സമരം ചെയ്യുന്ന കായിക താരങ്ങളെ സന്ദര്‍ശിച്ച് പി.ടി ഉഷ

ഡല്‍ഹി: ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന കായിക താരങ്ങളെ സന്ദര്‍ശിച്ച് ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ. അതിനിടെ, സമരക്കാരെ സന്ദര്‍ശിക്കാന്‍ എന്ത് കൊണ്ട് വൈകിയെന്ന് ചോദിച്ച് താരങ്ങളെ കണ്ട് മടങ്ങവെ ഉഷയെ സമരാനുകൂലി തടഞ്ഞു.

നേരത്തെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ പി.ടി അധ്യക്ഷ രംഗത്തെത്തിയിരുന്നു. തെരുവില്‍ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി തുറന്നു. ഒളിമ്ബിക്സ് അധ്യക്ഷയില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകല്‍ സമരം പതിനൊന്നാം ദിവസവും പുരോഗമിക്കുകയാണ്.