ഗുജറാത്തിന് മുന്നില്‍ രാജസ്ഥാന് തോല്‍വി

ജയ്പുര്‍: ഗുജറാത്ത് ടൈറ്റാന്‍സിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ഒമ്ബതു വിക്കറ്റിനാണ് ടൈറ്റാന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയത്. ഇതോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്ക് വീണു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 17.5ഓവറില്‍ 118 റണ്‍സിന് ആള്‍ഔട്ടായപ്പോള്‍ വെറും 13.5 ഓവറില്‍ ഒരൊറ്റ വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റാന്‍സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനെയും നൂര്‍ അഹമ്മദുമാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞത്. റാഷിദ് മൂന്ന് വിക്കറ്റും നൂര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഷമി,ഹാര്‍ദിക് പാണ്ഡ്യ,ജോഷ് ലിറ്റില്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 30 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണിന് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ആദ്യപ്രഹരമേല്‍പ്പിച്ച് രണ്ടാം ഓവറില്‍തന്നെ ജോസ് ബട്ട്‌ലര്‍ (8) പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് സഞ്ജുവും യശ്വസിയും (14) ചേര്‍ന്ന് മുന്നോട്ടുനയിച്ചെങ്കിലും ആറാം ഓവറില്‍ യശ്വസി റണ്‍ഔട്ടായി. ഏഴാം ഓവറില്‍ സഞ്ജുവിനെ ജോഷ് ലിറ്റില്‍ ഹാര്‍ദിക്കിന്റെ കയ്യിലെത്തിച്ചു. തുടര്‍ന്ന് രാജസ്ഥാന്‍ വിക്കറ്റുകള്‍ തുരുതുരാ പൊഴിഞ്ഞു. സഞ്ജു പുറത്താവുമ്‌ബോള്‍ രാജസ്ഥാന്‍ 6.5 ഓവറില്‍ 60/3 എന്ന നിലയിലായിരുന്നു. അവിടെനി്ന്ന് 96 റണ്‍സിലെത്തുമ്‌ബോള്‍ എട്ടുവിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ രവി ചന്ദ്രന്‍ അശ്വിനെയും (2), റിയാന്‍ പരാഗിനെയും (4), ഷിമ്രോണ്‍ ഹെറ്റ്‌മേയറിനെയും (7) റാഷിദ് ഖാന്‍ പുറത്താക്കിയപ്പോള്‍ ദേവ്ദത്ത് പടിക്കലിനെയും (12), ധ്രുവ് ജുവലിനെയും (9) നൂര്‍ അഹമ്മദാണ് മടക്കി അയച്ചത്. 15 റണ്‍സെടുത്ത് നൂറുകടത്താന്‍ മുന്നില്‍ നിന്ന ബൗള്‍ട്ടിനെ ഷമിയാണ് പുറത്താക്കിയത്. ആദം സാംപ(7) 18-ാം ഓവറില്‍ റണ്‍ഔട്ടായതോടെയാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിന് കര്‍ട്ടന്‍ വീണത്. വൃദ്ധിമാന്‍ സാഹ(41),ശുഭ്മാന്‍ ഗില്‍(36),ഹാര്‍ദിക് പാണ്ഡ്യ (39) എന്നിവരാണ് ടൈറ്റാന്‍സിന്റെ വിജയവഴിയൊരുക്കിയത്.