Sports (Page 37)

പാരിസ്: ലയണല്‍ മെസ്സിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം താരം നേടുന്നത്.

ഫ്രാന്‍സ് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്നലെ പാരിസില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. ഹോളിവുഡ് സിനിമ മേഖലയിലുള്ളവരും കായിക രംഗത്തുള്ളവരും സന്നിഹിതാരായിരുന്നു.

റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മൈക്കല്‍ ഷൂമാക്കര്‍, ഉസൈന്‍ ബോള്‍ട്ട് എന്നിവരെല്ലാം നേരത്തെ ഈ ബഹുമതി നേടിയിട്ടുണ്ട്.

ഇന്നലത്തെ രണ്ടാം ഐ.പി.എല്‍ മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് നാലുവിക്കറ്റിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മത്സരത്തിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടത്. ക്രീസിലുണ്ടായിരുന്ന അബ്ദുല്‍ സമദ് ആദ്യ പന്തില്‍ ഡബിളും പിന്നെ സിക്‌സും തുടര്‍ന്ന് വീണ്ടുമൊരു ഡബിളും സിംഗിളുമടിച്ചു. അഞ്ചാം പന്തില്‍ മാര്‍ക്കോ ജാന്‍സെന്‍ സിംഗിളെടുത്തപ്പോഴാണ് സമദിന് ഒരു പന്തില്‍ അഞ്ചുറണ്‍സ് വേണ്ടിവന്നത്.സന്ദീപ് ശര്‍മ്മയെറിഞ്ഞ പന്ത് സമദ് ഉയര്‍ത്തിയടിച്ചത് ലോംഗ്ഓഫില്‍ ഫീല്‍ഡറുടെ കയ്യിലെത്തിയെങ്കിലും നോബാളിന്റെ കാഹളം മുഴങ്ങുകയും റീബാളിലെ സിക്‌സിലൂടെ കഥ മാറുകയുമായിരുന്നു. കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് സടകുടഞ്ഞെണീറ്റ സഞ്ജു സാംസണും സംഘവും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. 59 പന്തുകളില്‍ 10 ഫോറും നാലുസിക്‌സുമടക്കം 95റണ്‍സടിച്ച ജോസ് ബട്ട്ലര്‍,38 പന്തുകളില്‍ നാലുഫോറും അഞ്ചുസിക്‌സുമടക്കം 66 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ,18 പന്തില്‍ 35 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ ചേര്‍ന്നാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.

ഓപ്പണിംഗില്‍ ബട്ട്ലറും യശ്വസിയും ചേര്‍ന്ന് അഞ്ചോവറില്‍ 54 റണ്‍സടിച്ചുകൂട്ടി.രണ്ടാം വിക്കറ്റില്‍ ബട്ട്ലറും സഞ്ജുവും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ ബട്ട്ലറെ ഭുവനേശ്വര്‍ കുമാര്‍ എല്‍.ബിയില്‍ കുരുക്കി മടക്കുകയായിരുന്നു. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് നിരയില്‍ ഓപ്പണര്‍മാരായ അന്‍മോല്‍പ്രീത് (33), അഭിഷേക് ശര്‍മ്മ (55),ഫസ്റ്റ് ഡൗണ്‍ രാഹുല്‍ ത്രിപാതി (47),നാലാമനായിറങ്ങിയ ഹെന്റിച്ച് ക്‌ളാസന്‍ (26),ആറാമനായിറങ്ങിയ ഗ്‌ളെന്‍ ഫിലിപ്പ്‌സ് (25) എന്നിവരുടെ പോരാട്ടമാണ് അവസാന ഓവറില്‍ 17 റണ്‍സടിക്കാന്‍ അബ്ദുല്‍ സമദിനെ പ്രാപ്തനാക്കിയത്.

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് വേദിയാകാന്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു. ബിസിസിഐ പുറത്തിറക്കിയ ലോകകപ്പ് ചുരുക്കപ്പട്ടികയിലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇടപ്പിടിച്ചിരിക്കുന്നത്.

അഹമ്മദാബാദ്, നാഗ്പുര്‍, ബെംഗളൂരു, മുംബൈ, ഡല്‍ഹി, ലക്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്‌കോട്ട്, ഇന്‍ഡോര്‍, ധര്‍മ്മശാല, ചെന്നൈ എന്നീ വേദികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഏകദിന മത്സരങ്ങള്‍ക്ക് പുറമേ പരിശീലന മത്സരങ്ങളും ഇവിടെ നടക്കും. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതില്‍ ഏഴു വേദികളില്‍ മാത്രമായിരിക്കും ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ നടക്കുക. ഐപിഎല്‍ സീസണ്‍ അവസാനിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

ബാംഗ്ലൂര്‍: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 7 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി.

മറുപടിക്കിറങ്ങിയ ഡല്‍ഹി 20 പന്ത് ബാക്കി നില്‍ക്കെ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (187/3). 45 പന്തില്‍ 8 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്. റൂസോ ( പുറത്താകാതെ 22 പന്തില്‍ 35), ഡേവിഡ് വാര്‍ണര്‍ (22), മിച്ചല്‍ മാര്‍ഷ് (26), എന്നിവരും തിളങ്ങി.

നേരത്തെ ഓപ്പണറായിറങ്ങി നങ്കൂരമിട്ട വിരാട് കൊഹ്‌ലിയുടേയും (46 പന്തില്‍ 55), അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മഹിപാല്‍ ലോംറോറിന്റെയും (29 പന്തില്‍ 54,6 ഫോര്‍. 3സിക്‌സ്) അര്‍ദ്ധ സെഞ്ച്വറികളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ ഫാഫ് ഡുപ്ലെസിസും (32 പന്തില്‍ 45) മികച്ച പ്രകടനം കാഴ്ചവച്ചു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ജയ്പുര്‍: ഗുജറാത്ത് ടൈറ്റാന്‍സിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ഒമ്ബതു വിക്കറ്റിനാണ് ടൈറ്റാന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയത്. ഇതോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്ക് വീണു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 17.5ഓവറില്‍ 118 റണ്‍സിന് ആള്‍ഔട്ടായപ്പോള്‍ വെറും 13.5 ഓവറില്‍ ഒരൊറ്റ വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റാന്‍സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനെയും നൂര്‍ അഹമ്മദുമാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞത്. റാഷിദ് മൂന്ന് വിക്കറ്റും നൂര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഷമി,ഹാര്‍ദിക് പാണ്ഡ്യ,ജോഷ് ലിറ്റില്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 30 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണിന് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ആദ്യപ്രഹരമേല്‍പ്പിച്ച് രണ്ടാം ഓവറില്‍തന്നെ ജോസ് ബട്ട്‌ലര്‍ (8) പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് സഞ്ജുവും യശ്വസിയും (14) ചേര്‍ന്ന് മുന്നോട്ടുനയിച്ചെങ്കിലും ആറാം ഓവറില്‍ യശ്വസി റണ്‍ഔട്ടായി. ഏഴാം ഓവറില്‍ സഞ്ജുവിനെ ജോഷ് ലിറ്റില്‍ ഹാര്‍ദിക്കിന്റെ കയ്യിലെത്തിച്ചു. തുടര്‍ന്ന് രാജസ്ഥാന്‍ വിക്കറ്റുകള്‍ തുരുതുരാ പൊഴിഞ്ഞു. സഞ്ജു പുറത്താവുമ്‌ബോള്‍ രാജസ്ഥാന്‍ 6.5 ഓവറില്‍ 60/3 എന്ന നിലയിലായിരുന്നു. അവിടെനി്ന്ന് 96 റണ്‍സിലെത്തുമ്‌ബോള്‍ എട്ടുവിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ രവി ചന്ദ്രന്‍ അശ്വിനെയും (2), റിയാന്‍ പരാഗിനെയും (4), ഷിമ്രോണ്‍ ഹെറ്റ്‌മേയറിനെയും (7) റാഷിദ് ഖാന്‍ പുറത്താക്കിയപ്പോള്‍ ദേവ്ദത്ത് പടിക്കലിനെയും (12), ധ്രുവ് ജുവലിനെയും (9) നൂര്‍ അഹമ്മദാണ് മടക്കി അയച്ചത്. 15 റണ്‍സെടുത്ത് നൂറുകടത്താന്‍ മുന്നില്‍ നിന്ന ബൗള്‍ട്ടിനെ ഷമിയാണ് പുറത്താക്കിയത്. ആദം സാംപ(7) 18-ാം ഓവറില്‍ റണ്‍ഔട്ടായതോടെയാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിന് കര്‍ട്ടന്‍ വീണത്. വൃദ്ധിമാന്‍ സാഹ(41),ശുഭ്മാന്‍ ഗില്‍(36),ഹാര്‍ദിക് പാണ്ഡ്യ (39) എന്നിവരാണ് ടൈറ്റാന്‍സിന്റെ വിജയവഴിയൊരുക്കിയത്.

ഹൈരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദിന് 166/8ലേ എത്താനായുള്ളൂ.

സ്വന്തം തട്ടകത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്കെതിരെ റിങ്കു സിംഗും (46), നിതീഷ് റാണയും (42) കാട്ടിയ പോരാട്ടവീര്യമാണ് കൊല്‍ക്കത്തയെ 171ലെത്തിച്ചത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും (0),വെങ്കിടേഷ് അയ്യരെയും (7) പുറത്താക്കി മാര്‍ക്കോ ജാന്‍സെന്‍ കൊല്‍ക്കത്തയെ വിരട്ടിയിരുന്നു. ഗുര്‍ബാസിനെ ബ്രൂക്ക് ക്യാച്ചെടുത്തപ്പോള്‍ വെങ്കിടേഷിന്റെ ക്യാച്ച് കീപ്പര്‍ ക്‌ളാസനെയായിരുന്നു. അഞ്ചാം ഓവറില്‍ കാര്‍ത്തിക് ത്യാഗി ജാസണ്‍ റോയ്യെക്കൂടി (20) പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത 35/3 എന്ന നിലയിലായി.

തുടര്‍ന്ന് നിതീഷ് റാണയും റിങ്കുവും ചേര്‍ന്ന് കൊല്‍ക്കത്തയെ കളിയിലേക്ക് തിരിച്ചെത്തിച്ചു.ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 31 പന്തുകളില്‍ മൂന്ന് വീതം ഫോറും സിക്‌സുമടിച്ച റാണയെ 12-ാം ഓവറില്‍ മാര്‍ക്രം സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒരറ്റത്ത് ആന്ദ്രേ റസല്‍(24),സുനില്‍ നരെയ്ന്‍(1), ശാര്‍ദ്ദൂല്‍ താക്കൂര്‍ (8) എന്നിവരെ പുറത്താക്കാന്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. അവസാന ഓവറിലാണ് റിങ്കുവും ഹര്‍ഷിതും പുറത്തായത്.

സണ്‍റൈസേഴ്‌സിനായി നടരാജനും ജാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍,കാര്‍ത്തിക് ത്യാഗി,എയ്ഡന്‍ മാര്‍ക്രം, മായാങ്ക് മാര്‍ഖണ്ഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് വേണ്ടി ക്യാപ്ടന്‍ എയ്ഡന്‍ മാര്‍ക്രം(41), ഹെന്റിച്ച് ക്‌ളാസന്‍ (36),അബ്ദുല്‍ സമദ് (21) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞത് കളി കൊല്‍ക്കത്തയുടെ കയ്യിലെത്തിച്ചു.

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഈ സീസണോടെ പി.എസ്.ജി വിടുമെന്ന് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു. ലിയോയുടെ പിതാവ് ഇക്കാര്യം ക്ലബ്ബ് അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടര്‍ന്ന് താരത്തിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതോടെ താരവും ക്ലബ്ബും തമ്മിലുള്ള ബന്ധം വഷളായെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ അടുത്ത തട്ടകം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍. താരം തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചെത്തും എന്ന തരത്തില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തെ രണ്ടാഴ്ചത്തേക്കാണ് പി.എസ്.ജി സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലയളവില്‍ മെസ്സിക്ക് ക്ലബ്ബിന് കീഴില്‍ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല. ഈ സമയത്തെ ശമ്ബളവും ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സസ്പെന്‍ഷനോടെ ട്രോയിസും അജാക്കിയോയുമായുള്ള ലീഗ് വണ്‍ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.

മൊഹാലി: പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒരോവര്‍ ബാക്കി നില്‍ക്കേ മറികടന്നു. ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സ് എടുത്തപ്പോള്‍ സൂര്യ 31 പന്തില്‍ 66 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്നാണ് മുംബൈയെ വിജയതീരമണച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തേക്ക് കയറി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങിയെങ്കിലും പിന്നീടെത്തിയ ബാറ്റര്‍മാരെല്ലാം മുംബൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാമറൂണ്‍ ഗ്രീന്‍ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഇഷാന്‍ സൂര്യ ജോഡി നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അര്‍ഷദീപ് സിങ് അടക്കം പഞ്ചാബ് നിരയിലെ പേര് കേട്ട ബൌളര്‍മാരൊക്കെ മുംബൈ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. നാലോവറില്‍ അര്‍ഷദീപ് സിങ് 66 റണ്‍സാണ് വിട്ട് നല്‍കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും തിലക് വര്‍മയും ചേര്‍ന്ന് മുംബൈ വിജയം രാജകീയമാക്കി.

നേരത്തേ അര്‍ധ സെഞ്ച്വറി നേടി ലിയാം ലിവിങ്സ്റ്റണിന്റെ പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് കിങ്സ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 214 റണ്‍സെടുത്തു. ലിയാം ലിവിങ്സ്റ്റണ്‍ വെറും 42 പന്തില്‍ നാല് സിക്സിന്റേയും ഏഴ് ഫോറുകളുടേയും അകമ്ബടിയില്‍ 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അഞ്ചാമനായിറങ്ങിയ ജിതേഷ് ശര്‍മ ലിവിങ്സ്റ്റണ് മികച്ച് പിന്തുണയാണ് നല്‍കിയത്. ജിതേഷ് 49 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നേരത്തേ ടോസ് നേടിയ മുംബൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്സിംറാന്‍ സിങ്ങിനെ അര്‍ഷദ് ഖാന്‍ കൂടാരം കയറ്റി. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന ശിഖര്‍ ധവാനും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. ഏഴാം ഓവറില്‍ ധവാന്‍ ചൗളക്ക് വിക്കറ്റ് നല്‍കി മടങ്ങി. 11ാം ഓവറില്‍ ഷോര്‍ട്ടിനേയും ചൗള കൂടാരം കയറ്റി. പിന്നീട് ക്രീസിലൊന്നിച്ച ലിവിങ്സ്റ്റണും ജിതേഷ് ശര്‍മയും മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ സീസണില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിലാണ് പഞ്ചാബ് സ്‌കോര്‍ 200 കടക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് റെക്കോര്‍ഡാണ്.

ഡല്‍ഹി: ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന കായിക താരങ്ങളെ സന്ദര്‍ശിച്ച് ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ. അതിനിടെ, സമരക്കാരെ സന്ദര്‍ശിക്കാന്‍ എന്ത് കൊണ്ട് വൈകിയെന്ന് ചോദിച്ച് താരങ്ങളെ കണ്ട് മടങ്ങവെ ഉഷയെ സമരാനുകൂലി തടഞ്ഞു.

നേരത്തെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ പി.ടി അധ്യക്ഷ രംഗത്തെത്തിയിരുന്നു. തെരുവില്‍ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി തുറന്നു. ഒളിമ്ബിക്സ് അധ്യക്ഷയില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകല്‍ സമരം പതിനൊന്നാം ദിവസവും പുരോഗമിക്കുകയാണ്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ അഞ്ചുറണ്‍സിന് ഗുജറാത്ത് ടൈറ്റാന്‍സിനെ കീഴടക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 130/8 എന്ന സ്‌കോറേ ഉയര്‍ത്താനായുള്ളൂ ഏതെങ്കിലും നിലവിലെ ചാമ്ബ്യന്മാരായ ടൈറ്റാന്‍സിനെ 125/6ല്‍ ഒതുക്കി നിറുത്തിയ ഡേവിഡ് വാര്‍ണറും സംഘവും സീസണിലെ മൂന്നാം ജയമാണ് സ്വന്തമാക്കിയത്. എങ്കിലും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്നൊരു മാറ്റത്തിന് ക്യാപ്പില്‍സിന് കഴിഞ്ഞില്ല.

നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ തീപാറുന്ന ബൗളിംഗിന് മുന്നിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ബാറ്റിംഗ് നിര പകച്ചുപോയത്. ആദ്യ പന്തില്‍ത്തന്നെ ഫില്‍ സാള്‍ട്ടിനെ(0) മില്ലറുടെ കയ്യിലെത്തിച്ച് ഷമി പ്രഹരത്തിന് തുടക്കമിട്ടു. രണ്ടാം ഓവറില്‍ റാഷിദ് ഖാന്‍ വാര്‍ണറെ (2) റണ്‍ഔട്ടാക്കി. മൂന്നാം ഓവറില്‍ ഷമി റിലീ റൂസോയെ (8) കീപ്പര്‍ സാഹയുടെ കയ്യിലെത്തിച്ചു. ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ മനീഷ് പാണ്ഡേയെയും (1), പ്രിയം ഗാര്‍ഗിനെയും (10) കൂടി മനോഹരമായ ക്യാച്ചുകളിലൂടെ സാഹ മടക്കി അയച്ചപ്പോള്‍ ഡല്‍ഹി 23/5 എന്ന നിലയിലായി. തുടര്‍ന്ന് ക്രീസിലൊരുമിച്ച അക്ഷര്‍ പട്ടേലും (27), അമന്‍ ഹക്കിം ഖാനും (51) ചേര്‍ന്ന് 73വരെയെത്തിച്ചു. അക്ഷര്‍ പുറത്തായശേഷം റിപാല്‍ പട്ടേല്‍(23) ടീമിനെ 100 കടത്താന്‍ അമനൊപ്പം നിന്നു. തന്റെ കന്നി ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറിയാണ് അമന്‍ നേടിയത്. 44 പന്തുകള്‍ നേരിട്ട അമന്‍ മൂന്ന് വീതം ഫോറും സിക്‌സും പായിച്ചു.

മറുപടിക്കിറങ്ങിയ ടൈറ്റാന്‍സിന് സാഹ(0),ഗില്‍(6),വിജയ് ശങ്കര്‍ (6), ഡേവിഡ് മില്ലര്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായശേഷം ഹാര്‍ദിക് പാണ്ഡ്യയും (59), അഭിനവ് മനോഹറും (26), രാഹുല്‍ തെവാത്തിയയും (20) പൊരുതിനോക്കിയെങ്കിലും ഡല്‍ഹിയുടെ സ്‌കോര്‍ മറികടക്കാന്‍ ടൈറ്റാന്‍സിന് കഴിഞ്ഞില്ല.