ്ങിയത് തിരിച്ചടിയായി.

കൊല്‍ക്കത്ത: ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വമ്ബന്‍ ജയം. നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എന്ന സ്‌കോറാണ് ചെന്നൈ ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 186/8 എന്ന സ്‌കോറിലേ എത്താനായുള്ളൂ.

അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ അജിങ്ക്യ രഹാനെ (71 നോട്ടൗട്ട്),ഡെവോണ്‍ കോണ്‍വേ(56),ശിവം ദുബെ (50) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെ മികവിലാണ് ചെന്നൈ വമ്ബന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ റിതുരാജ് ഗെയ്ക്ക്വാദ് 35 റണ്‍സടിച്ചു. 29 പന്തുകളില്‍ ആറു ഫോറും അഞ്ചു സിക്‌സും പറത്തിയ രഹാനെയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണവീര്യം കാട്ടിയത്. കോണ്‍വേ 40 പന്തുകളില്‍ നാലുഫോറും മൂന്ന് സിക്‌സും പായിച്ചപ്പോള്‍ ശിവം ദുബെ 21 പന്തുകളില്‍ രണ്ട് ഫോറും അഞ്ചുസിക്‌സുമാണടിച്ചത്. വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 49 റണ്‍സും കുല്‍വന്ത് മൂന്നോവറില്‍ 44 റണ്‍സും വഴങ്ങി.

കൊല്‍ക്കത്താ നിരയില്‍ ജാസണ്‍ റോയ്യും (61)റിങ്കു സിംഗും (53) മാത്രമാണ് പൊരുതിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡേയും മഹീഷ് തീഷ്ണയും ചേര്‍ന്നാണ് കൊല്‍ക്കത്തയെ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

മുംബൈ: പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് പരാജയം. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 214 റണ്‍സ് എടുത്തപ്പോള്‍ 201 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.

അഞ്ചാം വിക്കറ്റില്‍ ആളിക്കത്തിയ സാം കറന്‍-ഹര്‍പ്രീത് സിംഗ് ഭാട്ടിയ സഖ്യം പഞ്ചാബിന് മികച്ച സ്‌കോര്‍ ഒരുക്കി. അവസാന ആറ് ഓവറില്‍ 109 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. അവസാന ഓവറില്‍ 16 റണ്‍സ് വഴങ്ങാതെ പ്രതിരോധിച്ച അര്‍ഷദീപ് സിംഗ് പഞ്ചാബിന് മുതല്‍ക്കൂട്ടായി. നാല് ഓവറില്‍ 29 റണ്‍സിനാണ് അര്‍ഷദീപ് നാല് വിക്കറ്റ് എറിഞ്ഞെടുത്തത് മൂന്നാമത്തെ ബോളില്‍ തിലകിനെയും നാലാമത്തെ ബോളില്‍ വദേരയെയും അര്‍ഷ്ദീപ് ബൗള്‍ഡാക്കി. വെറും രണ്ട് സ്‌കോറാണ് മുംബൈയ്ക്ക് ഈ ഓവറില്‍ ലഭിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ കാമറൂണ്‍ ഗ്രീന്‍ ആണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 27 പന്തില്‍ മൂന്ന് സിക്സും നാല് ഫോറുമടക്കം 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കും മുംബൈയെ കരയ്ക്കെത്തിക്കാനായില്ല. കരിയറിലെ മൂന്നാമത്തെ ഐപിഎല്ലില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ പരിചയക്കുറവും മുംബൈയ്ക്ക് വിനയായി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം പതിപ്പിന്റെ പ്ലേ ഓഫുകളുടെയും ഫൈനലിന്റെയും വേദിയും ഷെഡ്യൂള്‍ വിശദാംശങ്ങളും പ്രഖ്യാപിച്ച് ബിസിസിഐ.

യഥാക്രമം മെയ് 23, മെയ് 24 തീയതികളില്‍ നടക്കാനിരിക്കുന്ന ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ക്വാളിഫയര്‍ 2ന് (മെയ് 26) ആതിഥേയത്വം വഹിക്കും. മെയ് 28 ന് ഏറ്റവും പ്രധാനപ്പെട്ട ഫൈനല്‍.

തുടര്‍ച്ചയായ രണ്ടാം തവണയാണ് അഹമ്മദാബാദ് നഗരം വലിയ ഫൈനല്‍ സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ 2022 പതിപ്പില്‍, രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ കളിച്ചു, അതില്‍ ആതിഥേയര്‍ ഏഴ് വിക്കറ്റിന് ജയിച്ചു. 2023-ല്‍, മത്സരത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി ട്രോഫി നേടുന്ന മൂന്നാമത്തെ ടീമായി ആ നേട്ടം ആവര്‍ത്തിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കും.

ലക്‌നൗ: ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ 7 റണ്‍സിന്റെ ജയവുമായി നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 6 വിക്കറ്ര് നഷ്ടപ്പെടുത്തിയാണ് 135 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ ലക്‌നൗവിനെ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ തളച്ച ഗുജറാത്ത് അവരെ 20 ഓവറില്‍ 128/7ല്‍ ഒതുക്കുകയായിരുന്നു.

അവസാന ഓവറില്‍ ലക്‌നൗവിന് ജയിക്കാന്‍ 6 പന്തില്‍ 12 റണ്‍സാണ് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തില്‍ ലക്‌നൗ ക്യാപ്ടന്‍ കെ.എല്‍ രാഹുല്‍ (61 പന്തില്‍ 68) 2 റണ്‍സ് നേടി. എന്നാല്‍, അടുത്ത പന്തില്‍ രാഹുലിനെ മോഹിത് ജയന്ത് യാദവിന്റെ കൈയില്‍ ഒതുക്കി. അടുത്ത പന്തില്‍ മാര്‍ക്കസ് സ്റ്റോയിണിസിനെ സൂപ്പര്‍ ക്യാച്ചിലൂടെ ഡേവിഡ് മില്ലര്‍ ഡഗൗട്ടിലേക്ക് വഴികാട്ടി. മോഹിതിന് ഹാട്രിക്ക് ചാന്‍സ്. നാലാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ആയുഷ് ബധോനി (8) റണ്ണൗട്ടായി. അടുത്ത പന്തില്‍ ദീപക് ഹൂഡയും (2) റണ്ണൗട്ടിയതോടെ അവസാന പന്തില്‍ ജയിക്കാന്‍ 8 റണ്‍സ് വേണമായിരുന്നു. പന്ത് ഫേസ് ചെയ്ത ബഷ്‌ണോയിയെ ബീറ്റണാക്കി മോഹിത് ഗുജറാത്തിന്റെ ജയമുറപ്പിച്ച്. ഡെത്ത് ഓവറുകളില്‍ ഗുജറാത്ത് ബൗളര്‍മാരുടെ കണിശതയ്ക്ക് മുന്നില്‍കുടുങ്ങിപ്പോയ ലക്‌നൗവിന് 13- ാം ഓവറിന് ശേഷം ഒരു പന്തുപോലും അതിര്‍ത്തി കടത്താനായില്ല. ഗുജറാത്തിനായി മോഹിത് ശര്‍മ്മയും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രാഹുലിനെക്കൂടാതെ കെയ്ല്‍ മേയേഴ്‌സ് (24),ക്രുനാല്‍ പാണ്ഡ്യ (23)എന്നിവര്‍ക്കു മാത്രമാണ് ലക്‌നൗ ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. നേരത്തേ ക്യാപ്ടന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ (50പന്തില്‍ 66), വൃദ്ധിമാന്‍ സാഹ (37 പന്തില്‍ 47) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് 135 റണ്‍സെടുത്തത്. ലക്‌നൗവിനായി ക്രുനാലും സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.