കൊല്‍ക്കത്ത: ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വമ്ബന്‍ ജയം. നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എന്ന സ്‌കോറാണ് ചെന്നൈ ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 186/8 എന്ന സ്‌കോറിലേ എത്താനായുള്ളൂ.
അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ അജിങ്ക്യ രഹാനെ (71 നോട്ടൗട്ട്),ഡെവോണ്‍ കോണ്‍വേ(56),ശിവം ദുബെ (50) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെ മികവിലാണ് ചെന്നൈ വമ്ബന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ റിതുരാജ് ഗെയ്ക്ക്വാദ് 35 റണ്‍സടിച്ചു. 29 പന്തുകളില്‍ ആറു ഫോറും അഞ്ചു സിക്‌സും പറത്തിയ രഹാനെയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണവീര്യം കാട്ടിയത്. കോണ്‍വേ 40 പന്തുകളില്‍ നാലുഫോറും മൂന്ന് സിക്‌സും പായിച്ചപ്പോള്‍ ശിവം ദുബെ 21 പന്തുകളില്‍ രണ്ട് ഫോറും അഞ്ചുസിക്‌സുമാണടിച്ചത്. വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 49 റണ്‍സും കുല്‍വന്ത് മൂന്നോവറില്‍ 44 റണ്‍സും വഴങ്ങി.
കൊല്‍ക്കത്താ നിരയില്‍ ജാസണ്‍ റോയ്യും (61)റിങ്കു സിംഗും (53) മാത്രമാണ് പൊരുതിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡേയും മഹീഷ് തീഷ്ണയും ചേര്‍ന്നാണ് കൊല്‍ക്കത്തയെ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

