സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്നലെ അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഡല്‍ഹി 7 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഈ സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയും. 34 റണ്‍സ് നേടുകയും 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അക്ഷര്‍ പട്ടേലാണ് കളിയിലെ താരം. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ക്രീസിലുണ്ടായിരുന്ന വാഷിംഗ്ടണ്‍ സുന്ദറിനും (24), മാര്‍ക്കോ യാന്‍സണും (2) നേടാനായത് അഞ്ച് റണ്‍സ് മാത്രമാണ്. 49 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസ്സനും (19 പന്തില്‍ 31) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഡല്‍ഹിക്കായി അക്ഷറിനെക്കൂടാതെ നോര്‍ക്യയും രണ്ട് വിക്കറ്റ് വീഴ്ത്തി. കൃത്യതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ബാറ്റര്‍മാരെ വമ്ബന്‍ സ്‌കോറിലേക്ക് പോകാതെ പിടിച്ചുകെട്ടുകയായിരുന്നു.വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഡല്‍ഹി ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ പ്രിഥ്വിഷായ്ക്ക് പകരം ഓപ്പണറായെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്രര്‍ ഫില്‍ സാള്‍ട്ടിനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. ക്ലാസ്സനാണ് ക്യാച്ചെടുത്തത്. ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കാഡും ഈ വിക്കറ്റിലൂടെ ഭുവനേശ്വര്‍ സ്വന്തമാക്കി. സാള്‍ട്ടിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ ഭുവനേശ്വര്‍ നേടുന്ന 23-ാമത്തെ വിക്കറ്റായിരുന്നു.

65/5 എന്ന നിലയിലായിരുന്ന ഡല്‍ഹിയെ 34 റണ്‍സ് വീതം നേടിയ മനീഷ് പാണ്ഡെയും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് 100 കടത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും 59 പന്തില്‍ നേടിയ 69 റണ്‍സാണ് ഡല്‍ഹി ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. മിച്ചല്‍ മാര്‍ഷ് (15 പന്തില്‍ 25), ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.